ഗാസ യുദ്ധത്തിന്റെ നാൾവഴി

Mail This Article
2023
ഒക്ടോബർ 7: തെക്കൻ ഇസ്രയേലിൽ ഹമാസ് മിന്നലാക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടു. 1100 പേർക്കു പരുക്കേറ്റു. 250 പേരെ ഹമാസ് ബന്ദികളാക്കി.
ഒക്ടോബർ 8: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ ഗാസയിലേക്കുള്ള വൈദ്യുതി വിഛേദിച്ചു. ഇസ്രയേൽ വ്യോമാക്രമണവും ഉപരോധവും ശക്തമാക്കിയതോടെ ഗാസയിൽനിന്ന് അഭയാർഥിപ്രവാഹം.
ഒക്ടോബർ 14 : വടക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോകാനുള്ള ഇസ്രയേലിന്റെ അന്ത്യശാസനത്തെത്തുടർന്നു തെക്കൻ ഭാഗത്തേക്കു പലസ്തീൻകാരുടെ കൂട്ടപ്പലായനം.
ഒക്ടോബർ 24 : ഗാസയിൽ മൂന്നിൽരണ്ട് ആരോഗ്യകേന്ദ്രങ്ങളും അടച്ചു.
ഒക്ടോബർ 28 : ജീവകാരുണ്യസഹായമെത്തിക്കാൻ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന പ്രമേയം പാസാക്കി. വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നു.
നവംബർ 23: ഖത്തറിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഒരാഴ്ച നീണ്ട വെടിനിർത്തലിനിടെ 105 ബന്ദികളെ ഹമാസ് വിട്ടയച്ചു. 240 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
ഡിസംബർ 1: ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചു. ഗാസയിൽ മരണം 15,000 കടന്നു.
2024
ജനുവരി 2 : ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അൽ അരൂരി അടക്കം 4 പേർ കൊല്ലപ്പെട്ടു.
ജനുവരി 21: ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 25,000 കടന്നു.
ഫെബ്രുവരി 14: കയ്റോയിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടു.
മാർച്ച് 9: ഹമാസ് നേതൃനിരയിലെ രണ്ടാമനായ മർവൻ ഈസ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
മാർച്ച് 25: ഗാസയിൽ വെടിനിർത്തലും ജീവകാരുണ്യ സഹായമെത്തിക്കലും ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി. 15 അംഗ സമിതിയിലെ 14 രാജ്യങ്ങളും അനുകൂലിച്ചു; യുഎസ് വിട്ടുനിന്നു.
ഏപ്രിൽ 7: യുദ്ധം 6 മാസം പിന്നിട്ടതോടെ ഗാസയിൽ 84% ആശുപത്രികളും തകർന്നു.
മേയ് 12: കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 35,000 കടന്നു.
ജൂലൈ 31: ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ ഇറാൻ സന്ദർശനത്തിനിടെ കൊല്ലപ്പെട്ടു.
ഓഗസ്റ്റ് 26: യുഎസ്, ഖത്തർ, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയിൽ നടത്തിയ സമാധാന ചർച്ച പരാജയം.
സെപ്റ്റംബർ 1: പലസ്തീനിൽ പോളിയോ വാക്സിനേഷനായി ദിവസവും പകൽ 8 മണിക്കൂർ വെടിനിർത്തലിനു ഹമാസും ഇസ്രയേലും തയാറായതോടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വാക്സീൻ വിതരണം.
സെപ്റ്റംബർ 2: ബന്ദികളുടെ മോചനത്തിൽ പരാജയപ്പെട്ടെന്നാരോപിച്ച് ഇസ്രയേലിൽ പ്രക്ഷോഭം.
സെപ്റ്റംബർ 17-18: ഇറാൻ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടു ലബനനിലും സിറിയയിലും ഇസ്രയേൽ നടത്തിയ സ്ഫോടനങ്ങളിൽ മൂവായിരത്തോളം പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ചു.
സെപ്റ്റംബർ 27: ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.
ഒക്ടോബർ 1: ഇസ്രയേലിലേക്ക് ഇറാൻ മിസൈലാക്രമണം. ലബനനിൽ ഇസ്രയേൽ കരമാർഗം ആക്രമണം തുടങ്ങി.
ഒക്ടോബർ 7: യുദ്ധത്തിന് ഒരു വർഷം
ഒക്ടോബർ 17: വടക്കൻ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ ഹമാസ് മേധാവി യഹ്യ സിൻവർ കൊല്ലപ്പെട്ടു.
നവംബർ 6: ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പുറത്താക്കി.
നവംബർ 9: വെടിനിർത്തൽ ചർച്ചയുടെ മധ്യസ്ഥതയിൽനിന്നു പിന്മാറുന്നുവെന്ന് ഖത്തർ.
നവംബർ 27: ഇസ്രയേലും ലബനനിലെ ഹിസ്ബുല്ലയും തമ്മിൽ താൽക്കാലിക വെടിനിർത്തൽ. യുഎസിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിലായിരുന്നു ചർച്ചകൾ.
ഡിസംബർ 16: ഗാസയിൽ മരണം 45,000 കടന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി യുഎസ്, ഖത്തർ, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥശ്രമങ്ങൾ ഊർജിതമായി.
2025
ജനുവരി 8: ബന്ദികളെ കൈമാറുന്നതിൽ ഹമാസ് പരാജയപ്പെട്ടാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ജനുവരി 11: ട്രംപ് ചുമതലയേൽക്കുന്ന 20നു മുൻപ് സമാധാനക്കരാറിൽ ധാരണയിലെത്താൻ അവസാനഘട്ട ചർച്ച.
ജനുവരി 15: വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് ഖത്തർ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.