ആ ചവിട്ടേറ്റത് നമ്മുടെ നെഞ്ചിൽ

Mail This Article
വഴിയോരത്ത് അതിക്രമംകണ്ട് ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഒറ്റച്ചവിട്ടിനു തീർത്തുകളയുന്ന നിഷ്ഠുരത - കേരളത്തിൽ ഏറിവരുന്ന അക്രമവാസനയുടെ ഞെട്ടിക്കുന്ന നേർസാക്ഷ്യമാണ് ഇന്നലെ കോട്ടയം തെള്ളകത്തു കണ്ടത്. ശ്യാംപ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടപ്പോൾ കേരളത്തിന്റെ മനസ്സാക്ഷികൂടിയാണ് ഉലഞ്ഞുപോയത്. പൊലീസിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ കാര്യമോ?
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന ശ്യാംപ്രസാദ് വീട്ടിലേക്കു മടങ്ങുന്നതിനിടെ വഴിയിൽ തർക്കവും ബഹളവും കണ്ട് ഇടപെടുകയായിരുന്നു. ക്രമസമാധാനപാലകന്റെ സ്വാഭാവിക ജാഗ്രതയ്ക്കും ഉത്തരവാദിത്തബോധത്തിനും വിലയായി അദ്ദേഹത്തിനു കൊടുക്കേണ്ടിവന്നതാകട്ടെ സ്വന്തം ജീവൻതന്നെയും. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും സ്കൂളിൽ പഠിക്കുന്ന മൂന്നു കുട്ടികൾക്കും സംഭവിച്ച തീരാനഷ്ടത്തിനു മുന്നിൽ എന്തുപറയാനാകുമെന്നറിയാതെ കേരളം തലകുമ്പിട്ടുനിൽക്കുന്നു.
പാലക്കാട്ട് ജാമ്യത്തിലിറങ്ങിയ പ്രതി അയൽക്കാരായ അമ്മയെയും മകനെയും കൊലപ്പെടുത്തിയിട്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. പൊലീസിനു മുന്നിൽ ഹാജരാകാൻ നിർദേശിക്കപ്പെട്ട ദിവസം ആലപ്പുഴ ചെന്നിത്തല സ്വദേശി പ്രായംചെന്ന മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ടു കത്തിച്ചുകൊന്നെന്ന കേസും കഴിഞ്ഞയാഴ്ചയായിരുന്നു. ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിന്റെ ഉള്ളുലച്ചിലിൽനിന്നു കേരളം മുക്തമായിട്ടില്ല.
സഹജീവിയോട് എന്തു ക്രൂരതയും കാണിക്കാൻ മടിയില്ലാത്തവണ്ണം മരവിച്ച മനസ്സുള്ളവരുടെ എണ്ണം പെരുകുകയാണ്. പൊതുഇടങ്ങളിൽ ആരും സുരക്ഷിതരല്ലെന്ന സ്ഥിതി ഭീതിജനകമാണ്. സമൂഹത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ആശങ്കാജനകമാംവിധം വർധിക്കുകയാണെന്നു സർക്കാർതന്നെ സമ്മതിക്കുന്നുണ്ട്. വിദ്യാർഥികളുടെ പക്കൽ ലഹരിമരുന്ന് കണ്ടെത്തുന്നതിലെ ആകുലത പങ്കുവയ്ക്കുന്ന അധ്യാപകരുടെ എണ്ണമേറുന്നു.
ലഹരിയുടെ വ്യാപനത്തിനൊപ്പം നിയമവിരുദ്ധശക്തികളുടെ നീണ്ടശൃംഖല കൂടിയാണു രൂപപ്പെടുന്നതെന്നതിലും തർക്കമില്ല. അങ്ങനെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും ഭീതിദമായ കുതിച്ചുകയറ്റമുണ്ടാകുന്നു. അവരിൽ പലരും നമ്മുടെ നാട്ടുകാരോ അയൽക്കാരോ സ്വന്തം വീട്ടിൽതന്നെയുള്ളവരോ ആകുമ്പോൾ കേരളം അരക്ഷിതത്വത്തിന്റെ നടുക്കയത്തിലാകുന്നു.
അക്രമത്തെ സ്വാഭാവികമെന്നു വിശേഷിപ്പിക്കുന്ന, അതിലുപരി ആഘോഷിക്കുകപോലും ചെയ്യുന്ന മനോഭാവം കേരളത്തിൽ വളർന്നു വരുന്നുണ്ടെന്നത് ഇനിയെങ്കിലും നാം ഗൗരവത്തോടെ കണക്കിലെടുത്തേ പറ്റൂ. ലഹരി ഉപയോഗവും അതിന്റെ സഹായത്തോടെയുള്ള കൊടുംക്രൂരതകളും ദൃശ്യവൽക്കരിക്കുന്ന സിനിമകൾക്കു ലഭിക്കുന്ന സ്വീകാര്യത ചർച്ച ചെയ്യപ്പെടേണ്ടതാണ്.
പൗരാവകാശങ്ങളും ക്രമസമാധാനവും തകർക്കുന്ന മട്ടിലേക്ക് അക്രമസംസ്കാരം വളരുന്നതു സർക്കാരും പൊതുസമൂഹവും ആശങ്കയോടെ കാണണം. ഒറ്റപ്പെട്ട വ്യക്തികൾക്കല്ല, സമൂഹത്തിനാണ് രോഗം ബാധിച്ചതെങ്കിൽ നിയമവാഴ്ച കൊണ്ടുമാത്രം വിഷമിറക്കാനാവില്ല. മാനുഷികതയിലൂന്നിയ കാഴ്ചപ്പാട് വളർത്തുകയാണ് അതിനുള്ള മരുന്ന്. നൂറു വർഷം മുൻപുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ കടുത്ത സാമൂഹിക ജീർണതയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നു സമകാലിക സാഹചര്യങ്ങൾ നമ്മോടു പറയുന്നു. പോയ കാലത്തെ നവോത്ഥാന പാരമ്പര്യത്തിന്റെ പെരുമ അയവിറക്കിക്കൊണ്ടിരിക്കാതെ, ഈ വർത്തമാനകാല വെല്ലുവിളിയെ നേരിടാനാണ് രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും വ്യക്തികളെന്ന നിലയിൽ നാം ഓരോരുത്തരും തന്നെയും ശ്രമിക്കേണ്ടത്.