നമ്മളൊന്നെങ്കിൽ അങ്ങനെ കാണണം

Mail This Article
ഭാരതം എന്ന മഹാവൃക്ഷത്തിലെ വൈവിധ്യമാർന്ന ചില്ലകളാണ് ഇവിടത്തെ ഓരോ സംസ്ഥാനവും. ഇന്ത്യയെന്ന ആശയത്തിന്റെ ആധാരശിലതന്നെ നാനാത്വത്തിലെ ഏകത്വമാണ്. രാജ്യത്തെ ഒരു സംസ്ഥാനവും മറ്റൊന്നിനെക്കാൾ മുന്നിലോ പിന്നിലോ അല്ല. സ്വാഭിമാനവും പരസ്പരബഹുമാനവുമാണ് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ. ബഹുസ്വരതയുടെയും െഎക്യത്തിന്റെയും ഏകശിലാരൂപത്തിൽ നിഴൽവീഴ്ത്തുന്ന ഏതുതരം ഇടപെടലും അപലപനീയമാണ്. തമിഴ്നാടിനെക്കുറിച്ചു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞദിവസം നടത്തിയ അപകീർത്തികരമായ പരാമർശം അതുകൊണ്ടുതന്നെ വൻ പ്രതിഷേധത്തിനു കാരണമായിരിക്കുന്നു.
തമിഴ്നാട്ടിൽ ദേശീയ വിദ്യാഭ്യാസനയം (എൻഇപി) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ലോക്സഭയിൽ നടന്ന ചർച്ചയിലാണ് പരാമർശമുണ്ടായത്. എൻഇപിയിലെ ത്രിഭാഷാനയത്തിലൂടെ ഹിന്ദി അടിച്ചേൽപിക്കുകയാണെന്നാരോപിച്ച് ഡിഎംകെ തുടങ്ങിവച്ച പോരാട്ടം ലോക്സഭയെ പിടിച്ചുകുലുക്കിയ വേളയിലായിരുന്നു മന്ത്രിയുടെ പരാമർശം. തമിഴ്നാട്ടിലെ ജനങ്ങളെ ‘അപരിഷ്കൃതർ’ എന്നു വിളിച്ച മന്ത്രി സംസ്ഥാനത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതായാണ് സഭയ്ക്കു പുറത്ത് ഡിഎംകെ നേതാവ് കെ.കനിമൊഴി ആരോപിച്ചത്. പറയാൻ പാടില്ലാത്ത വാക്കാണ് ഉപയോഗിച്ചതെന്നും പിൻവലിക്കുന്നെന്നും പിന്നീടു മന്ത്രി പറഞ്ഞെങ്കിലും ഒരു മഹനീയ സംസ്കൃതിക്കുനേരെയുള്ള വിലകുറഞ്ഞ പരാമർശത്തിലെ കൊടുംകയ്പ് ബാക്കിനിൽക്കുന്നു.
തമിഴ്നാടിന്റെ മാത്രമല്ല, ഈ രാജ്യത്തെ ഏതു സംസ്ഥാനത്തിന്റെയും തനിമയെയും ആത്മാഭിമാനത്തെയും ചോദ്യംചെയ്യുന്ന തരത്തിലുളള പരാമർശങ്ങൾ ഒരു കേന്ദ്രമന്ത്രിയിൽനിന്നുതന്നെ ഉണ്ടാവുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഫെഡറൽ സംവിധാനം പിന്തുടരുന്ന ഒരു രാജ്യത്തിനു ചേർന്നതല്ല ഈ ചിന്താഗതിയെന്നു തീർച്ച. സംസ്‌ഥാനങ്ങൾ ഉയർത്തുന്ന പ്രശ്‌നങ്ങൾ മുൻഗണനയോടെയും കരുതലോടെയും പരിഗണിക്കണമെന്ന് ആദ്യതവണ പ്രധാനമന്ത്രിയായി സ്‌ഥാനമേറ്റയുടൻ തന്റെ ഓഫിസിലെ ഉദ്യോഗസ്‌ഥരുടെ ആദ്യയോഗത്തിൽ നരേന്ദ്ര മോദി നിർദേശിച്ചതാണ്. അതിൽനിന്നു വിഭിന്നമായ നിലപാടുകൾ ഒരു ബിജെപി മന്ത്രിയിൽനിന്നുതന്നെ ഉണ്ടാവുമ്പോൾ കളങ്കംവീഴുന്നത് നാം വാഴ്ത്തുന്ന ആ ഫെഡറൽ സംവിധാനത്തിൽതന്നെയല്ലേ?
