ADVERTISEMENT

വീട്ടിലെ പ്രസവം എന്ന ജീവൻവച്ചുള്ള ഞാണിന്മേൽക്കളിയിൽ ഒരു യുവതികൂടി ബലിയാടായിരിക്കുന്നു. പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻചുവട് കൊപ്രമ്പിൽ കുടുംബാംഗം അസ്മ എന്ന മുപ്പത്തഞ്ചുകാരി. മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽവച്ച് പ്രസവത്തിനിടെയാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച മരണം സംഭവിച്ചത്.

പ്രസവസമയത്ത് കൃത്യമായ വൈദ്യസഹായം അസ്മയ്ക്കു ലഭിച്ചില്ല. ഭർത്താവ് സിറാജുദ്ദീൻ മൃതദേഹം രഹസ്യമായി പെരുമ്പാവൂരിലെ അസ്മയുടെ കുടുംബവീട്ടിലെത്തിച്ചു കബറടക്കാൻ ശ്രമിച്ചത് യുവതിയുടെ ബന്ധുക്കൾ എതിർത്തതോടെ പൊലീസ് തടഞ്ഞു. ഭർത്താവിനെതിരെ കേസെടുത്തിട്ടുമുണ്ട്.

ദമ്പതികളുടെ ആദ്യത്തെ രണ്ടു കുട്ടികളുടെയും ജനനം ആശുപത്രിയിലായിരുന്നു, പിന്നീടുള്ള മൂന്നു പ്രസവം വീട്ടിലും. അഞ്ചാം തവണ അസ്മ ഗർഭിണിയായപ്പോൾ വിവരം അയൽവാസികളിൽനിന്നും ആരോഗ്യവകുപ്പ് അധികൃതരിൽനിന്നും മറച്ചുവച്ചു. രണ്ടു മാസം മുൻപു വീട്ടിലെത്തിയ ആശാ പ്രവർത്തക ആരാഞ്ഞപ്പോൾ ഗർഭിണിയല്ലെന്നായിരുന്നു അസ്മയുടെ മറുപടി. പ്രസവവും മരണവും അയൽക്കാർപോലും മാധ്യമങ്ങളിലൂടെയാണ് അറി‍ഞ്ഞത് എന്നുകൂടി വരുമ്പോൾ ആരോഗ്യരംഗത്തെ കേരളത്തിന്റെ ബോധവൽക്കരണശ്രമങ്ങൾ ഫലവത്താകാത്തയിടങ്ങൾ ശേഷിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. കേരളം ഒന്നിച്ച് ഏറ്റെടുക്കേണ്ട വെല്ലുവിളിയുമാണത്.

2021 ഏപ്രിൽ മുതൽ നാലരവർഷത്തിനിടെ സംസ്ഥാനത്ത് 2931 വീട്ടുപ്രസവങ്ങളുണ്ടായെന്നാണ് കണക്ക്. 2021 ഏപ്രിൽ മുതൽ കഴിഞ്ഞ ഡിസംബർ വരെയുണ്ടായ വീട്ടുപ്രസവങ്ങളിൽ 18 കുട്ടികൾ മരിച്ചെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു. അമ്മ മാത്രവും അമ്മയും കുഞ്ഞും മരിച്ച സംഭവങ്ങളുമുണ്ട്.

വീട്ടിലെ പ്രസവങ്ങളുടെ കണക്കുകൾ ഇതരസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ വളരെക്കുറവാണ്. പക്ഷേ, തീർത്തും ഒഴിവാക്കാനായിട്ടില്ല എന്നതു ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട വിഷയം തന്നെയാണ്. വീട്ടിലെ പ്രസവം തടയാനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം താനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. കെ.പ്രതിഭ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്.

