ADVERTISEMENT

പത്തനംതിട്ട കലഞ്ഞൂരിൽ, രാത്രി മദ്യപിച്ചു വീട്ടിലെത്തിയ പിതാവ് പതിമൂന്നു വയസ്സുള്ള മകനെ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടുണ്ടായ ഞെട്ടലിൽനിന്നു കേരളം മോചനം നേടിയിട്ടില്ല. കുട്ടിയെ ബെൽറ്റും മറ്റും ഉപയോഗിച്ച്, മാസങ്ങളായി നിരന്തരം അതിക്രൂരമായി മർദിച്ചിരുന്ന പിതാവ് കഴിഞ്ഞദിവസം പിടിയിലായെങ്കിലും ആ വിലാപം മായാതെനിൽക്കുന്നു. ആ നിലവിളി എത്രയോ കുഞ്ഞുങ്ങളുടേതുകൂടിയാണ്.  

കേൾക്കാതിരിക്കരുത് ഈ നിലവിളികൾ. മലയാള മനോരമ കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച ‘ മറക്കുന്നോ മക്കളാണെന്ന്’ എന്ന പരമ്പരയിലാകെ ആ നിലവിളികൾ പെയ്യുന്നുണ്ട്. ഉപേക്ഷിക്കപ്പെടുന്ന, കൊല്ലപ്പെടുന്ന, ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന, ശാരീരികവും മാനസികവുമായി കൊല്ലാക്കൊല ചെയ്യപ്പെടുന്ന എത്രയെത്ര കുട്ടികൾ... ക്രൈം വാർത്തകൾക്കിടയിൽ ദിവസവും പെരുകുന്ന കുഞ്ഞുവിലാപങ്ങൾ കേരളത്തിന്റെ ഹൃദയത്തിനു മുറിവേൽപിക്കുന്നു. കവി വി.മധുസൂദനൻ നായർ ‘നാറാണത്തു ഭ്രാന്തൻ’ എന്ന കവിതയിൽ ‘ഓരോ ശിശുരോദനത്തിലും കേൾപ്പൂ ഞാൻ, ഒരുകോടി ഈശ്വരവിലാപം’ എന്നെഴുതിയത് ഇവിടെ ചേർത്തുവയ്ക്കാം.  

കുട്ടികളുടെ ശരീരത്തിനും മനസ്സിനും മുറിവേൽപിക്കാതിരിക്കണമെന്നു പഠിപ്പിക്കുന്ന സംസ്‌കാരം നമുക്കു കൈമോശം വരികയാണെന്നു കരുതണം. ഓരോ രണ്ടു മണിക്കൂറിലും നമ്മുടെ കേരളത്തിൽ ശരാശരി ഒരു കുട്ടി വീതം ലൈംഗികാതിക്രമത്തിന് ഇരയാകുന്നു. കഴിഞ്ഞവർഷം മാത്രം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത് 4594 പോക്സോ കേസുകൾ! ഓരോ ദിവസവും പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്നതാകട്ടെ ശരാശരി 14 കുട്ടികളുടെ നിലവിളികൾ.

കുട്ടികൾക്കു നേരെയുള്ള ലൈംഗികപീഡനങ്ങൾ പതിവാകുമ്പോഴും നമ്മുടെ പ്രതിരോധം ശക്തമാകുന്നില്ല. സർക്കാരും സമൂഹവും എന്തുകൊണ്ടാണ് ഒറ്റക്കെട്ടായി ഈ വൈകൃതത്തെ നേരിടാത്തത്? കേരളത്തിൽ കുട്ടികൾ ലൈംഗികപീഡനത്തിന് ഇരയാകുന്ന കേസുകളിലേറെയും പ്രതിസ്ഥാനത്ത് ബന്ധുക്കളാണെന്നതാണു ഖേദകരം. കുട്ടികൾ സ്വന്തം വീട്ടിൽ ഏറ്റവും സുരക്ഷിതരാണെന്ന പൊതുധാരണയിൽ വിള്ളലേൽക്കുകയാണ്. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയുമൊക്കെ തണലിൽ അവർക്ക് അപകടമൊന്നും സംഭവിക്കില്ലെന്ന വിശ്വാസം തെറ്റെന്നു തെളിയിക്കുന്ന സംഭവങ്ങൾ നാം തുടർച്ചയായി കേട്ടുപോരുന്നു. വീടുകൾക്കുള്ളിൽ കുട്ടികളെ ദ്രോഹിക്കുന്നത് ഏറ്റവും അടുപ്പമുള്ളവരാകുമ്പോൾ, പല സംഭവങ്ങളും പുറത്തുവരാതെ മൂടിവയ്ക്കപ്പെടുന്നുമുണ്ട്. പുറത്തുവരുന്നതാകട്ടെ, ക്രൂരതകളുടെ വളരെ ചെറിയൊരു ശതമാനം മാത്രവും.  

