ADVERTISEMENT

പരീക്ഷയും മൂല്യനിർണയവും ഫലപ്രഖ്യാപനവുമെ‍ാക്കെ കുറ്റമറ്റു നടത്താൻ ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ പരീക്ഷ എഴുതുന്നവർക്കെതിരെയുള്ള കുറ്റംതന്നെയാണ്. വിദ്യാർഥികളുടെയും തെ‍ാഴിലന്വേഷകരുടെയും കഠിനാധ്വാനവും പ്രതീക്ഷകളുമൊക്കെ ചേർന്നതാണ് ഉത്തരക്കടലാസിന്റെ മൂല്യം. അതുകൊണ്ടുതന്നെ, അശ്രദ്ധകൊണ്ടും ഉത്തരവാദിത്തമില്ലായ്മകെ‍ാണ്ടും പരീക്ഷാനടപടികളിൽ കളങ്കമേൽപിക്കുന്നവർ കടുത്തതെറ്റാണു ചെയ്യുന്നത്. 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം സർവകലാശാലതന്നെ മറച്ചുവച്ചതും ചോദ്യക്കടലാസിനുപകരം ഉത്തരസൂചിക നൽകിയതിനെത്തുടർന്നു വകുപ്പുതല പരീക്ഷ കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) റദ്ദാക്കിയതും അനാസ്ഥയുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാകുന്നു.

കേരള സർവകലാശാലയിലെ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം കഴിഞ്ഞദിവസമാണു പുറത്തുവന്നത്. കഴിഞ്ഞ മേയിൽ നടത്തിയ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി അധ്യാപകൻ ഇക്കൊല്ലം ജനുവരിയിൽ അറിയിച്ചെങ്കിലും സർവകലാശാല അനങ്ങിയില്ല. ഏതാനും മാസം മുൻപ് അവസാന സെമസ്റ്റർ പരീക്ഷയും കഴിഞ്ഞെങ്കിലും ഫലപ്രഖ്യാപനം നീളുകയായിരുന്നു. കാരണമന്വേഷിച്ച് വിദ്യാർഥികൾ പലതവണ സർവകലാശാലയെ സമീപിച്ചശേഷം കഴിഞ്ഞ 17നു സിൻഡിക്കറ്റ് യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയപ്പോഴാണ് വിഷയം ഗൗരവതലത്തിലെത്തിയത്.

ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയതു മാത്രമല്ല, സർവകലാശാലാ പരീക്ഷാവിഭാഗം രണ്ടു മാസത്തോളം നടപടിയെടുത്തില്ല എന്നതും കുറ്റകരമായ അനാസ്ഥയാണ്. മാസത്തിലൊരിക്കൽ ചേരുന്ന സിൻഡിക്കറ്റ് ഉപസമിതി യോഗത്തിനു കാത്തുനിൽക്കുകയായിരുന്നു പരീക്ഷാവിഭാഗം. സമിതിയാകട്ടെ പുനഃപരീക്ഷ നടത്താനുള്ള തീരുമാനമെടുക്കാനും വൈകി. പരീക്ഷ നടന്ന് 8 മാസത്തിനുശേഷം മാത്രം മൂല്യനിർണയത്തിനായി ഉത്തരക്കടലാസുകൾ കൈമാറിയതും വലിയ വീഴ്ചയാണ്. വകുപ്പു മന്ത്രി ആർ.ബിന്ദുവടക്കം സർവകലാശാലയെ വെള്ള പൂശുന്നുണ്ടെങ്കിലും ഇതുമൂലം വിദ്യാർഥികൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് അതു മറുപടിയാകുന്നില്ല.

ഏപ്രിൽ ഏഴിനു പുനഃപരീക്ഷ നടത്തി ഒരാഴ്ചയ്ക്കകം ഫലം പ്രഖ്യാപിച്ചു തലയൂരാനാണ് ഇപ്പോൾ സർവകലാശാലയുടെ ശ്രമമെങ്കിലും ഇതു പ്രായോഗികമല്ലെന്ന വാദം ഉയരുന്നുണ്ട്. മറ്റു വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ ശരാശരി ഈ പേപ്പറിനു കണക്കാക്കി പ്രശ്നം പരിഹരിക്കാമെന്ന വാദവുമുണ്ട്. വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെടുന്നതിൽ നീതീകരണമില്ലെന്നും സെമസ്റ്ററിലെ മറ്റു പേപ്പറുകൾക്കു ലഭിച്ച മാർക്കിന്റെ ആനുപാതിക മാർക്ക് നഷ്ടപ്പെട്ട പേപ്പറിനും നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.