ഏക മതം, ഏക ഭാഷ, ഏക സംസ്കാരം എന്ന ചിന്താഗതി അടിച്ചേൽപിക്കുന്നവർ നമ്മുടെ ഒരുമ തകർക്കാനാണു നോക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞത് മൂന്നു വർഷംമുൻപു തൃശൂരിൽ നടന്ന മനോരമ ന്യൂസ് ‘കോൺക്ലേവി’ലാണ്. ശക്തമായ സംസ്ഥാനങ്ങളാണ് ഫെഡറലിസത്തിന് അടിത്തറയിടുന്നതെന്നും മതനിരപേക്ഷതയും സോഷ്യലിസവും സാമൂഹികനീതിയും പോലുള്ള മൂല്യങ്ങളാണ് ഇന്ത്യയുടെ ഇതുവരെയുള്ള പുരോഗതിയുടെ അടിസ്ഥാനമെന്നുകൂടി ഓൺലൈനായി പങ്കെടുത്ത് അദ്ദേഹം അന്നു പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളെ മന്ത്രി ധർമേന്ദ്ര പ്രധാൻ അപമാനിക്കുന്നതിനോടു പ്രധാനമന്ത്രി യോജിക്കുന്നുണ്ടോ എന്നു സ്റ്റാലിൻ കഴിഞ്ഞദിവസം ചോദിച്ചത് ഇതോടു ചേർത്തുവയ്ക്കാവുന്നതാണ്.
രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ യോജിപ്പിക്കാൻ കഴിയുമെന്നും പറഞ്ഞ്, ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കാമെന്ന നിർദേശവുമായി ആറു വർഷംമുൻപു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തുവന്നതു വ്യാപകമായ വിമർശനത്തിനു കാരണമായതുകൂടി ഓർമിക്കാം. ത്രിഭാഷാനയവുമായി ബന്ധപ്പെട്ട കാര്യങ്ങളോടു യോജിക്കാനും വിയോജിക്കാനും ഓരോ സംസ്ഥാനത്തിനും അവകാശമുണ്ട്. എന്നാൽ, അതിനോടു ജനാധിപത്യപരമായി പ്രതികരിക്കുന്നതിനുപകരം, എതിർക്കുന്നവർക്കുനേരെ അപലപനീയ പരാമർശം നടത്തുന്നതിനു ന്യായീകരണമില്ല.
സഭയിലെ ഭൂരിപക്ഷത്തിന്റെ പേരിൽ ഭാഷയടക്കം എന്തും അടിച്ചേൽപിക്കുന്നത് സ്വന്തം ഭാഷയിലും സംസ്കാരത്തിലും ജീവനോളം അഭിമാനിക്കുന്ന ഓരോരുത്തരെയും അപമാനിക്കുന്നതാണെന്നതിൽ സംശയമില്ല. എല്ലാ സംസ്ഥാനങ്ങൾക്കും ഭരണഘടന അംഗീകരിച്ച എല്ലാ ഭാഷകൾക്കും നമ്മുടെ രാജ്യത്ത് ഒരേ സ്ഥാനവും ഒരേ അന്തസ്സുമാണെന്ന് ആരും മറന്നുകൂടാ. അപമാനത്തിന്റെയും അടിച്ചമർത്തലിന്റെയും അധികാരസ്വരമുയരുമ്പോൾ അത് അപലപനീയം മാത്രമല്ല, വേദനാജനകവുമാണ്. അതുകൊണ്ടുതന്നെയാണ് സ്വാഭിമാനത്തിനുവേണ്ടിയുള്ള തമിഴ്‌നാടിന്റെ പ്രതിഷേധം ഏറെ പ്രസക്തമാകുന്നത്.