സംസ്ഥാനത്ത് കഴിഞ്ഞവർഷം 18 വയസ്സിനു താഴെയുള്ള 391 പേരാണ് ആത്മഹത്യ ചെയ്തതെന്നതു നമ്മെ നടുക്കേണ്ട കണക്കാണ്. കൗമാരക്കാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സാഹചര്യം, കാരണങ്ങൾ, പരിഹാരം എന്നിവ കണ്ടെത്താൻ പഠനം നടത്തുകയാണ് കേരള പൊലീസ്. 2020 മുതൽ ആത്മഹത്യ ചെയ്ത കൗമാരക്കാരുടെ പട്ടിക തയാറാക്കിയാണു കേസുകൾ വീണ്ടും പരിശോധിക്കുന്നത്.

ഉപേക്ഷിക്കപ്പെടുന്ന, ആക്രമണങ്ങൾക്കിരകളാകുന്ന കുട്ടികളെ സംരക്ഷിക്കാൻ ആത്മാർഥമായ ശ്രമങ്ങളുണ്ടെങ്കിലും ചില ശിശുസംരക്ഷണ കേന്ദ്രങ്ങളിലെങ്കിലും കുട്ടികൾ നേരിടുന്നതു കടുത്ത ക്രൂരതയാണ്. ഈ സങ്കീർണ സാഹചര്യത്തിൽ, നമ്മുടെ കുഞ്ഞുങ്ങളെ കാത്തുസൂക്ഷിക്കാൻ സർക്കാരും സമൂഹവും എടുക്കേണ്ട ശക്തമായ നിലപാടിനേറെ പ്രാധാന്യമുണ്ട്. പ്രശ്നങ്ങളിൽപെടുന്ന കുട്ടികളെ മികച്ച രീതിയിൽ പുനരധിവസിപ്പിക്കാൻ, ആത്മവിശ്വാസത്തിലേക്കു നയിക്കാൻ, സ്വയംപര്യാപ്തരാക്കാൻ ശക്തമായ സംവിധാനം ഉണ്ടായേതീരൂ. സർക്കാരിന്റെ കീഴിൽ മികച്ച സെന്ററുകൾ ഒരുക്കലാണു പ്രധാന പോംവഴി. കുട്ടികൾക്കു പ്രശ്നങ്ങൾ തുറന്നുപറയാനുള്ള സൗകര്യങ്ങൾ കൂടുതലായി ഒരുക്കേണ്ടതുണ്ട്.

സാമൂഹിക ജാഗ്രതയുടെ കരവലയത്തിനുള്ളിൽ, സർക്കാരിന്റെ നിരന്തര കരുതലിൽ, സുരക്ഷിതരായും സന്തുഷ്ടരായും നമ്മുടെ കുട്ടികൾ ജീവിക്കുന്നുവെന്ന് എന്തു വിലകെ‍ാടുത്തും ഉറപ്പുവരുത്തിയേതീരൂ. ഈ സ്േനഹത്തണലിലാണ് നമ്മുടെ കുട്ടികൾ വളരേണ്ടത്. തനിക്കെ‍ാപ്പം എല്ലാവരുമുണ്ടെന്ന ബോധ്യം അവരുടെ ആത്മവിശ്വാസമാകേണ്ടതുണ്ട്.

English Summary:

Kerala's Child Abuse Crisis: A call for urgent action

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com