വ്യാജന്മാരുടെ മേച്ചിൽപുറം

Mail This Article
ലോകത്ത് ഏറ്റവും സർഗാത്മകതയുള്ളത് ആർക്കെന്നാണു കരുതുന്നത്? കലാകാരന്മാർക്കെന്നു പെട്ടെന്നു തോന്നുമെങ്കിലും അതിലേറെ മിടുക്കുള്ള ഒരു കൂട്ടരുണ്ട് – കള്ളന്മാരും തട്ടിപ്പുകാരും!
എന്തെല്ലാം പുതുമകളാണ് അവർ കാര്യം കാണാൻ കണ്ടെത്തുന്നത്. ഓൺലൈനായും അല്ലാതെയും അവർ സഞ്ചരിക്കുന്ന വഴികൾ നമ്മളെ അദ്ഭുതപ്പെടുത്തും. അല്ലെങ്കിൽ ആലോചിച്ചു നോക്കൂ, ബാങ്കുകളുടെ വ്യാജ ബ്രാഞ്ച് തുടങ്ങി തട്ടിപ്പു നടത്തണമെങ്കിൽ കുറച്ചൊന്നും മിടുക്കു പോരല്ലോ. ഛത്തീസ്ഗഡിലെ ഛപ്പോര ഗ്രാമത്തിൽ ഈയിടെ തട്ടിപ്പുകാർ തുടങ്ങിയത് ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാൽകൃത ബാങ്കിന്റെ വ്യാജശാഖയാണ്! ഇവിടേക്ക് അവർ റിക്രൂട്മെന്റ് വരെ നടത്തി. പരീക്ഷയും അഭിമുഖവും കഴിഞ്ഞ് നിയമന ഉത്തരവു കിട്ടിയപ്പോൾ ചിലർക്കു തോന്നിയ സംശയമാണു വ്യാജബാങ്കിന്റെ കഥകഴിച്ചത്.
ബാങ്കൊക്കെ ചെറുത്, ഗുജറാത്തിൽ കഴിഞ്ഞ ഒക്ടോബറിൽ പൊലീസ് പിടികൂടിയത് എന്താണെന്നറിയാമോ? വ്യാജ കോടതി! 5 വർഷമാണു വ്യാജ കോടതിയും അതിലെ വ്യാജ ജഡ്ജിമാരും കേസുകൾ കേട്ടതും വിധിപ്രസ്താവം നടത്തിയതും. അവിശ്വസനീയമെന്നു തോന്നുന്നെങ്കിൽ ഇതും കേട്ടോളൂ, ഗുജറാത്തിൽതന്നെ വ്യാജ ടോൾ പ്ലാസ പ്രവർത്തിച്ചത് 12 വർഷമാണ്. 75 കോടി രൂപയാണ് പൊലീസ് പിടികൂടും മുൻപ് അവർ നാട്ടുകാരിൽനിന്നു പിരിച്ചെടുത്തത്. കേരളത്തിലാണെങ്കിൽ ഏതെങ്കിലും റോഡിൽ ടോൾ വന്നാൽ സമരവും ബഹളവുമൊക്കെ ഉണ്ടാകും. അവിടെ ഒന്നുമുണ്ടായില്ല, ആരും സംശയിച്ചില്ല!
-
Also Read
ചാരെയുണ്ട് ചാരൻ
ഇതുകൊണ്ടൊന്നും തീരുന്നില്ല തട്ടിപ്പുകാരുടെ ലീലാവിലാസങ്ങൾ. 3 വർഷം മുൻപ് ബിഹാറിലെ ബങ്കയിൽ പൊലീസ് പിടികൂടിയത് എന്താണെന്നു കേട്ടാൽ പൊലീസുകാർപോലും ചിരിച്ചുപോകും – വ്യാജ പൊലീസ് സ്റ്റേഷൻ! യൂണിഫോമിട്ട, നക്ഷത്രചിഹ്നങ്ങളുള്ള, തോക്കേന്തിയ നല്ല ഒന്നാംതരം പൊലീസുകാരാണ് ഇവിടെ ‘ജോലി’ ചെയ്തിരുന്നത്. പരാതികളുമായി എത്തുന്നവരിൽനിന്നു പണം വാങ്ങുക, കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി വാങ്ങുക തുടങ്ങിയ വമ്പിച്ച കലാപരിപാടികളാണു വ്യാജ പൊലീസ് നടത്തിയിരുന്നത്. തോക്കുമായി നടക്കുകയായിരുന്ന വ്യാജ പൊലീസുകാരനെ കണ്ട് യഥാർഥ പൊലീസുദ്യോഗസ്ഥനു തോന്നിയ സംശയമാണ് വ്യാജ സ്റ്റേഷൻ അടച്ചുപൂട്ടുന്നതിലേക്കു നയിച്ചത്!
