ADVERTISEMENT

ഒരു കുഞ്ഞു പിറക്കുമ്പോൾ ഒരു അമ്മയും അച്ഛനും പിറക്കുന്നു എന്നാണു പറയാറ്. എന്നാൽ, തങ്ങളുടെ കുഞ്ഞ് മറ്റുള്ളവരെപ്പോലെ വളരുന്നില്ലെന്നോ വളർച്ചയിൽ വെല്ലുവിളി നേരിടുന്നെന്നോ അറിയുന്നതോടെ ഈ അച്ഛനമ്മമാരുടെ ജീവിതം താളംതെറ്റും. സങ്കീർണമായ അവസ്ഥയിലൂടെയാണു പിന്നീടവർ കടന്നുപോകുന്നത്. ചിലർ സമൂഹത്തിൽനിന്നു സ്വയം ഒളിച്ചോടും. പൊതുസമൂഹവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് അവർ സ്വയം ഒതുങ്ങിക്കൂടും.

ശാരീരികവും മാനസികവുമായ വളർച്ചാവെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച ‘കരുതലേകൂ, കരുത്തേകൂ’ പരമ്പര ഒട്ടേറെ രക്ഷിതാക്കളുടെ ആവലാതികളാണു തുറന്നുകാട്ടിയത്. ബൗദ്ധിക ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ പ്രശ്നങ്ങൾ ലാഘവത്തോടെ കാണേണ്ടതല്ലെന്നു പരമ്പര ചൂണ്ടിക്കാട്ടി. തങ്ങൾക്കു ശേഷം മക്കളുടെ ജീവിതമെന്താകുമെന്ന ആശങ്കയോടെയാണ് ഇതിൽ ഭൂരിഭാഗം രക്ഷിതാക്കളും കഴിയുന്നത്. തങ്ങളുടെ കണ്ണടയുന്നതിനു മുൻപേ മക്കളും ഈ ലോകത്തുനിന്നു രക്ഷപ്പെടണേ എന്നാണു പ്രാർഥനയെന്നു പലരും തുറന്നുപറയുന്നു.

ബൗദ്ധിക - മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ കുടുംബങ്ങളിൽ ഉണ്ടായിട്ടുള്ള കൂട്ട ആത്മഹത്യകളും മറ്റും അധികമാരുടെയും ശ്രദ്ധയിൽ വന്നിട്ടില്ല. രണ്ടുകൊല്ലത്തിനിടെ ഇങ്ങനെ 25 പേരാണു മരിച്ചതെന്ന് ഈ മേഖലയിൽ പഠനം നടത്തുന്നവർ ചൂണ്ടിക്കാണിക്കുന്നു. ഇതു നാം അറിഞ്ഞ കണക്കുകൾ മാത്രം; അറിയാത്ത സംഭവങ്ങൾ വേറെയുമുണ്ടാകും. ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സയ്ക്കും മരുന്നുകൾക്കും ബുദ്ധിമുട്ടു നേരിടുന്നതിനൊപ്പം തങ്ങളുടെ കാലശേഷം മക്കളുടെ ഭാവിയെന്താകും എന്നതു സംബന്ധിച്ച ആശങ്കകളും കൂട്ട ആത്മഹത്യകളുടെ കാരണമായി മാറുന്നു.

ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി ഒട്ടേറെ നിയമങ്ങളും സംവിധാനങ്ങളും പദ്ധതികളും പരിരക്ഷകളുമൊക്കെ ഇവിടെയുണ്ടെങ്കിലും അവയൊന്നും കൃത്യമായി നടപ്പാക്കാത്തതാണു രക്ഷിതാക്കളെ അലട്ടുന്നത്. ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ എങ്ങനെ നിഷേധിക്കാമെന്നാണു പല ഉദ്യോഗസ്ഥരും ചിന്തിക്കുന്നത്.

