ആർഎസ്എസ് നൂറിലെത്തുമ്പോൾ

Mail This Article
രാഷ്ട്രീയ സ്വയംസേവക സംഘം 100 വർഷം പൂർത്തിയാക്കുകയാണ്. ഈ അവസരം ആഘോഷിക്കാനുള്ളതല്ല, ആത്മപരിശോധന നടത്താനും ലക്ഷ്യത്തിനായി പുനർസമർപ്പിക്കാനുമുള്ളതാണെന്ന് സംഘത്തിനു തുടക്കം മുതൽ വ്യക്തമാണ്. പ്രസ്ഥാനത്തെ നയിച്ചവരെയും ഈ യാത്രയിൽ നിസ്വാർഥമായി പങ്കുചേർന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും പരമ്പരയെയും അംഗീകരിക്കാനുള്ള അവസരം കൂടിയാണിത്. ലോകശാന്തിക്കും സമൃദ്ധിക്കുംവേണ്ടി സൗഹാർദപൂർണവും ഏകാത്മവുമായ ഭാവിഭാരതത്തിനായി ഈ നൂറു വർഷത്തെ യാത്രയെ മുന്നിൽനിർത്തി ദൃഢനിശ്ചയം ചെയ്യുന്നതിനു സംഘസ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മദിനവും ഹിന്ദു കലണ്ടറിലെ ആദ്യദിനവുമായ വർഷ പ്രതിപദയെക്കാൾ (യുഗാദി– മാർച്ച് 30) മികച്ച സന്ദർഭം വേറെയില്ല.
കൊൽക്കത്തയിൽ വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കുന്നതിനിടയിൽത്തന്നെ, സായുധവിപ്ലവം മുതൽ സത്യഗ്രഹം വരെ ഭാരതത്തെ ബ്രിട്ടിഷ് കോളനിവാഴ്ചയിൽനിന്നു മോചിപ്പിക്കാൻ നടത്തിയ എല്ലാ പരിശ്രമങ്ങളിലും ഡോ. ഹെഡ്‌ഗേവാർ നേരിട്ടു പങ്കാളിയായി.

രാഷ്ട്രത്തിനുവേണ്ടി ജീവിക്കാൻ ജനങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള സ്ഥിരമായ ശ്രമങ്ങളുടെ ഒരു രീതി ആവിഷ്കരിക്കാൻ അദ്ദേഹം തീരുമാനിച്ചു. ശാഖാരീതിയെ അടിസ്ഥാനമാക്കിയുള്ള സംഘത്തിന്റെ നൂതനവും അതുല്യവുമായ പ്രവർത്തനം രാഷ്ട്രീയ സമരങ്ങൾക്കപ്പുറമുള്ള ഈ ചിന്തയുടെ ഫലമാണ്.
ഹെഡ്‌ഗേവാറിന്റെ ജീവിതകാലത്തുതന്നെ സംഘത്തിന്റെ പ്രവർത്തനം ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങളിലുമെത്തി. സംഘടനയുടെ മന്ത്രം ദേശീയ ജീവിതത്തിന്റെ വിവിധ മേഖലകളിൽ സംഘടനാ ഊർജം പകരുന്ന തലത്തിലേക്കു വികസിച്ചു. രണ്ടാമത്തെ സർസംഘചാലകായ ശ്രീഗുരുജിയുടെ (മാധവ സദാശിവ ഗോൾവാൾക്കർ) മാർഗദർശനത്തിൽ, ദേശീയമൂല്യങ്ങളുടെ വെളിച്ചത്തിൽ എല്ലാം പുനഃക്രമീകരിക്കപ്പെട്ടു.

