ADVERTISEMENT

ലോകത്തിലെ ഏറ്റവും കരുത്താർന്ന ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രയാത്രയിൽ അതിവിശിഷ്ടമായ സുദിനമാണിന്ന്; 75 വർഷങ്ങളുടെ നിറശോഭയാർജിച്ച റിപ്പബ്ലിക് ദിനം. പിന്നിട്ട കാലം നമുക്കായി കരുതിവച്ച ആവേശവും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷയുമാണ് ത്രിവർണം ചാർത്തിയ ഈ നാഴികക്കല്ലിലുള്ളത്.  

സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ മുഴുവൻ അഭിമാനത്തോടെ, എഴുപത്തഞ്ചാണ്ടുകളിലൂടെ കൈവന്ന ചൈതന്യവുമായി ഇന്നു നമ്മുടെ ദേശീയപതാക ഉയർന്നുപറക്കുമ്പോൾ അത് ഓരോ ഭാരതീയന്റെയും ഹൃദയാഘോഷംകൂടിയായിമാറുന്നു. ഒരു ചർക്ക മാത്രം ആയുധമാക്കി, അഹിംസാമന്ത്രം മുഴക്കി മഹാത്മജി ഒരു വലിയയുദ്ധം ജയിച്ച വലിയപാഠമടക്കം എത്രയെത്ര ഓർമകളാണ് ഈ ദിവസം നമ്മിൽ നിറയ്ക്കുന്നത്. കൈവന്ന ജനാധിപത്യമൂല്യങ്ങൾ എത്രത്തോളം പാലിക്കാനാവുന്നുണ്ടെന്ന ആത്മപരിശോധന നടത്താനും രാഷ്ട്രശിൽപികൾ കൈമാറിയ ഉത്തരവാദിത്തങ്ങൾ ഓർമിപ്പിക്കാനുമുള്ള അവസരംകൂടിയാവുന്നു ഈ ദിനം.

എണ്ണമറ്റ പ്രതിസന്ധികളെ ചെറുത്തുതോൽപിച്ചാണ് സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് എന്ന നിലയ്‌ക്കുള്ള ഭാരതത്തിന്റെ യാത്ര. വെല്ലുവിളികളല്ല, ആ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നതാണു രാഷ്‌ട്രത്തിന്റെ കരുത്തിന്റെ അളവുകോലെന്നത് ഇതിനകം ഇന്ത്യ മനസ്സിലാക്കിക്കഴിഞ്ഞു.  

ഇന്ത്യൻ ജനാധിപത്യം ചൈതന്യവത്തായും ലോകത്തിനുതന്നെ മാതൃകയായും നിലനിൽക്കുന്നതിനു രാജ്യം കടപ്പെട്ടിരിക്കുന്നത് ദീർഘവീക്ഷണത്തോടെ തയാറാക്കിയ ഭരണഘടനയോടുതന്നെ. ഭരണഘടനയുടെ പവിത്രതയ്ക്ക് ഒരു പോറൽപോലും ഏൽക്കരുതെന്ന് ഭരണാധികാരികളെമുതൽ പൗരജനങ്ങളെവരെ ഈ റിപ്പബ്ലിക് ദിനം ഓർമപ്പെടുത്തുന്നു.

ഒന്നരലക്ഷത്തോളം വാക്കുകൾകൊണ്ട് ഇന്ത്യയുടെ ജീവിതം നിർണയിക്കുന്ന ഭരണഘടന പ്രാബല്യത്തിലായിട്ടും 75 വർഷം തികയുന്നു. ലോകത്തിലെ മറ്റു പല ഭരണഘടനകളും അവ രേഖപ്പെടുത്തിയ കടലാസിനൊപ്പം നശിച്ചുപോയിട്ടും നമ്മുടെ ഭരണഘടന ശോഭയോടെ നിലകൊള്ളുന്നു എന്നതിൽത്തന്നെയുണ്ട് അതിന്റെ മൂല്യവും സർവകാലപ്രസക്തിയും.  

ബഹുസ്വരതയുടെ ആണിക്കല്ലായ മതനിരപേക്ഷതയ്ക്കു കോട്ടംതട്ടുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളും ഒരുഭാഗത്തുനിന്നും ഉണ്ടായിക്കൂടെന്നുകൂടി ഓർമപ്പെടുത്തുകയാണ് ഈ ദിനം.

ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും അന്തസ്സും മൂല്യവുമെല്ലാം കാത്തുസൂക്ഷിക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ഉത്തരവാദിത്തം കാട്ടുകയുംവേണം. രാഷ്ട്രഹൃദയത്തിൽ വിള്ളലുകളും വിഭജനവും ഉണ്ടാക്കാനുള്ള നീക്കങ്ങൾ തടയേണ്ടത് ‘ഇന്ത്യൻ ജനത’ എന്ന സംജ്ഞയിൽ അഭിമാനിക്കുകയും ജനാധിപത്യത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നതാണു പരമപ്രധാനം.

സാമ്പത്തിക, സൈനിക, ശാസ്ത്ര ശക്തിയായി ഇന്ത്യ വളർന്നു മുന്നേറുകയാണെന്നു ലോകത്തോടു വിളംബരം ചെയ്യാനുള്ള ആത്മവിശ്വാസം ഇക്കഴിഞ്ഞ 75 വർഷങ്ങളിലൂടെ നാം നേടിക്കഴിഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തെച്ചൊല്ലി അഭിമാനിക്കാൻ വരുംതലമുറകൾക്കും കഴിയണം. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യവുമെല്ലാം കാത്തുസൂക്ഷിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടതുണ്ട്.

രാജ്യത്തോടും ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വിശ്വാസപ്രഖ്യാപനത്തിന്റെ തുടർമുദ്രകൂടി ഈ റിപ്പബ്ലിക്ദിന ജൂബിലിയിൽ പതിയട്ടെ. പാർലമെന്റിന്റെയും സർക്കാരിന്റെയും ഓരോ നടപടിയിലും സമൂഹത്തിന്റെ ജനാധിപത്യ ജാഗ്രതയിലും അതു പ്രതിഫലിക്കുകയും വേണം.

ജനാധിപത്യം പ്രകാശമാനമായി നിലനിർത്താനും ബാഹ്യവും ആഭ്യന്തരവുമായ ഭീഷണികളെയും സമ്മർദങ്ങളെയും അതിജീവിക്കാനും ലോകനിലവാരമുള്ള വികസനത്തിലേക്കുള്ള വേഗച്ചിറകുകൾ തീർക്കാനും മഹത്തായ ഈ പിറന്നാൾ ഇന്ത്യൻ റിപ്പബ്ലിക്കിന് ഊർജം പകരട്ടെ.

English Summary:

Republic Day: India celebrates 75 glorious years of Republic Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com