ഒരു ചോർച്ചയുടെ കഥ

Mail This Article
എണ്ണമറ്റ വാട്സാപ് ഗ്രൂപ്പുകളിൽ അംഗങ്ങളാണല്ലോ നമ്മളിൽ മിക്കവരും. ഒരുദിവസം രാവിലെ എണീറ്റു ഫോൺ നോക്കുമ്പോൾ നമ്മളെ ആരോ ഒരു ഗ്രൂപ്പിൽ ആഡ് ചെയ്തിരിക്കുന്നു. ആരൊക്കെയാണ് ഗ്രൂപ്പിലെന്നു നോക്കുമ്പോഴാണ് ഞെട്ടൽ: ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പിന്നെ നമ്മളും! കിടുങ്ങിപ്പോകുന്ന നമ്മൾ ഉള്ള ജീവനുംകൊണ്ട് മിക്കവാറും രക്ഷപ്പെടും. എന്നാൽ, അങ്ങനെ ചെയ്തില്ല അമേരിക്കയിലെ ഒരാൾ. കാരണം, കക്ഷി ചില്ലറക്കാരനല്ല; വാഷിങ്ടൻ ഡിസിയിൽനിന്നുള്ള അറ്റ്ലാന്റിക് മാഗസിന്റെ എഡിറ്ററാണ്, പേര് ജെഫ്രി ഗോൾഡ്ബർഗ്. 1857ൽ തുടങ്ങിയ, പ്രശസ്തമായ മാഗസിനാണ് അറ്റ്ലാന്റിക്.
മുകളിൽ പറഞ്ഞ കഥയിലേതുപോലെ ജെഫ്രി ഗോൾഡ്ബർഗ് ആഡ് ചെയ്യപ്പെട്ട ഗ്രൂപ്പും നിസ്സാരമായിരുന്നില്ല. അമേരിക്കയുടെ ഭരണത്തലപ്പത്തെ പ്രമുഖരാണ് അവിടെയുണ്ടായിരുന്നത്: വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ (ഏതാണ്ട് ഇവിടത്തെ വിദേശകാര്യമന്ത്രി ), ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത് (ഇവിടത്തെ പ്രതിരോധമന്ത്രിക്കു തുല്യൻ), ദേശീയ ഇന്റലിജൻസ് മേധാവി തുൾസി ഗബാർഡ് ( ഇവർ ഈയിടെ ന്യൂഡൽഹിയിൽ എത്തിയിരുന്നു), അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ മേധാവി ജോൺ റാറ്റ്ക്ലിഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) മൈക്കിൾ വാൽട്സ്... അങ്ങനെ അതിപ്രബലരായ 18 പേർ!
നമ്മളിവിടെ വ്യാപകമായി ഉപയോഗിക്കുന്ന വാട്സാപ്പിൽ ആയിരുന്നില്ല അമേരിക്കക്കാർ ഗ്രൂപ്പുണ്ടാക്കിയത്. ‘സിഗ്നൽ’ എന്നു പേരുള്ള, വാട്സാപ്പിനു സമാനമായ മറ്റൊരു മെസേജിങ് ആപ്പിലായിരുന്നു ഈ പരിപാടി. യുഎസിൽ സർക്കാർ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും വ്യാപകമായി ഉപയോഗിക്കുന്നതാണ് സിഗ്നൽ. വാട്സാപ് പോലെ എൻക്രിപ്റ്റഡ് മെസേജിങ് ആണ് സിഗ്നലിന്റെയും പ്രത്യേകത. അതായത്, അയയ്ക്കുന്ന ആളും കിട്ടുന്ന ആളും മാത്രമേ മെസേജ് കാണൂ. ഇടയ്ക്കൊരാൾക്ക് ഇടിച്ചുകയറി സന്ദേശങ്ങൾ വായിക്കാൻ പറ്റില്ല. അയച്ചു കഴിയുമ്പോൾതന്നെ സന്ദേശത്തെ കോഡുകളാക്കി കുഴച്ചുമറിക്കും. പിന്നെ, സ്വീകരിക്കുന്ന ആളുടെ ഇൻബോക്സിൽ എത്തുമ്പോഴേ നേരാംവണ്ണം മെസേജ് ആയി കാണൂ. ഏതാണ്ട് സുരക്ഷിതമാണെന്നർഥം. അതുകൊണ്ടാണ് മന്ത്രിമാരും മറ്റുമൊക്കെ ഇതുപയോഗിക്കുന്നത്.