ആത്മീയപാരമ്പര്യത്തിലൂന്നി, മാനവികതയുടെ താൽപര്യങ്ങൾക്കായി പ്രധാനപങ്കു വഹിക്കാൻ കടമയുള്ള പുരാതന നാഗരികതയാണ് ഭാരതം. അടിയന്തരാവസ്ഥയിൽ ഭരണഘടന ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ സമാധാനപരമായ മാർഗങ്ങളിലൂടെ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തിൽ ആർഎസ്എസ് നിർണായകപങ്ക് വഹിച്ചു. 99 വർഷങ്ങളിലൂടെ സംഘം ഗണ്യമായ മുന്നേറ്റങ്ങൾ നടത്തി. എല്ലാ വിഭാഗങ്ങളെയും, എല്ലാ പ്രദേശങ്ങളെയും ഭാരതത്തിന്റെ സാംസ്കാരിക സ്വാതന്ത്ര്യത്തിനായി കൂട്ടിയിണക്കി. ദേശീയ സുരക്ഷ മുതൽ അതിർത്തി മാനേജ്മെന്റ് വരെ, പങ്കാളിത്തഭരണം മുതൽ ഗ്രാമവികസനം വരെ, ദേശീയ ജീവിതത്തിന്റെ ഒരു വശവും സ്വയംസേവകർ സ്പർശിക്കാതെയില്ല.
സമൂഹത്തിന്റെ സാംസ്കാരിക ഉണർവിലും ശരിയായ ചിന്താഗതിക്കാരുടെയും സംഘടനകളുടെയും ശക്തമായ ശൃംഖല സൃഷ്ടിക്കുന്നതിലുമാണ് സംഘം ഇപ്പോൾ ശ്രദ്ധിക്കുന്നത്. കുറച്ചുവർഷങ്ങളായി സാമൂഹിക പരിവർത്തനത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലും കുടുംബങ്ങളുടെ പവിത്രത പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധിക്കുന്നു.
ലോകമാതാ അഹല്യബായ് ഹോൾക്കറുടെ ത്രിശതാബ്ദി ആഘോഷിക്കാൻ സംഘം ആഹ്വാനം ചെയ്തതിനെത്തുടർന്ന് 27 ലക്ഷത്തിലധികം ആളുകളുടെ പങ്കാളിത്തത്തോടെ ഭാരതത്തിലുടനീളം പതിനായിരത്തോളം പരിപാടികൾ സംഘടിപ്പിച്ചു. പ്രവർത്തനം നൂറാം വർഷത്തിലേക്കു കടന്നപ്പോൾ, രാഷ്ട്രനിർമാണത്തിനായി വ്യക്തി നിർമാണം ബ്ലോക്ക്, ഗ്രാമതലങ്ങളിൽ സമ്പൂർണമായും എത്തിക്കണമെന്നു സംഘം തീരുമാനിച്ചു. ഒരു വർഷത്തിനിടെ പതിനായിരം ശാഖകൾ വർധിച്ചെന്നതു ദൃഢനിശ്ചയത്തിന്റെയും സ്വീകാര്യതയുടെയും അടയാളമാണ്. ഓരോ ഗ്രാമത്തിലും, ഓരോ സ്ഥലത്തും എത്തിച്ചേരുക എന്ന ലക്ഷ്യം ഇപ്പോഴും പൂർത്തീകരിക്കപ്പെടാത്ത ദൗത്യവും ആത്മപരിശോധനയ്ക്കുള്ള വിഷയവുമാണ്.
പഞ്ചപരിവർത്തനമെന്ന ആഹ്വാനം (മാറ്റത്തിനായി അഞ്ചു പദ്ധതികൾ) വരും വർഷങ്ങളിലും പ്രധാന ഊന്നലായി തുടരും. ശാഖാ വികാസത്തിനൊപ്പം, പൗരബോധം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, സാമൂഹിക സൗഹാർദ പെരുമാറ്റം, കുടുംബമൂല്യങ്ങൾ, സ്വത്വത്തിലൂന്നിയുള്ള വ്യവസ്ഥാപരമായ പരിവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാഷ്ട്രത്തെ മഹത്വത്തിന്റെ കൊടുമുടിയിലേക്കു നയിക്കുക എന്ന വലിയ ലക്ഷ്യത്തിൽ എല്ലാവരുടെയും പങ്ക് ഉറപ്പാക്കുകയും ചെയ്യും.
കാലാവസ്ഥാ വ്യതിയാനം മുതൽ അക്രമാസക്തമായ സംഘർഷങ്ങൾ വരെയുള്ള അനേകം വെല്ലുവിളികളുമായി ലോകം മല്ലിടുമ്പോൾ, അവയ്ക്കു പരിഹാരം കാണാൻ ഭാരതത്തിന്റെ പുരാതനവും അനുഭവസമ്പന്നവുമായ വിജ്ഞാനം കരുത്തുള്ളതാണ്.