ട്രംപ് വരയ്ക്കുന്ന ലോകചിത്രം

Mail This Article
ലോകത്തിലെ ഏറ്റവും പ്രബല സാമ്പത്തിക – സൈനിക ശക്തിയുടെ കടിഞ്ഞാൺ വീണ്ടും കയ്യിലെത്തിയതിന്റെ വിളംബരമാണ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തശേഷം ഡോണൾഡ് ട്രംപ് നടത്തിയ നയംമാറ്റ പ്രഖ്യാപനങ്ങൾ. ലോകാരോഗ്യസംഘടനയിൽനിന്നും പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നുമുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വം റദ്ദാക്കൽ, മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ, ട്രാൻസ്ജെൻഡറുകളെ നിരാകരിക്കൽ എന്നിവയടക്കം പുതിയ പ്രസിഡന്റിന്റെ ആദ്യദിന കയ്യൊപ്പുവീണ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ പലതും കടുത്ത ആശങ്കയിലേക്കു വാതിൽതുറക്കുകയാണ്.
ഒന്നാം ഭരണകാലത്തെ നയങ്ങളുടെ ഏതാണ്ട് ആവർത്തനമാണു രണ്ടാം വരവിലും ട്രംപിന്റേതെന്നു വ്യക്തമാക്കുന്നതായി തീരുമാനങ്ങൾ. എന്നാൽ, ആദ്യ തവണ പ്രസിഡന്റായിരുന്ന ട്രംപിനെപ്പോലെ ആയിരിക്കില്ല രണ്ടാം വട്ട ട്രംപ് എന്ന് ആദ്യ ദിനത്തിൽത്തന്നെ വെളിപ്പെടുകയും ചെയ്തു. വർധിച്ച ഭൂരിപക്ഷം അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ആവേശവും കൂട്ടിയെന്നതിന്റെ സാക്ഷ്യമാണ് ഉത്തരവുകൾ. അതേസമയം, ചില തീരുമാനങ്ങളെങ്കിലും ലോകത്തിന് അപകടകരമാകുമെന്നു നിരീക്ഷിക്കുന്നവരുമുണ്ട്.
സ്വന്തം തോന്നലുകൾക്കും ഇഷ്ടങ്ങൾക്കുമനുസരിച്ചു നിലപാടുകളെടുക്കുന്നതു ശീലമാക്കിയ ട്രംപ്, കഴിഞ്ഞ ഭരണകാലത്ത് നയതന്ത്ര മര്യാദകൾ പലപ്പോഴും പാലിച്ചില്ല. കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം തുടങ്ങി പല തലങ്ങളിൽ ലോകത്തിനുമുന്നിൽ വാതിലടച്ച് യുഎസിനെ സ്വയം ഒറ്റപ്പെടുത്തിയ അതേ സാഹചര്യത്തിനാണ് ഇത്തവണയും സാധ്യത. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തെ 78 എക്സിക്യൂട്ടീവ് നടപടികളും ഒന്നാം ദിവസം തന്നെ ട്രംപ് അസാധുവാക്കിയിരിക്കുകയാണ്.
യുഎസിൽ ജനിക്കുന്ന ആർക്കും സ്വാഭാവികമായ പൗരത്വം ലഭിക്കുന്ന ജന്മാവകാശ പൗരത്വം ഒഴിവാക്കുന്നത് വിവാദത്തിനു കാരണമായിരിക്കുന്നു. അനധികൃത കുടിയേറ്റക്കാർക്കും സന്ദർശക വീസയിലോ വിദ്യാർഥി വീസയിലോ ഉള്ളവർക്കും യുഎസിൽവച്ചു ജനിക്കുന്ന കുട്ടികൾക്കു സ്വാഭാവിക പൗരത്വം ലഭിക്കാൻ സഹായിച്ചിരുന്ന നിയമം മാറ്റുന്ന ഉത്തരവ് രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. യുഎസ് ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജന്മാവകാശ പൗരത്വം റദ്ദാക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി വേണ്ടിവരുമെന്നും ഇതുസംബന്ധിച്ച് ഒട്ടേറെ നിയമപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കടുത്ത ദേശീയവാദത്തിലും യാഥാസ്ഥിതികത്വത്തിലും ഊന്നിയതാണ് ട്രംപിന്റെ രാഷ്ട്രീയമെന്നതിന് ഇത്തവണയും ചില തീരുമാനങ്ങൾ സാക്ഷ്യം പറയുന്നു. അനധികൃത കുടിയേറ്റം പൂർണമായി തടയുമെന്നു പ്രഖ്യാപിച്ച ട്രംപ് ഒരുപടികൂടി കടന്ന് മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കുടിയേറ്റം തടയാൻ യുഎസ്–മെക്സിക്കോ അതിർത്തിയിലുടനീളം മതിൽ പണിയാനുള്ള ട്രംപിന്റെ നീക്കം ആദ്യഅധികാരകാലത്തുതന്നെ വിവാദത്തിലായിരുന്നു.
