ADVERTISEMENT

ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) വാർഷികയോഗം സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന കാര്യം പത്രങ്ങളിൽ വായിച്ചിരിക്കുമല്ലോ. ഇന്നലെ അതു സമാപിച്ചു. 1971ൽ നിലവിൽ വന്ന ഡബ്ല്യുഇഎഫ് ലോക സമ്പദ്‌വ്യവസ്ഥ, വ്യവസായം, സമൂഹം, അക്കാദമിക – ഗവേഷണ രംഗങ്ങൾ, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചെല്ലാം പഠനങ്ങളും ചർച്ചകളും നടത്തി ഭാവി നയരൂപീകരണത്തെ സഹായിക്കുന്ന തിങ്ക് ടാങ്ക് ആണ്.

മിക്ക രാജ്യങ്ങളും ഡബ്ല്യുഇഎഫിനെ ഗൗരവത്തോടെ കാണുന്നു. ഇന്ത്യയിൽനിന്ന് ഇത്തവണത്തെ സമ്മേളനത്തിൽ ബിസിനസ് പ്രമുഖർ മാത്രമല്ല, മന്ത്രിമാരടക്കമുള്ള കേന്ദ്ര സർക്കാർ പ്രതിനിധികളും വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമൊക്കെ പങ്കെടുത്തു. കേരളത്തിൽനിന്നു വ്യവസായമന്ത്രി പി.രാജീവ് ദാവോസിലുണ്ടായിരുന്നു.

ആൽപ്സ് പർവതത്തിന്റെ താഴ്‌വരയിലുള്ള ദാവോസിൽ എല്ലാ ജനുവരിയിലും അവസാനയാഴ്ച നടക്കുന്ന വാർഷിക സമ്മേളനമാണ് ഡബ്ല്യുഇഎഫിന്റെ പ്രധാന പരിപാടി. 2006ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഇൗ സമ്മേളനത്തിന് ദാവോസിലെത്തിയപ്പോൾ മഞ്ഞിൽ ചവിട്ടി തെന്നിവീണ് ഏറെക്കാലം ആശുപത്രിയിൽ കഴിഞ്ഞത് പലരുടെയും ഓർമയിലുണ്ടാകും.

അതിരിക്കട്ടെ, പറയാനുദ്ദേശിക്കുന്നത് ഡബ്ല്യുഇഎഫിന്റെ ചരിത്രമല്ല. വാർഷിക സമ്മേളനത്തിനു മുന്നോടിയായി ഡബ്ല്യുഇഎഫ് നടത്തുന്ന ആഗോള സർവേ ഏറെ പ്രശസ്തവും പ്രസക്തവുമാണ്. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചു വിശദീകരിക്കുകയും ഉൾക്കാഴ്ച നൽകുകയും ചെയ്യുന്നതാണ് ‘ഗ്ലോബൽ റിസ്ക് റിപ്പോർട്ട്’ എന്ന സർവേഫലം.

വെല്ലുവിളികളെ തീവ്രതയനുസരിച്ച് 2 വർഷം വരെയുള്ള ഹ്രസ്വകാലം, 10 വർഷം വരെയുള്ള ദീർഘകാലം എന്നിങ്ങനെ രണ്ടായി വേർതിരിച്ചിട്ടുണ്ട് ഇൗ വർഷത്തെ റിപ്പോർട്ടിൽ. ഹ്രസ്വകാല വെല്ലുവിളികളിൽ ആദ്യ പത്തെണ്ണം ഇങ്ങനെ:

1. വ്യാജവിവരവും തെറ്റായ വിവരവും

2. തീവ്ര കാലാവസ്ഥാ പ്രതിസന്ധികൾ

3. രാജ്യങ്ങൾക്കുള്ളിലെ സായുധപോരാട്ടം

4. സാമൂഹിക ധ്രുവീകരണം

5. സൈബർ ചാരവൃത്തി, സൈബർ യുദ്ധം

6. മലിനീകരണം

7. അസമത്വം

8. സ്വമേധയാ അല്ലാത്ത / നിർബന്ധിത
പലായനം

9. സാമ്പത്തിക സംഘർഷങ്ങൾ

10. മനുഷ്യാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും മാഞ്ഞുപോകൽ

ഹ്രസ്വകാലമല്ലേ, 2 വർഷം കഴിയുമ്പോൾ വ്യാജവിവരത്തിന്റെ വെല്ലുവിളി അവസാനിക്കുമല്ലോ എന്നു കരുതുന്നുണ്ടെങ്കിൽ, ദീർഘകാല വെല്ലുവിളികൾ കൂടി വായിച്ചുനോക്കൂ:

1. തീവ്ര കാലാവസ്ഥാ പ്രതിസന്ധികൾ

2. ജൈവവൈവിധ്യനഷ്ടം, ആവാസവ്യവസ്ഥയുടെ തകർച്ച

3. ഭൗമഘടനയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ

4. പ്രകൃതിവിഭവങ്ങളുടെ അപര്യാപ്തത

5. വ്യാജവിവരവും തെറ്റായ വിവരവും

6. എഐ (നിർമിതബുദ്ധി) സാങ്കേതികവിദ്യയുടെ പ്രതികൂല ഫലങ്ങൾ

7. അസമത്വം

8. സാമൂഹിക ധ്രുവീകരണം

9. സൈബർ ചാരവൃത്തി, സൈബർ യുദ്ധം

10. മലിനീകരണം

ഹ്രസ്വകാല വെല്ലുവിളികളിൽ ഒന്നാമതുള്ള വ്യാജവിവരം ദീർഘകാല പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. ദീർഘകാല വെല്ലുവിളികളിൽ ആദ്യത്തെ നാലെണ്ണവും ഒരു വിഭാഗമായി കണക്കാക്കാവുന്നതേയുള്ളൂ – പ്രകൃതിയിലെ മാറ്റങ്ങൾ. അതു കഴി‍ഞ്ഞാൽ, പ്രഗല്ഭ ബുദ്ധിജീവികളും ചിന്തകരും കാണുന്ന ഏറ്റവും വലിയ വെല്ലുവിളി വ്യാജ വിവരമാണ് എന്നതു നമ്മളെ ആഴത്തിൽ ചിന്തിപ്പിക്കേണ്ടതാണ്. നിർമിതബുദ്ധിയുടെ സഹായത്തോടെ ദൃശ്യങ്ങളും വിവരങ്ങളും സൃഷ്ടിക്കുന്ന ജനറേറ്റിവ് എഐ സങ്കേതമാണ് വ്യാജവിവരവ്യാപനത്തിലെ ഏറ്റവും അപകടകാരിയായ ഘടകമെന്നാണു ഡബ്ല്യുഇഎഫ് വിലയിരുത്തുന്നത്. ഏതാണ് യഥാർഥവും സത്യസന്ധവുമായ വിവരം എന്നു തിരിച്ചറിയുക ജനങ്ങൾക്കും ഭരണകൂടങ്ങൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം ശ്രമകരമായി മാറുന്നുവെന്ന് ഡബ്ല്യുഇഎഫ് പറയുന്നു.

ജനറേറ്റിവ് എഐ ഉപയോഗിച്ചു തയാറാക്കുന്ന ദൃശ്യങ്ങളെ പൊതുവേ ‘ഡീപ് ഫെയ്ക്’ എന്നാണു പറയുക. ഇത്തരത്തിലുള്ള വിഡിയോകൾ നിത്യജീവിതത്തിൽ നമ്മൾ ഏറെ കാണുന്നുണ്ട്. തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ‘രേഖാചിത്രം’ എന്ന മലയാളസിനിമയിൽ ഡീപ് ഫെയ്ക് ദൃശ്യങ്ങളുണ്ട്. പ്രിയതാരം മമ്മൂട്ടി വരെ എഐ നിർമിതരൂപമായി അതിൽ പ്രത്യക്ഷപ്പെടുന്നു. പഴയകാല നടി അന്തരിച്ച സിൽക്ക് സ്മിതയുടെ എഐ വഴി സൃഷ്ടിച്ച വിഡിയോ പ്രചരിച്ചതും പലരും കണ്ടിട്ടുണ്ടാകും. അന്തരിച്ച കരുണാനിധിയും ജയലളിതയും തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പുകാലത്തു പ്രചാരണയോഗത്തിൽ പ്രസംഗിച്ച കാര്യം ഈ പംക്തിയി‍ൽ സൂചിപ്പിച്ചിരുന്നല്ലോ. ഇതൊക്കെ എഐയുടെ ക്രിയാത്മക പ്രയോഗങ്ങളായി കണക്കാക്കാം.

