ഹൃദയംതൊട്ട് 25 വർഷം

Mail This Article
നാടിന്റെ ഹൃദയംതൊട്ട ഒരു മഹാദൗത്യം 25 വർഷം തികയ്ക്കുന്നതിന്റെ ധന്യതയിലാണിപ്പോൾ മലയാള മനോരമ. മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്നുള്ള ‘ഹൃദയപൂർവം’ സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതിയുടെ രജതജൂബിലി ഇന്നു കോട്ടയത്തു നടക്കുമ്പോൾ പിന്നിട്ട സ്നേഹവർഷങ്ങളുടെ സ്മൃതിസുഗന്ധമാണ് ഒപ്പമുള്ളത്.
നിർധനരും നിരാലംബരുമായ എത്രയോ പേരുടെ വിളിയൊച്ച കേട്ട്, അവർക്കുമുന്നിൽ സൗഖ്യജീവിതത്തിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്ന് 1999ൽ വിനീതമായി തുടക്കംകുറിച്ച ഹൃദയപൂർവം പദ്ധതി. ഇതിനകം 82 സൗജന്യ ഹൃദയ പരിശോധനാ ക്യാംപുകളും 2,500 സൗജന്യ ഹൃദയശസ്ത്രക്രിയകളും പദ്ധതിപ്രകാരം പൂർത്തിയാക്കി. ഈ സ്നേഹപ്പട്ടികയിൽ 1500 കുട്ടികളുടെ ഇളംഹൃദയങ്ങളുമുണ്ടെന്ന് ഓർക്കാം.
മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.എം.മാത്യുവാണ് ‘ഹൃദയപൂർവം’ എന്നു പേരിട്ട് ഈ പദ്ധതിക്കു രൂപംനൽകിയത്. എന്നും ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും നന്മയുടെ വഴിയിലൂടെ അശരണർക്കൊപ്പം സഞ്ചരിക്കണമെന്നുമുള്ള മലയാള മനോരമയുടെ പ്രഖ്യാപിതദൗത്യം ശിരസ്സാവഹിച്ച് ഇങ്ങനെയൊരു കാരുണ്യപദ്ധതി വിഭാവനം ചെയ്യുമ്പോൾ, രാജ്യത്തിന്റെ മാധ്യമചരിത്രത്തിൽതന്നെ വ്യത്യസ്തമായൊരു മായാമുദ്ര ചാർത്തുകയായിരുന്നു അദ്ദേഹം. അൻപതു പേർക്കു ഹൃദയശസ്ത്രക്രിയ നടത്താൻ ഉദ്ദേശിച്ചുതുടങ്ങിയ പദ്ധതിയാണ് ഇത്തരത്തിൽ വലുതായത്.
കെ.എം.മാത്യു അന്നു കണ്ട സ്വപ്നം മദ്രാസ് മെഡിക്കൽ മിഷനിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ആത്മാർഥവും സമർപ്പിതവുമായ സഹകരണത്തോടെ ഇരുപത്തിയഞ്ചു ഹൃദയവർഷങ്ങളുടെ നിറവിലേക്കു വലുതായിക്കഴിഞ്ഞു. ഈ പദ്ധതിയുടെ രജതജൂബിലി ഇന്ന് 3.30ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യുമ്പോൾ ചരിത്രംകൂടിയാവും അതു കണ്ടുനിൽക്കുക. പത്രത്തിന്റെ ശക്‌തി നിസ്സഹായർക്കും നിരാലംബർക്കും വേണ്ടിക്കൂടി മനോരമ പ്രയോജനപ്പെടുത്തിയതിന്റെ അടയാളങ്ങൾ കേരളത്തിൽ മാത്രമല്ല, രാജ്യത്തുടനീളം വീണുകിടക്കുന്നു. ആ അനുസ്യൂത പാതയിലെ വലിയ മുദ്രയാണ് രജതജൂബിലിയിലെത്തിയ ഹൃദയപൂർവം പദ്ധതി.
ആദ്യകാല ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വായനക്കാർ കയ്യൊപ്പിട്ടതോടെയാണ് ഇങ്ങനെയുള്ള സാമൂഹികക്ഷേമ പദ്ധതികൾ മലയാള മനോരമ നടപ്പാക്കിത്തുടങ്ങിയത്. വായനക്കാരായിരുന്നു ഓരോ പദ്ധതിക്കു പിന്നിലെയും ശക്തി. 1993ൽ മഹാരാഷ്ട്രയിലും 2001ൽ ഗുജറാത്തിലും ഭൂകമ്പമുണ്ടായതിനെത്തുടർന്നും 2004ൽ കേരളത്തിലുൾപ്പെടെ വൻനാശംവിതച്ച സൂനാമിയെത്തുടർന്നുമുള്ള പുനരധിവാസപ്രവർത്തനങ്ങളിൽ വായനക്കാരുടെ സഹകരണത്തോടെ സജീവപങ്കാളിത്തം നൽകാനായത് അമൂല്യ ധന്യതയായി മനോരമ ഹൃദയത്തിൽ സൂക്ഷിക്കുന്നു. എന്റെ മലയാളം, സുകൃതകേരളം, പലതുള്ളി തുടങ്ങിയ ജനകീയദൗത്യങ്ങൾക്കു സുമനസ്സുകളിൽനിന്നു കിട്ടിയ പിന്തുണയും നന്ദിപൂർവം ഈ വേളയിൽ ഓർമിക്കട്ടെ.
ഹൃദയപൂർവം പദ്ധതിയിലൂടെ ഇപ്പോഴും മിടിക്കുന്ന ആയിരക്കണക്കിനു ഹൃദയങ്ങളാണ് ഈ ദൗത്യവഴിയിൽ തുടർപ്രഭ തൂകുന്ന സ്നേഹവെളിച്ചം. ഈ പദ്ധതി ഉൾപ്പെടെ മനോരമ മുൻകയ്യെടുത്ത എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹികക്ഷേമ പദ്ധതികളിലും ഹൃദയപൂർവം ഒപ്പംനിൽക്കുന്ന വായനക്കാരെയും മനോരമയുടെ ഏതു ദൗത്യത്തിനും പ്രാദേശികമായി ബലംനൽകുന്ന ഏജന്റുമാരെയും ഈ വേളയിൽ അഭിവാദ്യം ചെയ്യട്ടെ. കെ.എം. മാത്യു ഒരിക്കൽ രേഖപ്പെടുത്തിയതുപോലെ, ‘കേവലം കടലാസു മാത്രമല്ല പത്രം എന്ന് ഓരോ അവസരത്തിലും ബോധ്യപ്പെടുത്തുന്നതിന്’ എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാടു നന്ദി.