ADVERTISEMENT

ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരമായെ‍ാരു യുദ്ധത്തിനു വിരാമചിഹ്നം വീഴുകയാണെന്നുവേണം വിചാരിക്കാൻ. ഇത്രയും ആശ്വാസം പകരുന്ന മറ്റെ‍ാരു വാർത്ത സമീപകാലത്തെ‍ാന്നും കേട്ടിട്ടില്ലെങ്കിലും കരാറിന് അന്തിമാനുമതി നൽകുന്നതിൽ ഇസ്രയേൽ തുടരുന്ന അനിശ്ചിതത്വം ലോകത്തിന്റെയാകെ ആശങ്കയാകുകയാണ്. ഇന്നലെയും ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രയേൽ രൂക്ഷമായ ആക്രമണം തുടർന്നത് ആ ആശങ്ക വർധിപ്പിക്കുകയും ചെയ്യുന്നു.  

ലക്ഷക്കണക്കിനാളുകളുടെ കണ്ണീരുകെ‌ാണ്ടും ചോരകെ‍ാണ്ടും എഴുതിയെ‍ാരു പേരാണത്: ഗാസ. അതുകെ‍ാണ്ടുതന്നെ, നിസ്സഹായതയുടെ പരകോടിയിലെത്തിയ ആ 365 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന്റെ വിലാപം ലോകത്തിന്റെയാകെ സ്വാസ്ഥ്യം കെടുത്തി. ഗാസയുടെ ദീർഘകാല വിലാപത്തിനുള്ള മറുപടിയാണ് വെടിനിർത്തൽ പ്രഖ്യാപനമെങ്കിലും ഇപ്പോഴത്തെ അനിശ്ചിതത്വം പ്രതീക്ഷയ്ക്കു മങ്ങലേൽപിക്കുന്നു. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ ഒരാഴ്ചയിലേറെ നീണ്ട ചർച്ചകളിലാണു പ്രഖ്യാപനമുണ്ടായത്. എന്നാൽ, അവസാനനിമിഷം പ്രതിസന്ധിയുണ്ടായെന്നും കരാറിലെ ചില ഭാഗങ്ങളിൽ ഹമാസ് വാക്കുപാലിക്കുന്നില്ലെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞത്.

വംശഹത്യയെന്ന് ആദ്യഘട്ടത്തിൽതന്നെ വിശേഷിപ്പിക്കപ്പെട്ട യുദ്ധം, കഴിഞ്ഞ 15 മാസമായി അത്യന്തം ഹീനവും മനുഷ്യത്വരഹിതവുമായ ആക്രമണപരമ്പരകളിലൂടെ സർവനാശം വിതയ്ക്കുകയായിരുന്നു. 2023 ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ മിന്നലാക്രമണത്തെത്തുടർന്ന് ഇസ്രയേൽ തുടങ്ങിയ തിരിച്ചടി, ലോകം ഇതിനകം നേടിയെന്ന് അവകാശപ്പെടുന്ന മാനുഷിക മൂല്യങ്ങളെയെ‍ാക്കെ വെല്ലുവിളിച്ച് ചോരകെ‍ാണ്ടാണു പുതിയ നാൾവഴികൾ എഴുതിയത്.  

ഓരോ യുദ്ധവും തകർക്കുന്നതു ഭാവിയിലേക്കു പ്രതീക്ഷയോടെ വിടരേണ്ട ഇളംസ്വപ്നങ്ങളെക്കൂടിയാണ്. യുദ്ധവേളകളിൽ ഒരു കുഞ്ഞിനുപോലും പരുക്കേൽക്കരുതെന്ന ചട്ടത്തിനു ഗാസയിൽ തലകുമ്പിട്ടുനിൽക്കേണ്ടിവന്നു. കളിചിരികളുടെ പ്രായത്തിൽ ജീവൻ നഷ്ടപ്പെട്ടും അംഗഭംഗം വന്നും അനാഥരായും എത്രയെത്ര കുഞ്ഞുങ്ങൾ! നിർദയം കെ‍ാല്ലപ്പെട്ട കുഞ്ഞുങ്ങൾ നിത്യനിദ്ര കെ‍ാള്ളുന്ന വിസ്തൃതശ്മശാനമായി മാറിക്കഴിഞ്ഞു ഗാസ. അവർക്കുള്ള ശ്രദ്ധാഞ്ജലിയായും ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള ജീവവായുവായും ഈ വെടിനിർത്തൽനീക്കത്തെ കാണേണ്ടതുണ്ട്.  

