ഒഴിയുന്നു ആശങ്ക

Mail This Article
ഇന്ത്യൻ എംബസിയുടെ കമ്യൂണിറ്റി വൊളന്റിയറായി ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന ഞാൻ ടെൽ അവീവിലാണ് താമസിക്കുന്നത്. ആദ്യമാസങ്ങളിലെ ആശങ്കകൾക്കുശേഷം ഇവിടെയെല്ലാം സാധാരണപോലെ ആയിരുന്നു. എന്നാൽ, നാട്ടിലുള്ളവർക്കു പേടിയായിരുന്നു. അവിടെനിന്നുള്ള ഓരോ ഫോൺകോളിലും ആ ഭയമറിഞ്ഞു. വെടിനിർത്തൽ വരുമ്പോൾ ആ പേടി മായുമല്ലോ എന്ന സന്തോഷമുണ്ട്. ഒട്ടേറെ മലയാളികൾ യുദ്ധത്തിന്റെ തുടക്കസമയത്തു നാട്ടിലേക്കു മടങ്ങി. മടക്കടിക്കറ്റ് എടുക്കാതെയാണു പലരും പോയത്. ഇപ്പോൾ ഇവിടേക്കുള്ള വിമാനനിരക്കുകളൊക്കെ കൂട്ടിയിരിക്കുകയാണ്.
കൊണ്ടുനടക്കാവുന്ന ബങ്കറുകൾ ഇപ്പോൾ ലഭ്യമാണ്. കെട്ടിടങ്ങളുടെ ബങ്കറുകളിൽ താമസിച്ചവർക്കാർക്കും ആക്രമണങ്ങളിൽ അപായമുണ്ടായിട്ടില്ല. കാർഷിക– നിർമാണ മേഖലകൾ സജീവമായിട്ടുണ്ട്. പൊതുഇടങ്ങളിലെ പാർട്ടികൾക്ക് ഇപ്പോഴും നിരോധനമുണ്ട്. വെടിനിർത്തൽ പ്രാബല്യത്തിലാകുന്നതോടെ കൂടുതൽ ഇളവുകൾ ലഭിക്കുമെന്നു കരുതുന്നു. ആശങ്കയില്ലാതെ, ജോലിയും യാത്രയും ചെയ്യാനാകുന്ന കാലം തിരികെ വരുന്നതിലുള്ള ആശ്വാസമാണ് എല്ലാവർക്കും.