ലോകാരാഗ്യസംഘടനയിൽ (ഡബ്ല്യുഎച്ച്ഒ) നിന്നുള്ള പിന്മാറ്റ പ്രഖ്യാപനം ലോകക്രമത്തിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഡബ്ല്യുഎച്ച്ഒയ്ക്ക് ഏറ്റവും കൂടുതൽ സാമ്പത്തികപിന്തുണ നൽകിവരുന്ന യുഎസ് പിന്മാറിയാൽ അത് സംഘടനയെ വലിയ പ്രതിസന്ധിയിലേക്കാകും തള്ളിവിടുക. ആഗോളതാപനം നിയന്ത്രിക്കാനുള്ള പാരിസ് കാലാവസ്ഥാ കരാറിൽനിന്ന് യുഎസ് പിന്മാറുന്നതാകട്ടെ കാലത്തിന്റെ കാതലായ ആവശ്യത്തിനുനേരെ ആവർത്തിച്ചുള്ള മുഖംതിരിക്കലുമാകുന്നു. ട്രംപ് ആദ്യമായി പ്രസിഡന്റായപ്പോൾ ഇതേ പിന്മാറ്റ തീരുമാനങ്ങളെടുത്തതാണെങ്കിലും ബൈഡൻ ഭരണകൂടം അവ തിരുത്തി. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ ഉത്തരവിനെയും ട്രംപ് തള്ളിയിരിക്കുന്നു. ട്രാൻസ്ജെൻഡറുകളുടെ അവകാശം സംരക്ഷിക്കുന്ന നിയമങ്ങൾ എടുത്തുകളയുമെന്ന പ്രഖ്യാപനം നവലോകത്തിന് അംഗീകരിക്കാനാകാത്തതാണ്. ആണും പെണ്ണും എന്നീ രണ്ടു ജെൻഡറിനു മാത്രമേ നിയമാംഗീകാരം ഉണ്ടാകൂ എന്നാണു ട്രംപിന്റെ പ്രഖ്യാപനം.
മുൻവിധികളില്ലാത്ത ബന്ധമാണു ട്രംപ് ഭരണകൂടവുമായി ഇന്ത്യയ്ക്കുണ്ടാവുകയെന്നു നിരീക്ഷിക്കപ്പെടുന്നു. അതേസമയം, വീസ അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ട്രംപിന്റെ നിലപാട് ഏറെ ആശങ്ക ഉയർത്തുന്നുണ്ട്. എച്ച്1ബി വീസ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി കഴിഞ്ഞ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച നയം ഇന്ത്യൻ ഐടി കമ്പനികൾക്കും തൊഴിലന്വേഷകർക്കും വൻ തിരിച്ചടിയായിരുന്നു. പ്രവചനാതീതമായ വാക്കും പ്രവൃത്തിയുമാണ് ട്രംപിന്റെ മുഖമുദ്രയെന്നതിനാൽ ലോകത്തെ ഏറ്റവും കരുത്താർന്ന ഭരണാധിപക്കസേരയിലേക്കുള്ള അദ്ദേഹത്തിന്റെ മടക്കം സംഭവബഹുലമായിരിക്കുമെന്നതിൽ സംശയമില്ല. അതിന്റെ പ്രത്യാഘാതം എന്തൊക്കെയാകുമെന്ന് ഇപ്പോൾ പറയാനുമാകില്ല.