ഉത്തരക്കടലാസുകൾ സമയബന്ധിതമായി പരിശോധകർക്ക് എത്തിക്കുക, പരിശോധകരിൽനിന്നു കൃത്യസമയത്തു തിരികെവാങ്ങുക എന്നീ കാര്യങ്ങളിൽ കൂടുതൽ കൃത്യത വേണമെന്ന് ഇന്നലെ മലയാള മനോരമയിലെ ‘നോട്ടം’ പംക്തിയിൽ കാസർകോട് കേരള കേന്ദ്ര സർവകലാശാലാ മുൻ വൈസ് ചാൻസലർ ജി.ഗോപകുമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സർക്കാർ സർവീസിൽ ജീവനക്കാർ ഫയൽ നഷ്ടപ്പെടുത്തിയാൽ മേലുദ്യോഗസ്ഥർക്ക് അച്ചടക്കനടപടിയെടുക്കാമെങ്കിലും സർവകലാശാലയിൽ അങ്ങനെ ചെയ്യാൻ കഴിയാത്തവിധം അമിത രാഷ്ട്രീയവൽക്കരണം സംഭവിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

ചോദ്യക്കടലാസിനുപകരം ഉത്തരസൂചിക നൽകിയതിനെത്തുടർന്ന്, സർവേയർമാർക്കു സൂപ്രണ്ട് തസ്തികയിലേക്കു പ്രമോഷനുവേണ്ടി ശനിയാഴ്ച നടത്തിയ പരീക്ഷ പിഎസ്‌സി റദ്ദാക്കിയിരിക്കുന്നു. വൈകാതെ പുനഃപരീക്ഷ നടത്താനാണു തീരുമാനം. സാധാരണ ആറു മാസം കൂടുമ്പോഴാണ് വകുപ്പുതല പരീക്ഷയെങ്കിലും ഇത്തവണ രണ്ടു വർഷമാണു വൈകിയത്. ഇനിയും പരീക്ഷ വൈകിക്കുന്നതു തെ‍ാഴിലന്വേഷകരോടുള്ള കടുത്ത ക്രൂരതയാണെന്നതിൽ സംശയമില്ല.

ജോലി കൊടുക്കുക എന്നതാണ് പിഎസ്‍സിയുടെ ജോലി. യോഗ്യരായ ഉദ്യോഗാർഥികളെ സർക്കാർസേവനത്തിനു കണ്ടെത്തുക എന്ന മുഖ്യചുമതല ഈ സ്ഥാപനം പലപ്പോഴും കൃത്യമായി നിർവഹിക്കാത്തതു കേരളത്തിലെ ലക്ഷക്കണക്കിനാളുകളുടെ തൊഴിൽസ്വപ്നങ്ങളിൽ നിഴൽവീഴ്ത്തുന്നു. പരീക്ഷപോലും കുറ്റമറ്റു നടത്താൻ സാധിക്കാതെ വരുമ്പോൾ സംസ്ഥാന സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസിയുടെ പ്രതിഛായ എവിടെയാണ് നിൽക്കുന്നത്?

കുറച്ചുദിവസം മുൻപു നടന്ന പ്ലസ്ടു മലയാളം ചോദ്യക്കടലാസ് അക്ഷരത്തെറ്റുകളുടെ ഘോഷയാത്രയായത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. സർവകലാശാലാ പരീക്ഷകളുടെയും പിഎസ്‌സി പരീക്ഷകളുടെയുമെ‍ാക്കെ വിശ്വാസ്യതയെക്കുറിച്ചുതന്നെ സംശയങ്ങളുയരുന്ന സാഹചര്യം അത്യധികം നിർഭാഗ്യകരമാണ്. വിദ്യാർഥികളുടെയും തെ‍ാഴിലന്വേഷകരുടെയും ലക്ഷ്യബോധവും മനോവീര്യവും തകർക്കുന്ന ദുരനുഭവങ്ങളാണ് ഇവയെ‍‍ാക്കെ. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ പരീക്ഷാനടത്തിപ്പുകാരോടെ‍ാപ്പം സർക്കാർസംവിധാനങ്ങളും പരമാവധി ജാഗ്രത പുലർത്തേണ്ടതുണ്ട്. ഗുണമേന്മയെക്കുറിച്ചുള്ള ബോധം പരീക്ഷാനടത്തിപ്പിന്റെ എല്ലാ മേഖലയിലും വേരൂന്നിയേതീരൂ.

English Summary:

Editorial: Kerala University's lost MBA answer sheets and PSC's answer key blunder highlight alarming examination negligence. Students and job seekers suffer due to irresponsible handling of crucial exams; demanding accountability and systemic reforms.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com