വിവാദവാതിൽ തുറന്ന് യുജിസി മാർഗരേഖ

Mail This Article
കോളജുകളിലെയും സർവകലാശാലകളിലെയും അക്കാദമിക നിലവാരം, അധ്യാപക, വൈസ് ചാൻസലർ നിയമനം തുടങ്ങിയവ സംബന്ധിച്ച പുതുക്കിയ ചട്ടങ്ങൾ ഉൾപ്പെടുത്തി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) പുറപ്പെടുവിച്ച കരടു വിജ്ഞാപനം ആശങ്കകളിലേക്കുകൂടി വാതിൽ തുറക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരമുയർത്താൻ അവകാശപ്പെട്ടുള്ളതാണ് പരിഷ്കാരങ്ങളെങ്കിലും വി.സി നിയമനങ്ങളിൽ ചാൻസലർക്കു കൂടുതൽ അധികാരം നൽകുന്നതടക്കമുള്ള മാറ്റങ്ങളിലൂടെ ഈ മേഖല പൂർണമായും കേന്ദ്ര സർക്കാർ കൈപ്പിടിയിലാക്കുമെന്നാണ് മുഖ്യ ആശങ്ക. ഭരണഘടനപ്രകാരം വിദ്യാഭ്യാസം കേന്ദ്ര– സംസ്ഥാന പൊതു പട്ടികയിലുള്ള വിഷയമായതിനാൽ യുജിസിയുടെ ഏകപക്ഷീയ നീക്കം അംഗീകരിക്കാനാവില്ലെന്ന് കേരള, തമിഴ്നാട്, കർണാടക സർക്കാരുകൾ ഉൾപ്പെടെ വ്യക്തമാക്കിക്കഴിഞ്ഞു. അധ്യാപകയോഗ്യതയിൽ വരുത്തുന്ന മാറ്റങ്ങളാകട്ടെ അക്കാദമിക യോഗ്യതകളുടെ പ്രാധാന്യം ഇല്ലാതാക്കുമെന്ന ആശങ്കയുയർത്തുന്നു. വ്യാപകമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള വ്യവസ്ഥകളാണു പുതിയ ചട്ടങ്ങളിൽ ഉള്ളതെന്ന് അധ്യാപകസംഘടനകൾ ആരോപിക്കുന്നുമുണ്ട്.
സർവകലാശാലാ വി.സി നിയമനങ്ങളിൽ ചാൻസലർക്കു കൂടുതൽ അധികാരം നൽകുന്ന ശുപാർശയാണ് ഏറ്റവും കടുത്ത വിവാദത്തിനു കാരണമായിരിക്കുന്നത്. വി.സി നിയമനത്തിനുള്ള സേർച് കമ്മിറ്റിയെ നിശ്ചയിക്കുക ചാൻസലർ ആയിരിക്കുമെന്നു കരടിൽ പറയുന്നു. കേരളത്തിലെ പ്രധാന സർവകലാശാലകളിലെല്ലാം ചാൻസലർ ഗവർണറായതിനാൽ ഫലത്തിൽ വി.സി നിയമനങ്ങളിൽ ഗവർണർക്കു കൂടുതൽ അധികാരങ്ങൾ ലഭിക്കും. 2018ലെ യുജിസി വിജ്ഞാപനത്തിൽ വി.സി നിയമനാധികാരം ആർക്കെന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല എന്നതു തർക്കത്തിനും കേസുകൾക്കും കാരണമായിരിക്കെയാണ് യുജിസിയുടെ പരിഷ്കാരം.
അധ്യാപന പശ്ചാത്തലമില്ലാത്തവർക്കും വൈസ് ചാൻസലറാകാമെന്ന വ്യവസ്ഥ അക്കാദമിക് താൽപര്യങ്ങൾ സംരക്ഷിക്കുന്നതല്ലെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. 10 വർഷം പ്രഫസറായി പരിചയമുള്ളവർക്കോ ശാസ്ത്ര ഗവേഷകർക്കോ ആയിരുന്നു വൈസ് ചാൻസലറാകാൻ മുൻപ് അവസരമുണ്ടായിരുന്നത്. ഗവർണർമാർ ഭരണപക്ഷ താൽപര്യങ്ങൾ സംരക്ഷിച്ചു വി.സി നിയമനം നടത്തിയാൽ അതു ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും രാജ്യത്തു സമീപഭാവിയിൽത്തന്നെ കേന്ദ്രസർക്കാരിന് അഭിമതരായ വി.സിമാർ മാത്രമെന്ന സ്ഥിതി ഉണ്ടായേക്കാമെന്നുമാണ് ഉയരുന്ന സംശയം.
