കടൽമണൽ കോരൽ മത്സ്യസമ്പത്തിനു ഭീഷണി

Mail This Article
രാജ്യത്താദ്യമായി കടൽ കുഴിച്ചു മണൽവാരി വിൽപന നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തെ തീരമേഖലയിൽ ഉയരുന്നത്. കേരളം, ഗുജറാത്ത്, ആൻഡമാൻ– നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കടലിൽനിന്നു മണലും മറ്റു ധാതുക്കളും ഉൾപ്പെടെ ഖനനം ചെയ്യാൻ കേന്ദ്ര ഖനി മന്ത്രാലയം ടെൻഡർ ക്ഷണിച്ചതു വിവാദത്തിനും ആശങ്കകൾക്കും വാതിൽതുറന്നിരിക്കുന്നു. പരിസ്ഥിതി ആഘാത പഠനമടക്കം നടത്താതെയാണു കടൽമണൽ ഖനനത്തിനു നടപടി തുടങ്ങിയതെന്നതും പ്രതിഷേധത്തിനു കാരണമായി.
കേരളത്തിന്റെ കടൽമേഖലയിൽ നിർമാണ ആവശ്യത്തിനുള്ള 74.5 കോടി ടൺ മണൽശേഖരമുണ്ടെന്നാണു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയിലെ കണ്ടെത്തൽ. പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് മേഖലകളിലെ 10 ബ്ലോക്കുകളിൽ വൻതോതിലാണു ശേഖരം. കൊല്ലം ജില്ലയിലെ മൂന്നു ബ്ലോക്കുകളിൽ മാത്രം 30.242 കോടി ടൺ മണൽശേഖരമുണ്ടെന്നു പറയുന്നു. ഇതാണ് ആദ്യഘട്ടത്തിൽ സ്വകാര്യ കമ്പനികൾക്ക് അടക്കം ടെൻഡർ ചെയ്തുകൊടുക്കാൻ പോകുന്നത്. പിന്നാലെ, കേരളത്തിന്റെ മറ്റു മേഖലകളിലേക്കു ഖനനം വ്യാപിപ്പിക്കാനും നീക്കമുണ്ട്. 50 വർഷത്തേക്കു നൽകുന്ന ഖനനപ്പാട്ടം കൈക്കലാക്കാൻ ഏതൊക്കെ കമ്പനികളാകും എത്തുകയെന്ന് ഈ മാസം 28നു ടെൻഡറുകൾ തുറക്കുന്നതോടെ അറിയാം.
കേന്ദ്ര സർക്കാരിന്റെ നീല സമ്പദ്‌വ്യവസ്ഥ (ബ്ലൂ ഇക്കോണമി) നയത്തിന്റെ ചുവടുപിടിച്ച്, 2002ലെ ഓഫ്ഷോർ ഏരിയാസ് മിനറൽ (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) നിയമത്തിൽ (ഒഎഎംഡിആർ ആക്ട്) 2023ൽ കൊണ്ടുവന്ന സുപ്രധാന ഭേദഗതികളാണു തീരക്കടലിൽ ഉൾപ്പെടെ ധാതുഖനനത്തിനു കളമൊരുക്കുന്നത്. കടലിലെ ധാതുക്കളും ഖനിജങ്ങളും പ്രകൃതിവാതകങ്ങളും ഉൾപ്പെടെ എല്ലാ വിഭവങ്ങളും വരുമാന മാർഗങ്ങളാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. കേരളത്തിലുള്ള 74.5 കോടി ടൺ മണൽനിക്ഷേപം വരുന്ന 25 വർഷത്തെ ആവശ്യത്തിനു തികയുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. മണലിന്റെ റോയൽറ്റി, കപ്പൽ ഗതാഗതം, വ്യാപാരം, ജിഎസ്ടി എന്നിവ വഴി കോടികൾ കണ്ടെത്താമെന്നാണ് അവകാശവാദം.