മൂന്നു ഘട്ടങ്ങളുള്ള വെടിനിർത്തൽ കരാർ ‍ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നാണു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി നേരത്തേ വ്യക്തമാക്കിയത്. കരാർ യാഥാർഥ്യമായാൽ, 42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തിൽ ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. പകരം, ഇസ്രയേൽ ജയിലിലുള്ള നൂറിലേറെ പലസ്തീൻകാരെ വിട്ടയയ്ക്കും. ഇതോടെ‍ാപ്പം, ഗാസയിലെ ജനവാസമേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്യും. ആദ്യഘട്ടം തീരുംമുൻപുതന്നെ രണ്ടാംഘട്ടത്തിനുള്ള ചർച്ച ആരംഭിക്കുമെന്നാണു പ്രഖ്യാപനം.

അടിയന്തര വെടിനിർത്തൽ നടപ്പാക്കുകയും അതു ശാശ്വത യുദ്ധവിരാമമായി മാറുകയും ചെയ്യണമെന്ന യുഎൻ ആവശ്യംപോലും പലവട്ടം പാഴായിപ്പോയ സാഹചര്യത്തിലായിരുന്നു യുഎസ് ഇടപെടൽ. പ്രസിഡന്റായി ഡോണൾഡ് ട്രംപ് സ്ഥാനമേൽക്കുന്ന 20നു മുൻപു വെടിനിർത്തൽ പ്രഖ്യാപനം നടത്താ‍ൻ യുഎസ് സമ്മർദം ചെലുത്തി. തന്റെയും ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണു വെടിനിർത്തലിലേക്കു നയിച്ചതെന്നാണ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്.

മധ്യസ്ഥചർച്ച ഫലവത്താകാൻ ലോകമാകെ പ്രതീക്ഷ നട്ടിരിക്കുമ്പോഴും അവസാന മണിക്കൂറുകളിൽപോലും ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടുവെന്നതും കരാറിൽ പങ്കുചേരാൻ ഇസ്രയേൽ പൂർണമനസ്സു കാണിക്കാത്തതും ആശങ്കയോടെയാണു സമാധാനകാംക്ഷികൾ കാണുന്നത്. വെടിനിർത്തൽ കരാറായെന്ന പ്രഖ്യാപനം വന്നതിനുശേഷം ഇന്നലെ പുലർച്ചെ 8 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 81 പലസ്തീൻകാർ കൊല്ലപ്പെട്ടു. അതുകെ‍ാണ്ടുതന്നെ, ഇസ്രയേൽ കരാറിൽ ഉറച്ചുനിൽക്കട്ടെയെന്നും ഇനിയും ചോരചിന്താതെയിരിക്കട്ടെ എന്നുമാണ് ലോകത്തിന്റെ പ്രാർഥന.

നവലോകത്തിന് ഒരു യുദ്ധത്തെയും ന്യായീകരിക്കാനാവില്ല. ദുഃഖങ്ങൾമാത്രമാണ് യുദ്ധങ്ങൾ ചരിത്രത്തിലേക്ക് അവശേഷിപ്പിക്കുന്നത്. വരുന്ന മാസം മൂന്നു വർഷത്തിലേക്കെത്തുന്ന റഷ്യ– യുക്രെയ്ൻ യുദ്ധം മറ്റെ‍ാരു വലിയസങ്കടമായി ലോകത്തിന്റെ മുന്നിലുണ്ട്. ഗാസയിലെ വെടിനിർത്തൽ പ്രഖ്യാപനം യാഥാർഥ്യമാകണമെന്നും അത് റഷ്യ– യുക്രെയ്ൻ  യുദ്ധത്തിനു വിരാമമിടാൻകൂടി പ്രേരകമാകണമെന്നും ലോകം ആഗ്രഹിക്കുന്നു. 

English Summary:

Editorial About: The Gaza ceasefire agreement faces uncertainty despite a declaration. Israel's continued hesitation and recent attacks fuel global concern for the region's future and its innocent civilians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com