കൂത്താട്ടുകുളം മുതൽ പനമരം വരെ

Mail This Article
സ്വന്തം കൗൺസിലർ അവിശ്വാസ പ്രമേയവേളയിൽ കൂറുമാറിയേക്കാം എന്ന സംശയമുണ്ടായാൽ എന്തുചെയ്യണം? സിപിഎമ്മിന് അക്കാര്യത്തിൽ ഒരു സംശയവുമില്ല – തട്ടിക്കൊണ്ടുപോകുക! സിപിഎം ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം വനിതാ കൗൺസിലർ കല രാജുവിനെ കൂറുമാറുമെന്ന സംശയത്തിൽ തട്ടിക്കൊണ്ടുപോയത് നഗരമധ്യത്തിൽനിന്നു തന്നെയാണ്; അതും നഗരസഭാധ്യക്ഷയുടെ ഒൗദ്യോഗിക കാറിൽ. വയനാട് പനമരം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം മർദനത്തിന്റെ രൂപത്തിൽ ‘കൂത്താട്ടുകുളം’ ആവർത്തിച്ചതാകട്ടെ, വിയോജനനിലപാട് എടുക്കുന്നവരോടു സിപിഎം പുലർത്തിവരുന്ന ശൈലിക്കു മറ്റൊരു ഉദാഹരണവുമായി.
കല രാജുവിന്റെ മക്കൾ നൽകിയ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സിപിഎം ഏരിയ സെക്രട്ടറി, നഗരസഭാധ്യക്ഷ, വൈസ് ചെയർമാൻ എന്നിവരുൾപ്പെടെ 45 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. തന്നെ തട്ടിക്കൊണ്ടുപോകുന്നതിനിടെ പല ദുരനുഭവങ്ങളുമുണ്ടായെന്നും സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽവച്ചു കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും ഇനി സിപിഎമ്മിലേക്കില്ലെന്നും കല രാജു പറയുന്നു.
കൂറുമാറ്റത്തോടുള്ള പ്രതിരോധമാണ് കൂത്താട്ടുകുളം നഗരസഭയിൽ നടന്നതെന്നാണു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ, സംസ്ഥാനത്തെ ഇരുപതിലേറെ തദ്ദേശസ്ഥാപനങ്ങളിൽ കൂറുമാറി വന്നവരെ ഉപയോഗിച്ചാണ് എൽഡിഎഫ് ഭരണം പിടിച്ചെടുത്തതെന്നതു മുഖ്യമന്ത്രിയുടെ പ്രതിരോധവാദത്തെ ദുർബലമാക്കുന്നു.
ഇതിനിടെ, കല രാജുവിനെ തട്ടിക്കൊണ്ടുപോയതു കോൺഗ്രസുകാരാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിക്കുന്നതും കേരളത്തിനു കേൾക്കേണ്ടിവന്നു. സിപിഎമ്മിന്റെ ഭാഗത്തുള്ള ഒരാളെയാണു തട്ടിക്കൊണ്ടുപോയതെന്നും അപ്പോൾ ആരാണു കൊണ്ടുപോയതെന്നു വ്യക്തമാണല്ലോ എന്നുകൂടി സെക്രട്ടറി പറയുമ്പോൾ അന്തംവിടുകയാണ് ഈ നാട്. അറസ്റ്റിലായത് സിപിഎമ്മുകാരാണല്ലോ എന്ന ചോദ്യത്തിന്, പൊലീസിന്റെ എല്ലാ അറസ്റ്റും അംഗീകരിക്കണമെന്നുണ്ടോ എന്നായിരുന്നു മറുചോദ്യം. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഒരാളെ പാർട്ടിതന്നെ തട്ടിക്കൊണ്ടുപോയി എന്നു പറയുന്നതിൽ ഒരു കാര്യവുമില്ലെന്നു പറഞ്ഞതാകട്ടെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും. തട്ടിക്കൊണ്ടുപോകൽ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെ ഇന്നലെ മാലയിട്ടു സ്വീകരിച്ചതോ സിപിഎം പ്രവർത്തകർ!
പനമരത്ത് അവിശ്വാസപ്രമേയത്തിൽ യുഡിഎഫിനു പിന്തുണ നൽകിയ പഞ്ചായത്തംഗം ബെന്നി ചെറിയാന് മർദനശിക്ഷ വിധിച്ചു നടപ്പാക്കുകയായിരുന്നു സിപിഎം. കേസിൽ 7 സിപിഎം –ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ജെഡിഎസ് ടിക്കറ്റിൽ എൽഡിഎഫ് പ്രതിനിധിയായ ബെന്നി അവിശ്വാസത്തെ പിന്തുണച്ചതോടെ എൽഡിഎഫിനു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായതാണു മർദനത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. പനമരം പഞ്ചായത്തിലെ അഴിമതിക്കും അനധികൃതനിയമനത്തിനുമെതിരെ 16 ദിവസം ബെന്നി ചെറിയാൻ നിരാഹാരം കിടന്നിരുന്നു. പരിഹാരമുണ്ടാകാതെ വന്നപ്പോഴാണു പിന്തുണ പിൻവലിച്ചതെന്ന് അദ്ദേഹം പറയുന്നു. പിന്നീട് അദ്ദേഹത്തെ ജെഡിഎസ് പുറത്താക്കി. 29ന് പനമരത്ത് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
രാഷ്ട്രീയ വിയോജിപ്പുണ്ടാകുന്നതും അതു പ്രകടമാക്കുന്നതുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. അതേസമയം, തദ്ദേശസ്ഥാപനങ്ങൾ മുതൽ പാർലമെന്റ് വരെ വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ പല കാരണങ്ങൾകൊണ്ടു കൂറുമാറുന്നതു ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കുന്നുവെന്നു മാത്രമല്ല, രാഷ്ട്രീയത്തിന് ഉണ്ടാകണമെന്നു നാം സങ്കൽപിച്ചുപോരുന്ന മൂല്യബോധത്തെത്തന്നെ ചോദ്യം ചെയ്യുന്നുമുണ്ട്.
എന്നാൽ, പാർട്ടിയിലും മുന്നണിയിലുമുള്ളവർ കൂറു വെടിയുമ്പോൾ അവരോടുള്ള പകതീർക്കാൻ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പുതുവഴികൾ തേടുകയാണു സിപിഎമ്മും അവരുടെ ഏത് അന്യായത്തിനും തണലൊരുക്കുന്ന സംസ്ഥാന സർക്കാരും. പാർട്ടി വിടുന്നവരോടടക്കം ആ പാർട്ടി പുലർത്തിപ്പോരുന്ന പകയുടെ ആഴത്തിന് 51 വെട്ടേറ്റു കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരൻതന്നെ കടുത്ത തെളിവായുണ്ട്.