അമേരിക്കയിൽ മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും ഒക്കെക്കൂടി മാധ്യമപ്രവർത്തകനെയും ചേർത്തു ഗ്രൂപ്പുണ്ടാക്കിയത് ചുമ്മാ സൊറ പറഞ്ഞിരിക്കാനോ എമ്പുരാൻ സിനിമ പ്രമോട്ട് ചെയ്യാനോ അല്ല എന്നിടത്താണ് കഥയുടെ കാതൽ! മൈക്കിൾ വാൽട്സ് ക്രിയേറ്റ് ചെയ്ത ഗ്രൂപ്പിന്റെ പേര് ‘ഹൂതി പിസി സ്മോൾ ഗ്രൂപ്പ്’ എന്നായിരുന്നു. യെമനിലെ ഹൂതി വിഭാഗത്തിനു നേരെ കുറെക്കാലമായി ആക്രമണം നടത്തിവരികയാണ് അമേരിക്ക. ചെങ്കടൽ വഴി കടന്നുപോകുന്ന തങ്ങളുടെ കപ്പലുകൾ ഹൂതികൾ ആക്രമിക്കുന്നുവെന്നതാണ് അമേരിക്കയുടെ പരാതി. ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ ഈ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാക്കാൻ തീരുമാനിച്ചു.
യെമനിൽ എവിടെയൊക്കെ, എപ്പോഴൊക്കെ ആക്രമിക്കും, ഏതൊക്കെ ആയുധങ്ങൾ ഉപയോഗിക്കും തുടങ്ങി ഒരു ഭരണകൂടത്തിന്റെ ഏറ്റവും ഉന്നതതലത്തിലെ വിവരങ്ങളാണ് അമേരിക്കൻ മന്ത്രിമാർ, മാധ്യമപ്രവർത്തകൻ അടങ്ങിയ സിഗ്നൽ ചാറ്റ് ഗ്രൂപ്പിൽ പങ്കുവച്ചത്.
ജെഫ്രി ഗോൾഡ്ബർഗ് അറ്റ്ലാന്റിക്കിൽ എഴുതിയപ്പോഴാണ് ഈ സംഭവം ലോകമറിയുന്നത്. എന്തായിരുന്നു ചാറ്റിലെ കൃത്യം വിവരങ്ങളൊന്നും ജെഫ്രി പക്ഷേ, തുറന്നെഴുതിയില്ല. അമേരിക്കൻ ഭരണകൂടത്തിനു വലിയ നാണക്കേടായി സംഭവമെന്നു പറയേണ്ടതില്ലല്ലോ.
ഇങ്ങനെയൊരു ചോർച്ചയേ ഉണ്ടായിട്ടില്ലെന്നായിരുന്നു അധികൃതരുടെ ആദ്യ വ്യാഖ്യാനം. ‘ഒരു യുദ്ധപരിപാടിയും ആരും ആർക്കും അയച്ചുകൊടുത്തിട്ടില്ലെന്ന്’ പീറ്റ് ഹെഗ്സെത് വിശദീകരിച്ചു. ‘സിഗ്നൽ ഗ്രൂപ്പിൽ ഒരു രഹസ്യവിവരവും ഷെയർ ചെയ്തിട്ടില്ലെന്ന് തുൾസി ഗബാർഡും ജോൺ റാറ്റ്ക്ലിഫും സെനറ്റിൽ അറിയിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ സംഗതി നിഷേധിച്ചു: ‘ഒരു രഹസ്യവും ചോർന്നിട്ടില്ല.’
