ADVERTISEMENT

രാജ്യത്തെ രണ്ടു നീതിപീഠങ്ങളിൽനിന്നായി ഇന്നലെ നാം കേട്ടത് കെ‍ാടുംക്രൂരഹത്യകളിലൂടെ പെ‌ാതുസമൂഹത്തെ നടുക്കിയവർക്കുള്ള ശിക്ഷാവിധികൾ.  

നെയ്യാറ്റിൻകരയിൽ, കഷായത്തിൽ കളനാശിനി കലർത്തി ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കു വധശിക്ഷയും കൊൽക്കത്ത ആർ.ജി.കർ മെഡിക്കൽ കോളജിലെ പിജി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതി സഞ്ജയ് റോയിക്കു മരണംവരെ ജയിൽശിക്ഷയുമാണ് മൂന്നു മണിക്കൂറിന്റെ വ്യത്യാസത്തിൽ കോടതികൾ വിധിച്ചത്. വധശിക്ഷയെപ്പറ്റി വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ടാകാമെങ്കിലും, മനുഷ്യത്വത്തിന്റെ അവസാനകണികയും വറ്റിപ്പോയവർക്കെല്ലാമുള്ള മുന്നറിയിപ്പായി മാറുകയാണ് രണ്ടു ശിക്ഷകളും.

ഷാരോൺ അർപ്പിച്ച സ്നേഹത്തിലും വിശ്വാസത്തിലും വഞ്ചനകാട്ടി ഗ്രീഷ്മ നടത്തിയ കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നു നിരീക്ഷിച്ചാണ് നെയ്യാറ്റിൻകര അഡിഷനൽ ജില്ലാ സെഷൻസ് കോടതിയുടെ ശിക്ഷാവിധി. മറ്റൊരാളുമായി നിശ്ചയിച്ച വിവാഹത്തിനു ഷാരോൺ തടസ്സമാകുമെന്നതിനാലാണ് ഗ്രീഷ്മ ഈ ക്രൂരകൃത്യം ചെയ്തെന്നു പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു.

ചുണ്ടുകൾ മുതൽ വിണ്ടുകീറി ഒരിറ്റു വെള്ളം പോലും ഇറക്കാനാവാതെയും ആന്തരാവയവങ്ങളിൽനിന്നു രക്തം വാർന്നും 11 ദിവസം നരകയാതന അനുഭവിച്ചാണ് ഷാരോൺ മരിച്ചതെന്നും കാമുകനെ വിളിച്ചുവരുത്തി ആസൂത്രിതമായി കൊലപ്പെടുത്തിയ സംഭവത്തിൽ സമൂഹത്തിനു സന്ദേശമാകുന്നവിധം പരമാവധി ശിക്ഷതന്നെ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങളെ അതേപടി അംഗീകരിക്കുന്നതായി വിധിപ്രസ്താവം.

മരിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ ഷാരോൺ അനുഭവിച്ച നരകയാതന പരാമർശിച്ച കോടതി, മനുഷ്യശരീരമുള്ള പൈശാചിക വ്യക്തിക്കു മാത്രമേ ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാനാകൂവെന്നു വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായർക്കു തെളിവുനശിപ്പിച്ച കുറ്റത്തിന് 3 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. കുറ്റകൃത്യത്തിനു ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ, ഡിജിറ്റൽ തെളിവുകൾ ആശ്രയിച്ചും മറ്റും പൊലീസ് നടത്തിയ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്റെ കൃത്യതയുള്ള വാദങ്ങളുമാണ് ഗ്രീഷ്മയെ കുടുക്കിയത്.

രാജ്യത്ത് അപമാനിക്കപ്പെടുന്ന മുഴുവൻ പെൺമയോടും ചേർന്നുനിൽക്കുന്നതാണ് കെ‍ാൽക്കത്ത സിയാൾഡ അഡിഷനൽ ജില്ലാ സെഷൻസ് കോടതിയിൽനിന്നുണ്ടായ ശിക്ഷാവിധി. മെഡിക്കൽ കോളജിലെ കോൺഫറൻസ് റൂമിൽ ഉറങ്ങുകയായിരുന്ന 31 വയസ്സുകാരിയായ മെഡിക്കൽ പിജി വിദ്യാർഥിനിയെ സഞ്ജയ് റോയ് കഴിഞ്ഞവർഷം ഓഗസ്റ്റ് ഒൻപതിനു പീഡിപ്പിച്ചുകൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ. കൊൽക്കത്ത പൊലീസിൽ സിവിക് വൊളന്റിയറായിരുന്ന പ്രതിയെ പിറ്റേന്ന് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണമുയരുകയും സുപ്രീം കോടതി വരെ ഇടപെടുകയും ചെയ്ത കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തു ഗുരുതരവീഴ്ചകൾ ഉണ്ടായതായി നിരീക്ഷിച്ചാണ് ഹൈക്കോടതി കേസ് സിബിഐക്കു വിട്ടത്.  

‘ജീവിതത്തിലെ അവസാന ദിനംവരെ നിങ്ങൾ ജയിലിലായിരിക്കും’ എന്നാണ് ശിക്ഷ വിധിക്കുമ്പോൾ കോടതി പറഞ്ഞത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കു സംസ്ഥാന സർക്കാർ 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു കോടതി നിർദേശിച്ചെങ്കിലും വിധിയിൽ അസംതൃപ്തി വ്യക്തമാക്കിയ കുടുംബം നഷ്ടപരിഹാരം നിരസിച്ചു.

രാജ്യത്ത് ആരോഗ്യപ്രവർത്തകർ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയുടെ ആഴംകൂടി ഈ കേസിൽ വെളിപ്പെട്ടു. സർക്കാരും പൊതുസമൂഹവും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ പുലർത്തുന്നുവെന്നു കരുതിപ്പോരുന്ന ജാഗ്രതയിലാണ് ഈ സംഭവം നിഴൽവീഴ്ത്തിയത്. മെഡിക്കൽ പിജി വിദ്യാർഥിനി ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മകന് അർഹമായ ശിക്ഷ നൽകണമെന്നു പ്രതിയുടെ അമ്മതന്നെ കഴിഞ്ഞദിവസം പറഞ്ഞു. മൂന്നു പെൺമക്കളുടെകൂടി അമ്മയായ തനിക്കു കുറ്റത്തിന്റെ കാഠിന്യം ശരിക്കറിയാമെന്നും അവർ പറയുകയുണ്ടായി. പ്രതിയുടെ മൂത്തസഹോദരിയും സമാനപ്രതികരണം നടത്തിയിരുന്നു.  

ഇന്നലെയുണ്ടായ വിധികൾ കുറ്റക്കാർക്കെതിരെ മാത്രമുള്ളതല്ല. സഹജീവികളോടു കൊടുംക്രൂരത ചെയ്യുന്നവർക്കെല്ലാമുള്ള പാഠങ്ങളും കർശന മുന്നറിയിപ്പും ഇവയിൽനിന്നു വായിച്ചെടുക്കേണ്ടതുണ്ട്. സർക്കാരിന്റെയും പെ‍ാതുസമൂഹത്തിന്റെയും നിതാന്തജാഗ്രതയിലൂടെ ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്.

English Summary:

Sharon murder case: Digital evidence crucial in Greeshma's death penalty case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com