കരുതലിന്റെ കാൽനൂറ്റാണ്ട്

Mail This Article
താളം കണ്ടെത്തിയ ഹൃദയങ്ങളുടെ മിടിപ്പുകൾ ചേർത്തെഴുതിയൊരു കവിതയാണു ‘ഹൃദയപൂർവം’ പദ്ധതി. സഹജീവികളോടുള്ള മലയാള മനോരമ മുൻ ചീഫ് എഡിറ്റർ കെ.എം.മാത്യുവിന്റെ കരുതലാണു പുണ്യം നിറഞ്ഞ ഈ പദ്ധതിയുടെ മൂലധനം.
ഹൃദയശസ്ത്രക്രിയയ്ക്കു വിധേയരായി സുഖം പ്രാപിച്ച ഒട്ടേറെ കുട്ടികൾ മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ഇടനാഴികളിൽ ഓടിനടക്കുന്നത് 1999ൽ ഇവിടെ ചികിത്സയ്ക്കെത്തിയപ്പോൾ അദ്ദേഹം കണ്ടിരുന്നു. മിക്കവരും മലയാളിക്കുട്ടികൾ. അക്കാലത്ത് കേരളത്തിൽ കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്കു സൗകര്യങ്ങൾ കുറവാണെന്നും ഇവരുടെ മാതാപിതാക്കൾക്കു കാര്യമായ സമ്പാദ്യമൊന്നുമില്ലെന്നും അദ്ദേഹത്തിനു ബോധ്യമായി. ഇതോടെ, ഡോ.കെ.എം.ചെറിയാൻ ഉൾപ്പെടെയുള്ള ഡോക്ടർമാരുമായി ചർച്ചകൾ നടത്തിയാണ് ഹൃദയപൂർവത്തിനു തുടക്കമിട്ടത്. ഇതിനോടകം 2500 പേരോളം ‘ഹൃദയപൂർവം’ വഴി പുതുജീവിതം കണ്ടെത്തി.

അടുക്കോടും ചിട്ടയോടും കൂടി നടക്കുന്ന സ്ക്രീനിങ് ക്യാംപാണ് ഏറ്റവും വലിയ സവിശേഷത. കാൽനൂറ്റാണ്ടുകൊണ്ട് അതൊരു കുടുംബസംഗമം പോലെയായി.
ശസ്ത്രക്രിയയ്ക്കു വിധേയരായ ഓരോരുത്തരും ഞങ്ങളോട് അവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കും. ഈ ചികിത്സവഴി അവരുടെ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചും അറിയാനുള്ള ഇടം കൂടിയായി ക്യാംപുകൾ. ഹൃദയത്തിൽ സുഷിരം കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിക്ക്, വിവാഹിതയായശേഷം കുട്ടിയുണ്ടായപ്പോൾ ആ കുഞ്ഞിനും ഇതേ പ്രശ്നമുണ്ടായിരുന്നു. ആ കുഞ്ഞിനെയും ‘ഹൃദയപൂർവം’ പദ്ധതി വഴിയാണു ചികിത്സിച്ചത്.
ഒരു കുടുംബത്തിലെ തന്നെ നാലുപേർക്കുണ്ടായ സമാനരീതിയിലുള്ള ഹൃദ്രോഗം വേറിട്ട ചികിത്സാരീതികളിലൂടെ സുഖപ്പെടുത്തിയതും ഓർക്കുന്നു. ഇത്തരത്തിൽ തലമുറകൾ കടന്ന്, ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ് ‘ഹൃദയപൂർവം’. അതിഗുരുതര നിലയിലുള്ള രോഗികളെപ്പോലും സുരക്ഷിതമായി ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ കഴിഞ്ഞത് ഇരുസ്ഥാപനങ്ങളിലെയും ജീവനക്കാരുടെ നിസ്വാർഥമായ പിന്തുണകൊണ്ടുകൂടിയാണ്. കാൽനൂറ്റാണ്ടായി ഞാനും ഇതിനൊപ്പമുണ്ട്. എന്റെ ഔദ്യോഗിക ജീവിതത്തിൽ കണ്ടതിൽ ഏറ്റവും വിജയകരമായ ഒരു സാമൂഹിക ഉത്തരവാദിത്ത പദ്ധതിയാണിത്. തുടർപരിശോധനാ ക്യാംപിനായെത്തുമ്പോൾ ഞങ്ങൾക്കരികിലേക്ക് ഓടിയെത്തുന്ന ചിരി നിറഞ്ഞ മുഖങ്ങളും അവരുടെ സ്നേഹാലിംഗനങ്ങളുമാണ് ഡോക്ടർമാരായ ഞങ്ങളുടെ ഹൃദയങ്ങളുടെയും ഇന്ധനം.