ഇത്രയുമായതോടെ, അറ്റ്ലാന്റിക് രംഗത്തിറങ്ങി.‘ സിഗ്നൽ ഗ്രൂപ്പിലെ വിവരചോർച്ചയെക്കുറിച്ച് ആദ്യം പുറത്തുവിട്ട വാർത്തകളിൽ അതിലെ സൈനികരഹസ്യങ്ങളൊന്നും ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഞങ്ങളുടെ നയം അങ്ങനെയാണ്. പക്ഷേ, ഇപ്പോൾ ഞങ്ങൾ കള്ളം പറയുകയാണെന്നു പ്രസിഡന്റും മറ്റുള്ളവരും പറയുന്ന സ്ഥിതിക്കു വായനക്കാർ ആ ഗ്രൂപ്പിൽ വന്ന വിവരങ്ങൾ അറിയണമെന്നു ഞങ്ങൾ കരുതുന്നു’ എന്ന ആമുഖത്തോടെ അവർ ഗ്രൂപ്പ് ചാറ്റിലെ ചില വിവരങ്ങൾ പ്രസിദ്ധീകരിച്ചു. അതിൽ, ആക്രമണത്തിന്റെ വിശദാംശങ്ങളുണ്ടായിരുന്നു. ഗ്രൂപ്പിൽ ഈ വിവരങ്ങൾ വന്നതിനു പിന്നാലെയാണ് ഹൂതികൾക്കു നേരെ യെമനിൽ അമേരിക്കയുടെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തിനു മുൻപേ വിശദാംശങ്ങൾ ഒരു മാധ്യമപ്രവർത്തകനു കിട്ടിയിരുന്നു എന്നർഥം.
എങ്ങനെയാണ് ജെഫ്രി ഗോൾഡ്ബർഗ് അമേരിക്കൻ വൈസ് പ്രസിഡന്റും മറ്റുമുള്ള ആ ഗ്രൂപ്പിൽ വന്നത്? അദ്ദേഹം ഗ്രൂപ്പ് അട്ടിമറിച്ച് അതിൽ കയറിപ്പറ്റിയതല്ല. ഒരാൾക്കു സംഭവിച്ച അബദ്ധമാണ്. യെമൻ അടക്കം മധ്യപൂർവ ഏഷ്യയിലെ അമേരിക്കയുടെ സൈനിക ഇടപെടൽ കോഓർഡിനേറ്റ് ചെയ്യുന്ന 18 പേരാണ് സിഗ്നൽ ഗ്രൂപ്പിലുണ്ടായിരുന്നത്. അക്കൂട്ടത്തിൽ അബദ്ധത്തിൽ ജെഫ്രിയെയും ആഡ് ചെയ്യുകയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിൾ വാൽട്സിന്റെ ഓഫിസിലെ ജൂനിയറായ ഉദ്യോഗസ്ഥനാണ് അബദ്ധം പറ്റിയതെന്നാണു വിവരം.
ക്ലാസിഫൈഡ് (അതീവരഹസ്യ) വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ആവർത്തിക്കുമ്പോഴും, അറ്റ്ലാന്റിക്കിന്റെ എഡിറ്ററെ ഔദ്യോഗിക സിഗ്നൽ ഗ്രൂപ്പിൽ അംഗമാക്കിയ അബദ്ധം ട്രംപ് അടക്കമുള്ളവർ സമ്മതിച്ചുകഴിഞ്ഞു. അതുണ്ടാക്കിയ നാണക്കേട് അത്ര ചെറുതുമല്ല.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആ ഗ്രൂപ്പിൽ തങ്ങൾക്കു പരിചയമില്ലാത്ത ഒരു നമ്പർ ഉണ്ടായിരുന്നുവെന്ന കാര്യം അമേരിക്കയിലെ ഈ അതിപ്രമുഖർ അവസാനം വരെ ശ്രദ്ധിച്ചില്ലെന്നതാണ്! നമുക്കൊക്കെയുള്ള പാഠവും അതാണ്: വാട്സാപ്പിൽ ഗ്രൂപ്പുണ്ടാക്കുമ്പോൾ ശരിക്കും നോക്കണം – ഉദ്ദേശിച്ച ആളെത്തന്നെയാണോ അകത്തുകയറ്റിയതെന്ന്!