പ്രപഞ്ചത്തിന്റെ ജീവതാളം

Mail This Article
അപ്പൻ ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ്. അകത്തേക്കു പാഞ്ഞുപോകുന്ന ഡോക്ടർ ഒന്നു തിരിഞ്ഞുനോക്കിയതായി തോന്നി. അദ്ദേഹത്തിനുവേണ്ടി തുറന്നുപിടിച്ച വാതിലിലൂടെ തെല്ലു ശാഠ്യംപിടിച്ചു ഞങ്ങളും കയറി. ചലനമില്ലാതെ അപ്പൻ. സിനിമയിലൊക്കെ കണ്ടുപരിചയമുള്ള ഇസിജി മോണിറ്ററിൽ വര നേരെയായി. ഡോക്ടറുടെ നിർദേശാനുസരണം ഒരു മെയിൽ നഴ്സ് നെഞ്ചിൽ ശക്തമായി ഇടിച്ചുതുടങ്ങി. മറ്റൊരു അനുബന്ധ ചടങ്ങ് എന്നു മാത്രമേ കരുതിയുള്ളൂ. അപ്പൻ കണ്ണുതുറന്നു. ഏതോ കൃപയുടെ കടാക്ഷവും മനുഷ്യന്റെ ഇച്ഛാശക്തിയും ചേർന്ന്, അടർന്നുതുടങ്ങിയ ഒരു പ്രാണനെ തിരിച്ചുപിടിച്ചു. വിഷമിക്കരുതെന്ന അർഥത്തിൽ അപ്പൻ പിന്നീട് മിഴി ചലിപ്പിച്ചു. കോവിഡ് ഭീതിയുടെ കാലമായിരുന്നു അത്. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട്. അതിലൊരാൾ ദൈവദൂതനാണ്. ജീവിതം പിന്നെയും മിടിക്കുന്നിടത്താണ് അയാളുടെ ആനന്ദം.
രക്തം പമ്പു ചെയ്യാനുള്ള അവയവമായി മാത്രം ആരും ഹൃദയത്തെ ഇന്നോളം തെറ്റിദ്ധരിച്ചിട്ടുണ്ടാവില്ല. മനുഷ്യനും ദൈവത്തിനും ചാർത്തിക്കൊടുക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ വാഴ്ത്തെന്താണ്. ഹൃദയമുള്ള മനുഷ്യൻ / ഹൃദയത്തിൽ വസിക്കുന്ന ദൈവം!
ഹൃദയമായിരുന്നു മനുഷ്യരെ രൂപപ്പെടുത്തുമ്പോൾ ദൈവം ആദ്യം മെനഞ്ഞതെന്നും അതുതന്നെയായിരിക്കും അവസാനം പൊടിയേണ്ടതെന്നും സങ്കൽപിച്ചിരുന്ന യഹൂദ റാബികളുടെ കഥാപാരമ്പര്യമുണ്ട്. ജീവന്റെ അപ്പുറവുമിപ്പുറവുമായി നീളുന്ന സ്നേഹഭാവനയുടെ സൂചനയായിട്ടാണ് അവരതിനെ ഗണിച്ചത്. അത്തരം ചില വിശ്വാസങ്ങളുടെ പശ്ചാത്തലത്തിലാണ് യേശുവിന്റെ പിളർക്കപ്പെട്ട നെഞ്ചിന്റെ നേർക്കാഴ്ചയിൽ സുവിശേഷം അവസാനിക്കുന്നത്. അതിൽനിന്ന് ഉറവക്കണ്ണിൽ കുത്തിയതുപോലെ രക്തവും ജലവും കുതിച്ചൊഴുകി. പല രീതിയിൽ പിന്നീട് ഈ കാഴ്ച വ്യാഖ്യാനിക്കപ്പെടും. അതിലേറ്റവും ഹൃദ്യമായി അനുഭവപ്പെട്ടത് മിഴി അടഞ്ഞാലും നിലയ്ക്കാത്ത ഒരാളുടെ സ്നേഹപ്രവാഹത്തിന്റെ കവിതയാണതെന്നുള്ളതാണ്.