ഇത്തരം തട്ടിപ്പുസംവിധാനങ്ങളെല്ലാം ഒരുമിച്ചെത്തിയ സംഭവം ഈയിടെ ഉണ്ടായത് ഡൽഹിക്കടുത്തു നോയിഡയിലാണ്. അവിടെ റിട്ട. കോളജ് അധ്യാപകന്റെ ഫ്ലാറ്റിൽ എത്തിയത് വ്യാജ കോടതി ഉദ്യോഗസ്ഥൻ. അയാൾ കൊണ്ടുവന്നത് ലഹരിമരുന്നുകേസിൽ പ്രഫസറെ അറസ്റ്റ് ചെയ്യാനുള്ള വ്യാജ വാറന്റ്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ അകത്തേക്കു കയറ്റിവിട്ടില്ല. മടങ്ങിപ്പോയ വ്യാജ കോടതിക്കാരൻ വീണ്ടും വന്നപ്പോൾ വേറൊരാൾ ഒപ്പമുണ്ടായിരുന്നു – വ്യാജ പൊലീസുകാരൻ! വ്യാജന്മാരുടെ ഒന്നാന്തരം സഖ്യം.
ഇതെല്ലാം നേരിട്ടു നടന്ന ചില തട്ടിപ്പുകളാണെങ്കിൽ, ഓൺലൈനിൽ ഇതിനെ വെല്ലുന്ന ഡിജിറ്റൽ വ്യാജന്മാർ ഉണ്ടെന്നു നമുക്കറിയാം. പൊലീസും കോടതിയും സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എന്നുവേണ്ട സകല ഏജൻസികളുടെയും വ്യാജന്മാർ ഓൺലൈനിലുണ്ട്. ഇവർ നടത്തുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന കലാപരിപാടിയിലൂടെ കോടികളാണു നഷ്ടമാകുന്നത്. 2024ൽ മാത്രം ഇന്ത്യയിൽ 1,953 കോടി രൂപയാണ് സൈബർ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്.
അത്തരമൊരു സൈബർ തട്ടിപ്പിന്റെ കഥ കഴിഞ്ഞ ദിവസം കണ്ണൂരിൽ കണ്ടപ്പോഴാണ് ഇവർ എത്ര മികച്ച ‘കലാകാരന്മാർ’ ആണെന്നു തോന്നിപ്പോയത്. ഡിസ്കൗണ്ട് നിരക്കിൽ പശുക്കളെ വിൽക്കാനുണ്ടെന്നു ഫെയ്സ്ബുക്കിൽ വിഡിയോ പരസ്യം. ഇതുകണ്ടു കണ്ണൂരിലെ ഒരാൾ അവരുടെ ഫോണിൽ വിളിച്ചു. പശുക്കളുടെ ഫോട്ടോയും വിഡിയോയും വാട്സാപ്പിലെത്തി. ഒന്നാന്തരം പശുക്കൾ. കണ്ണുമടച്ച് ഓൺലൈനായി ഒരുലക്ഷം രൂപ കൈമാറി. തട്ടിപ്പുകാരാണെങ്കിലും നേരുള്ളവരാണ് അപ്പുറത്ത് – 3 പശുക്കളെ ലോറിയിൽ കയറ്റി അയയ്ക്കുന്ന ഫോട്ടോയും വിഡിയോയും അയച്ചുകൊടുത്തു. പക്ഷേ, കാത്തുകാത്തിരുന്നിട്ടും ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും ലോറിയുമില്ല, പശുവുമില്ല, ഒരു പുല്ലുമില്ല!
ഫെയ്സ്ബുക്കിൽ സേർച് ചെയ്താൽ പശുവിൽപനയുടെ നൂറുകണക്കിനു ഗ്രൂപ്പുകളും പോസ്റ്റുകളും കാണാം. ഏതാണ് വ്യാജൻ, ഏതാണ് ഒറിജിനൽ എന്നു കണ്ടെത്തുക ബുദ്ധിമുട്ടാണ്. പശുവിന്റെ കാര്യത്തിൽ മാത്രമല്ല, സമൂഹമാധ്യമങ്ങളിലും ഓൺലൈനിലുമൊക്കെയുള്ള എല്ലാത്തരം വിൽപനകളിലും ഈ റിസ്ക്കുണ്ട്. പണം കൊടുക്കുംമുൻപ് സൂക്ഷിക്കണം എന്നർഥം. വ്യാജ ബാങ്കും വ്യാജ പൊലീസ് സ്റ്റേഷനും വ്യാജ കോടതിയും വരെയുള്ള നാടാണ്, അപ്പോൾപ്പിന്നെ ഓൺലൈൻ കാര്യം പറയാനുണ്ടോ!