മത്സ്യസമ്പത്തിന്റെ ശോഷണം, കടലാക്രമണം, ചുഴലിക്കാറ്റ് തുടങ്ങിയവമൂലം സംസ്ഥാനത്തെ പത്തര ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായ വേളയിലാണ് കടലിൽനിന്നു മണൽ കോരാനുള്ള തീരുമാനംകൂടി വന്നിരിക്കുന്നത്. കടൽമണൽ ഖനനത്തിന് ഇപ്പോൾ ടെൻഡർ ചെയ്തുകൊടുക്കുന്ന പ്രദേശങ്ങളിൽ രാജ്യത്തെ ഏറ്റവും സമൃദ്ധ മത്സ്യകേന്ദ്രമായ കൊല്ലം പരപ്പിലെ ഒരു ഭാഗവും ഉൾപ്പെടും എന്നതാണ് ആശങ്കകളുടെ പ്രധാന കാരണം.
തിരുവനന്തപുരം ജില്ലയിലെ വർക്കല മുതൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വരെ 85 കിലോമീറ്റർ നീളത്തിലും 3300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുമായി വ്യാപിച്ചുകിടക്കുന്ന മത്സ്യസങ്കേതമാണു ക്വയിലോൺ ബാങ്ക് എന്ന കൊല്ലം പരപ്പ്. കൂറ്റൻ യന്ത്രങ്ങളും ഡ്രജറും വന്ന് ഇതു കോരിയെടുക്കുമ്പോൾ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ പൂർണമായും തകരുമെന്നു സമുദ്ര ശാസ്ത്രജ്ഞരും മത്സ്യത്തൊഴിലാളി സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
നിർമാണ ആവശ്യങ്ങൾക്കുള്ള കടൽമണൽ ഖനനം ചെയ്യാനുള്ള പദ്ധതിയുടെ മറവിൽ, കരിമണലിൽനിന്നു കിട്ടുന്നതിനു തുല്യമായ ടൈറ്റാനിയം അടങ്ങിയ ധാതുമണലും കടലിൽനിന്നു വൻതോതിൽ കോരിയെടുക്കാൻ വഴിയൊരുങ്ങുമെന്ന ആശങ്കയുമുണ്ട്. ഫലത്തിൽ, കടൽമണലിനു പുറമേ, തന്ത്രപ്രധാനമായ ധാതുമണലും വൻതോതിൽ ചൂഷണം ചെയ്യപ്പെടും. യുറേനിയം, തോറിയം, മോണസൈറ്റ് എന്നീ ആണവധാതുക്കളുടെ കാര്യത്തിൽ മാത്രമാണ് നിലവിൽ നിയന്ത്രണം.
രാജ്യത്തിനു സഹസ്രകോടികളുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യസമ്പത്തിനെയും ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും നേരിട്ടുബാധിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കുംമുൻപ്, വിശദമായ ആഘാതപഠനം നടത്തേണ്ടതല്ലേ എന്ന ചോദ്യം ഗൗരവമുള്ളതാണ്.
ഒഎഎംഡിആർ നിയമത്തിലെ ഭേദഗതികളോടു 2023ൽ കേന്ദ്ര ഖനി മന്ത്രാലയം അഭിപ്രായം ചോദിച്ചപ്പോൾ, കടൽമണൽ ഖനനം വേണ്ടെന്നുവയ്ക്കണമെന്ന് ആവശ്യപ്പെട്ട കേരളം ഇപ്പോൾ ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ? പ്രതിഷേധം ശക്തമായിട്ടും സംസ്ഥാന സർക്കാർ പ്രതികരിച്ചുകാണാത്തതാണു സംശയത്തിനിട നൽകുന്നത്. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾ തേടാനും അവയിൽ പ്രതിഫലിക്കുന്ന വികാരം കേന്ദ്ര സർക്കാരിനു മുന്നിൽ അവതരിപ്പിച്ച് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കകൾക്കു പരിഹാരം കാണാനും ഇനിയൊട്ടും വൈകിക്കൂടാ.