എന്നാൽ, എഐ കൊണ്ടുള്ള അപകടങ്ങൾക്കു കയ്യും കണക്കുമില്ലെന്നതാണു ലോകം നേരിടുന്ന ഭീഷണി. എഐ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളുടെ ഒട്ടേറെ വാർത്തകൾ നമ്മൾ കേട്ടുകഴിഞ്ഞു. പ്രമുഖ ദേശീയ ചാനലുകളുടെ വാർത്താ അവതരണം എന്ന മട്ടിൽ ഡീപ് ഫെയ്ക് വിഡിയോകളിലൂടെ നിക്ഷേപത്തട്ടിപ്പു നടത്തുന്ന സംഭവം ഈയിടെ വ്യാപകമായിരുന്നു. മുകേഷ് അംബാനിയെയും എൻ.ആർ.നാരായണമൂർത്തിയെയും പോലുള്ള പ്രമുഖ ബിസിനസുകാരുമായി ചാനൽ അവതാരകർ നടത്തുന്ന അഭിമുഖമാണു കൃത്രിമമായി സൃഷ്ടിച്ചത്. അഭിമുഖത്തിൽ അവർ പറയുന്നത്, കുറഞ്ഞ സമയം കൊണ്ട് കൈനിറയെ പണമുണ്ടാക്കാനുള്ള നിക്ഷേപമാർഗങ്ങളെക്കുറിച്ചാണ്. ഇവരൊക്കെ പറയുമ്പോൾ സംഗതി ശരിയെന്നു വിശ്വസിച്ച് വ്യാജവാർത്തയിലെ ലിങ്കിലൂടെ പണം നിക്ഷേപിച്ചാൽ എന്തു സംഭവിക്കുമെന്നറിയണമെങ്കിൽ ബെംഗളൂരുവിലെ വീണ എന്ന വനിതയോടു ചോദിക്കണം. ബെംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനിലെ കേസനുസരിച്ച് വീണയ്ക്കു നഷ്ടപ്പെട്ടത് 67 ലക്ഷം രൂപ!

ഹോങ്കോങ്ങിലെ ഒരു സംഭവം കൂടി. കുറച്ചു മാസങ്ങൾക്കു മുൻപു വലിയ കമ്പനിയുടെ ഫിനാൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥന് ഔദ്യോഗിക വിഡിയോ കോൺഫറൻസിൽ പങ്കെടുക്കാൻ‌ നിർദേശം കിട്ടി. കമ്പനിയുടെ ലണ്ടനിലുള്ള ചീഫ് ഫിനാ‍ൻസ് ഓഫിസറടക്കം സഹപ്രവർത്തകരൊക്കെ യോഗത്തിലുണ്ട്. കമ്പനിയുടെ ഒരു രഹസ്യ ഇടപാടു നടത്താൻ 25 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 215 കോടി രൂപ) വേണമെന്ന യോഗതീരുമാനം ഉദ്യോഗസ്ഥൻ നടപ്പാക്കി. കാശുപോയിക്കഴിഞ്ഞപ്പോഴാണ് സംഗതി തട്ടിപ്പായിരുന്നുവെന്നു മനസ്സിലാകുന്നത്. പൊലീസ് അന്വേഷിച്ചപ്പോൾ അന്ന് വിഡിയോ കോളിൽ ഉണ്ടായിരുന്ന ചീഫ് ഫിനാ‍ൻസ് ഓഫിസർ അടക്കം എല്ലാവരും ഡീപ് ഫെയ്ക് അവതാരങ്ങളായിരുന്നുവെന്നു കണ്ടെത്തി!

എഐ കൊണ്ടു സാമ്പത്തിക കുറ്റകൃത്യവും തട്ടിപ്പും മാത്രമല്ല സംഘർഷവും കലാപവും യുദ്ധവും വരെ സൃഷ്ടിക്കാൻ കഴിയുമെന്നതാണു യാഥാർഥ്യം. ഡബ്ല്യുഇഎഫ് നൽ‍കുന്ന മുന്നറിയിപ്പും അതാണ്.

English Summary:

Davos 2024: Davos warns of the rising threat of deepfakes and AI-generated misinformation. The World Economic Forum's Global Risk Report highlights the pervasive dangers of deepfakes in finance and beyond. Learn how this technology impacts India and the world.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com