എല്ലാവരെയുംപോലെ എല്ലാ മനുഷ്യാവകാശങ്ങളും ഭിന്നശേഷിക്കാർക്കുണ്ടെന്നും ആരുടെയും ഔദാര്യം വാങ്ങി ജീവിക്കേണ്ടവരല്ല അവരെന്നുമുള്ള പൊതുബോധം സമൂഹത്തിനുണ്ടാകണം. തങ്ങളുടെ പ്രദേശത്തുള്ള ഇത്തരം കുടുംബങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തി ഇവരെ ചേർത്തുനിർത്താനുള്ള പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്.

18 വയസ്സ് പൂർത്തിയായ ബൗദ്ധിക ഭിന്നശേഷിക്കാർക്ക് എല്ലാ പഞ്ചായത്തിലും പകൽപരിപാലന, പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണമെന്നതാണു രക്ഷിതാക്കളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇത്തരക്കാരുടെ ദൈനംദിന കാര്യങ്ങൾ നോക്കാനായി രക്ഷിതാക്കളിലൊരാൾ സ്ഥിരമായി ഒപ്പം നിൽക്കേണ്ടിവരുന്നതോടെ കുടുംബവരുമാനം താളംതെറ്റും. ഇവർക്കായി പകൽപരിപാലനകേന്ദ്രം ഉണ്ടെങ്കിൽ രക്ഷിതാക്കൾക്കു ജോലിക്കു പോകാൻ സാധിക്കും. ഇവരുടെ ചികിത്സയ്ക്കുള്ള പണമെങ്കിലും അങ്ങനെ രക്ഷിതാക്കൾക്കു കണ്ടെത്താം. ഇവർക്കായി തൊഴിൽപരിശീലനത്തിനുള്ള പാഠ്യപദ്ധതി വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.

ബൗദ്ധിക പരിമിതിയുള്ള വ്യക്തികൾക്കു വിദ്യാഭ്യാസം നൽകുന്ന സ്പെഷൽ സ്കൂളുകളോടു സർക്കാർ അവഗണനയാണു കാണിക്കുന്നതെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. അർഹതയുള്ള സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി അനുവദിക്കുക, യോഗ്യതയുള്ള സ്പെഷൽ അധ്യാപകർക്കു സ്ഥിരനിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കു കാലങ്ങളുടെ പഴക്കമുണ്ട്.

കേരളത്തിലെ ഭിന്നശേഷിക്കാരെയും അവരുടെ ചുറ്റുപാടുകളെയും കുറിച്ചു പഠിക്കാൻ 2012ൽ ന‌ിയോഗിച്ച ഡോ. എം.കെ.ജയരാജ് കമ്മിഷന്റെ കണ്ടെത്തലുകളിൽ എന്തു നടപടിയുണ്ടായെന്ന് ആരും തിരക്കുന്നില്ല. ഭിന്നശേഷിക്കാരും രക്ഷിതാക്കളും നേരിടുന്ന പ്രശ്നങ്ങൾ ജില്ലകളിൽ സന്ദർശനം നടത്തി കമ്മിഷൻ പഠിക്കുകയും റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, റിപ്പോർട്ടിനെക്കുറിച്ചു പിന്നീടു ചർച്ചയോ പരാമർശങ്ങളോ ഉണ്ടായിട്ടില്ല.

മറ്റു രാജ്യങ്ങളിലെല്ലാം ഭിന്നശേഷിക്കാർക്കു പ്രത്യേക പരിഗണന ലഭിക്കുമ്പോൾ നമ്മുടെ നാട് അടിസ്ഥാനസൗകര്യങ്ങൾ പോലും നൽകുന്നില്ല എന്നതാണു സത്യം. സഹതാപമല്ല അവർ ചോദിക്കുന്നത്, ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശമാണ്. അതു നിഷേധിക്കുന്നതിന് ഒരു ന്യായീകരണവുമില്ല.

English Summary:

Kerala's Silent Crisis: The plight of families with intellectually disabled members

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com