വി.സി നിയമനം പൂർണമായും കേന്ദ്രത്തിന്റെ പിടിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു പുതിയ വ്യവസ്ഥകളെന്നാരോപിച്ച് തുടർനടപടികൾക്കൊരുങ്ങുകയാണ് കേരളവും തമിഴ്നാടും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പൂർണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതി ഒളിച്ചുകടത്തുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിക്കുന്നു. അക്കാദമിക പരിചയമില്ലാത്തവരെയും വി.സിയാക്കാമെന്ന നിർദേശം സംഘപരിവാർ ആജ്ഞാനുവർത്തികളെ എത്തിക്കാനുള്ള കുറുക്കുവഴിയാണെന്നും മുഖ്യമന്ത്രി പറയുന്നു.
യുജി, പിജി തലത്തിൽ പഠിക്കാത്ത വിഷയത്തിലും പിഎച്ച്ഡി എടുക്കാനും ‘നെറ്റ്’ ഉൾപ്പെടെയുള്ള അധ്യാപക യോഗ്യതാപരീക്ഷകൾ എഴുതാനും കഴിയുമെന്ന വ്യവസ്ഥയും വിവാദത്തിനു കാരണമായിട്ടുണ്ട്. നാലുവർഷ ബിരുദം കഴിഞ്ഞ് നേരിട്ടു ഗവേഷണത്തിനു പോകാനും കോളജ് അധ്യാപകരാകാനും സാധിക്കുമ്പോൾ എന്തിനാണ് ഒരാൾ ബിരുദാനന്തര ബിരുദത്തിനു പോകുന്നതെന്നാണു ചോദ്യം.
ബിരുദാനന്തര വിദ്യാഭ്യാസം അതോടെ അപ്രസക്തമാകുമെന്നും എംഫിലിനു പിന്നാലെ മറ്റൊരു പ്രോഗ്രാംകൂടി ഉന്നത വിദ്യാഭ്യാസമേഖലയിൽനിന്നു കാലക്രമേണ പടിയിറങ്ങുമെന്നും വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രാദേശികഭാഷകളിലെ കോഴ്സുകൾ അധ്യാപക നിയമനത്തിനുള്ള അധിക യോഗ്യതയായി പരിഗണിക്കാനുള്ള നിർദേശവും വിമർശിക്കപ്പെടുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് ഇത്തരത്തിലുള്ള പ്രാദേശികഭാഷാവൽക്കരണം അറിവിന്റെ രൂപീകരണത്തിനും വ്യാപനത്തിനും ഗുരുതര വെല്ലുവിളി ഉയർത്തുമെന്നാണു പരാതി.
പുതിയചട്ടങ്ങൾ പാലിക്കാത്ത സർവകലാശാലകളെ കോഴ്സുകൾ നടത്തുന്നതിൽനിന്നു വിലക്കുമെന്നാണു കരടിൽ പറയുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നാക്രമണമാണ് യുജിസി വിജ്ഞാപനമെന്നും ഉന്നതവിദ്യാഭ്യാസരംഗത്ത് അധികാര കേന്ദ്രീകരണത്തിന് ഇതു വഴിയൊരുക്കുമെന്നുമുള്ള ആരോപണം അതീവ ഗൗരവമുള്ളതാണ്. അതുകൊണ്ടുതന്നെ, കരടുചട്ടം പ്രായോഗികതലത്തിലേക്കു കടക്കുന്നതിനുമുൻപു വിവിധതലങ്ങളിൽ ആഴത്തിലും പരപ്പിലുമുള്ള ചർച്ചകൾ അനിവാര്യമാണ്. ഇതെച്ചൊല്ലിയുള്ള ന്യായമായ ആശങ്കകൾ ഉചിതമായി പരിഹരിക്കുകയും വേണം.