എല്ലാ ആത്മീയ ധർമങ്ങളിലും ഹൃദയം ഏറ്റവും പ്രിയപ്പെട്ട രൂപകമാണ്. പുരാതന ചൈനീസ് പാരമ്പര്യങ്ങളിൽ സൂര്യൻ പ്രപഞ്ചത്തിൽ എന്താണോ, അതിനെ ശരീരത്തിൽ ഹൃദയം പ്രതിബിംബിപ്പിച്ചു. കത്തുന്ന ഊർജപ്രവാഹത്തിന്റെ ചൈതന്യമായി അതിനെ അവർ ഗണിച്ചു. താവോയിസം ശ്വാസത്തിന്റെയും വെളിച്ചത്തിന്റെയും മഹാപ്രഭുവായാണ് ഹൃദയത്തെ പരിഗണിച്ചത്. ബുദ്ധിസത്തിൽ ബോധിചിത്ത(bodhicitta)യുണ്ട്. ദീപ്തമായ ഹൃദയമാണത്. ഈജിപ്ഷ്യൻ പുരാവൃത്തങ്ങളിലെ പൂജാപാത്രങ്ങൾ ഹൃദയത്തിന്റെതന്നെ പ്രതീകമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. പാശ്ചാത്യ കാവ്യഭാവനയിലെ തിരുക്കാസ തളിർത്തത് ഇത്തരം ചില സങ്കൽപങ്ങളുടെ പശ്ചാത്തലത്തിലാണ്. ഭാരതദർശനത്തിൽ പ്രപഞ്ചത്തിന്റെ പ്രതീകമാണ് ഹൃദയം. ഹൃദയതാളംപോലെ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന ഒന്നാണ് പ്രപഞ്ചം. ഹൈന്ദവ പാരമ്പര്യത്തിൽ ബ്രഹ്മപുരം എന്നാണ് വിശേഷണം. ഉപനിഷത്തുകളിലേക്കെത്തുമ്പോൾ ധ്യാനഗൃഹമായും അതു മാറുന്നു.
സംസ്‌കൃതത്തിൽ ഗുഹയെന്ന വാക്കിനു ഹൃദയം എന്നും അർഥമുണ്ട്. ഇസ്‌ലാമിലെ ഖൽബ് എന്താണ് പറയുന്നത്? അതിന്റെ യോഗാത്മപാരമ്പര്യത്തിൽ ഏഴു വർണങ്ങളാണ് ഹൃദയത്തിൽ അടക്കം ചെയ്തിട്ടുള്ളത്. സൂഫിസത്തിന്റെ നിർവചനം പോലുമതാണ്. ഹൃദയത്തിന്റെ മതമാണിത്. മനുഷ്യ ഹൃദയത്തിൽ ദൈവത്തെ തിരയുകയാണ് അതിന്റെ രീതി. ആകാശത്തിനും ഭൂമിക്കും എന്നെ ഉൾക്കൊള്ളുവാൻ ആവില്ല; എന്നാൽ, എന്റെ ദാസന്റെ ഹൃദയത്തിലേക്കു ഞാൻ ചുരുങ്ങുന്നുവെന്നു പ്രവാചകമൊഴിയുണ്ട്. ഹൃദയത്തെ കരുണയുടെ സിംഹാസനമെന്നവർ വിളിക്കുന്നു. ചിറകുള്ള ഹൃദയമാണ് സൂഫി സാധനയുടെ ഐക്കൺ.
ഭാഷയുടെ ഏറ്റവും ചെറിയ പ്രണയകഥ ഓർക്കൂ... ചവിട്ടിയരച്ച ആ പൂവ് തന്റെ ഹൃദയമാണെന്നുള്ള ബഷീറിന്റെ നെടുവീർപ്പ്! മനുഷ്യനേർപ്പെടുന്ന എല്ലാം, ഹൃദയത്തിന്റെ തന്നെ തുടർമിടിപ്പുകളാണ്.