റേഷൻ വിതരണം താളംതെറ്റിക്കരുത്

Mail This Article
വിതരണക്കരാറുകാരുടെ പണിമുടക്ക് രണ്ടാഴ്ചയിലെത്തുകയും റേഷൻ വ്യാപാരികൾ 27 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെ സംസ്ഥാനത്തു റേഷൻ വിതരണരംഗം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ 14,000ൽപരം റേഷൻ കടകളിലെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) യന്ത്രങ്ങളുടെ സാങ്കേതിക പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിർത്തുകകൂടി ചെയ്യുമ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമായേക്കും. വൻതുക കുടിശിക വരുത്തിയതാണു വിതരണക്കരാറുകാരുടെ പണിമുടക്കിന്റെയും ഇ പോസ് കമ്പനിയുടെ പിന്മാറ്റനീക്കത്തിന്റെയും കാരണം.
സാധനങ്ങൾ ഗോഡൗണുകളിൽ നിന്നെടുത്ത് റേഷൻ കടകളിൽ ‘വാതിൽപടി’ വിതരണം നടത്തുന്ന കേരള ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എൻഎഫ്എസ്എ) ജനുവരി ഒന്നു മുതലാണു പണിമുടക്ക് ആരംഭിച്ചത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ബിൽത്തുക കുടിശിക പൂർണമായും സെപ്റ്റംബറിലെ കുടിശിക ഭാഗികമായും നൽകാത്തതാണു കാരണം. നാലു മാസത്തെ കുടിശികയായി 100 കോടി രൂപയാണു കരാറുകാർക്കു നൽകാനുള്ളത്. കരാറുകാരുടെ സമരത്തെത്തുടർന്നു ചരക്കുനീക്കം നിലച്ചുകഴിഞ്ഞു. നിലവിൽ റേഷൻ വിതരണത്തെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ഒരാഴ്ചകൂടി കഴിയുന്നതോടെ സാധനങ്ങൾക്കു ക്ഷാമം അനുഭവപ്പെടും.
റേഷൻ വ്യാപാരികളുടെ നാലു സംഘടനകൾ ഉൾപ്പെടുന്ന റേഷൻ കോഓർഡിനേഷൻ സംയുക്ത സമിതി പ്രഖ്യാപിച്ച സമരമാകട്ടെ ഈ സാഹചര്യത്തെ കൂടുതൽ കടുപ്പിക്കുമെന്നതിൽ സംശയമില്ല. റേഷൻ വിതരണം കൂടുതലായി നടക്കുന്ന, മാസത്തിന്റെ അവസാന ആഴ്ചയിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വേതന പാക്കേജ് പരിഷ്കരിക്കുക, കേന്ദ്ര സർക്കാരിന്റെ ഡയറക്ട് പേയ്മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
ഇ പോസ് സംവിധാനത്തിലെ തകരാർ കാരണം റേഷൻവിതരണം പതിവായി തടസ്സപ്പെടുന്നതു കേരളത്തിന്റെ ദുഃസ്വപ്നമായതിനാൽ, പരിപാലനക്കമ്പനിയുടെ പിന്മാറ്റനീക്കത്തിന് അതീവഗൗരവമുണ്ട്. ഇ പോസ് സംവിധാനം പ്രവർത്തിക്കുന്നത് ആധാർ കാർഡിന്റെ ഡേറ്റാ ബേസിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇ പോസിനെയും ആധാറിനെയും ബന്ധിപ്പിക്കുന്ന സെർവർ നാലു വർഷത്തോളമായി പല സാങ്കേതികതടസ്സങ്ങളും നേരിടുന്നു. പ്രതിദിനം 6 മുതൽ 8 ലക്ഷം പേർവരെ ഇ പോസ് വഴി റേഷൻ വാങ്ങാറുണ്ടെങ്കിലും ഈ സംവിധാനം സുഗമമായി നടക്കാനുള്ള ശ്രദ്ധ സർക്കാർ നൽകിക്കാണുന്നില്ല. ഇ പോസ് സംവിധാനം തകരാറിലായി റേഷൻ വിതരണം തുടർച്ചയായി തടസ്സപ്പെടുന്നതിനു കാരണം സെർവറിന്റെ ശേഷി വർധിപ്പിക്കാത്തതാണെന്നു വ്യക്തമായിട്ടും അതു ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുതന്നെ പുതുമ നഷ്ടപ്പെട്ടിരിക്കുന്നു.
സേവന ഫീസിനത്തിൽ കോടിക്കണക്കിനു രൂപയുടെ കുടിശിക നൽകാനും വാർഷിക പരിപാലന കരാർ പുതുക്കാനും സർക്കാർ തയാറാകാത്തതിനാലാണ് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ പിന്മാറ്റം. 9 മാസത്തെ കുടിശികയായി 2.75 കോടി രൂപയാണ് അവർക്കു നൽകാനുള്ളത്. ജനുവരി 31നു സേവനത്തിൽനിന്നു പിന്മാറുന്നുവെന്ന വിവരം കമ്പനി അറിയിച്ചത് ഭക്ഷ്യപൊതുവിതരണ വകുപ്പിനു തിരിച്ചടിയായിരിക്കുന്നു. അടുത്തമാസം മുതൽ, ഇ പോസ് യന്ത്രങ്ങൾ തകരാറിലായാൽ സാങ്കേതിക വിദഗ്ധരുടെ സേവനം ലഭിക്കാതെ റേഷൻ വിതരണം മുടങ്ങുന്ന സ്ഥിതിയാകും. കേന്ദ്ര സർക്കാർ നിബന്ധനപ്രകാരം ഇ പോസ് സംവിധാനം വഴി മാത്രമേ റേഷൻ നൽകാനാവൂ എന്നതിനാൽ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലാകുന്ന സാഹചര്യം ഇവിടെ ഉണ്ടാകാതിരിക്കാൻ അടിയന്തര സർക്കാർഇടപെടൽ ഉണ്ടായേതീരൂ.
നമ്മുടെ ഭക്ഷ്യപൊതുവിതരണ മേഖല അതീവഗുരുതരമായൊരു സാഹചര്യത്തിലേക്കു നീങ്ങുകയാണെന്നാണ് ആശങ്ക. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് എത്രയുംവേഗം ഉചിതനടപടികൾ ഉണ്ടാവുകതന്നെ വേണം.