വീട്ടിലെ പ്രസവം എങ്ങനെയൊക്കെ അപകടകരമാകാമെന്നു ഹർജി ചൂണ്ടിക്കാട്ടുന്നു. അമ്മയുടെയും കുഞ്ഞിന്റെയും അതിജീവനം സംബന്ധിച്ച ആശങ്കയാണ് അതിൽ പ്രധാനം. പ്രസവശേഷമുള്ള അമിത രക്തസ്രാവം, രക്താതിമർദം, അണുബാധ തുടങ്ങിയവ പ്രശ്നങ്ങൾ ജീവനെ ബാധിക്കാം. കുഞ്ഞിന്റെ താളം തെറ്റിയ ഹൃദയമിടിപ്പ് തുടങ്ങിയവ പരിഹരിക്കാൻ ആശുപത്രികളിലേയുള്ളൂ സംവിധാനം. ഇതിനു പുറമേ പ്രസവത്തിലുണ്ടാകുന്ന സങ്കീർണതകൾ പിന്നീട് അമ്മയുടെയും കുഞ്ഞിന്റെയും മാനസികാരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.

സമീപകാലത്ത് വീട്ടിലെ പ്രസവങ്ങൾ കുഞ്ഞിന്റെയോ അമ്മയുടെയോ മരണത്തിന് ഇടയാക്കിയപ്പോഴൊക്കെ അക്യുപംക്ചർ ഉൾപ്പെടെ ചില ചികിത്സാരീതികളുടെ പേരും അതിനോടു ചേർന്ന് ഉയർന്നുവന്നിട്ടുണ്ട്. യാഥാർഥ്യമെന്തായാലും, ചട്ടിപ്പറമ്പിലെ സംഭവവും അതിലേക്കു സൂചന നൽകുന്നുണ്ട്. അക്യുപംക്ചർ ചികിത്സ പഠിച്ചവരാണ് മരിച്ച അസ്മയും ഭർത്താവ് സിറാജുദ്ദീനും എന്നും പറയുന്നു. കഴിഞ്ഞവർഷം തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിലും അക്യുപംക്ചർ പരീക്ഷിച്ചതായി കണ്ടെത്തിയിരുന്നു. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന പ്രകൃതിചികിത്സകരുമുണ്ട്. ബദൽ ചികിത്സകളുടെ പേരിൽ ഇതിനൊക്കെ തുനിഞ്ഞ് അപകടം സംഭവിക്കുമ്പോൾ മാത്രം ആശുപത്രികളിലെത്തുന്നവർക്ക് അതു നേരത്തേ ആയിക്കൂടേയെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചോദിക്കുന്നതിൽ സാംഗത്യമുണ്ട്.

മതസംവിധാനങ്ങളൊന്നും വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ, ചിലരെങ്കിലും അമിതമോ അന്ധമോ ആയ വിശ്വാസം കാരണം പ്രസവം വീട്ടിലാക്കുന്നു. മതനേതാക്കൾകൂടി നേതൃത്വം നൽകുംവിധമുള്ള ബോധവത്കരണമാണ് ഇക്കാര്യത്തിൽ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന മറുമരുന്ന്. അതു സർക്കാർ പരിഗണിക്കേണ്ടതുമാണ്. 

വീട്ടിലെ പ്രസവത്തിന്റെ അപകടം പലർക്കും ഇനിയും ബോധ്യമായിട്ടില്ലെന്നു ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. വീട്ടുപ്രസവങ്ങൾ തടയാൻ ഗർഭിണികൾക്കു മാത്രമല്ല ഭർത്താക്കൻമാർക്കും കുടുംബാംഗങ്ങൾക്കും ബോധവത്കരണം വേണം. നിയമനടപടികളും ശക്തമാക്കേണ്ടതുണ്ട്. വീട്ടിലെ പ്രസവങ്ങളുടെ അശാസ്ത്രീയതയും അപകടവും മുൻപുതന്നെ വ്യക്തമായിട്ടുണ്ടെങ്കിലും അവ തടയാൻ നടപടികൾ ശക്തമായിട്ടില്ലെന്നും പഴുതടച്ച നടപടികൾ ആവശ്യമാണെന്നും അസ്മയുടെ മരണം ഓർമിപ്പിക്കുന്നു.

English Summary:

Editorial: Home delivery remains a dangerous gamble, tragically demonstrated by Asma's death in Kerala. This highlights the ongoing need for public awareness campaigns and stronger legal measures to prevent such preventable tragedies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com