കൂട്ടലല്ല, വേണ്ടത് കുറയ്ക്കൽ

Mail This Article
രാജ്യാന്തര എണ്ണവില 20% കുറഞ്ഞപ്പോൾ നമുക്കു കിട്ടിയത് പാചകവാതക വിലയിൽ 50 രൂപയുടെ വർധന. പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് നികുതി രണ്ടു രൂപ വീതം കൂട്ടുകയും ചെയ്തു. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം പെട്രോൾ– ഡീസൽ വില കൂടില്ലെങ്കിലും, അവകാശപ്പെട്ട ഇളവു ലഭിക്കില്ലെന്നത് അനീതിയും അന്യായവുമാണ്.
നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിലും വിവിധ നികുതിവർധനകളിലും വലയുന്നവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോ) വില കൂട്ടിയത്. സബ്സിഡിയുള്ള ‘പ്രധാനമന്ത്രി ഉജ്വല’ സ്കീമിലും ഇളവില്ല.
കഴിഞ്ഞ സാമ്പത്തികവർഷം രാജ്യാന്തര എൽപിജി വില 63% വരെ വർധിച്ചിട്ടും ജനങ്ങൾക്കു കുറഞ്ഞ വിലയ്ക്കു സിലിണ്ടർ വിറ്റതുമൂലം എണ്ണക്കമ്പനികൾക്ക് 41,338 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു നികത്താനാണ് നികുതിയിലും സിലിണ്ടർ വിലയിലുമുള്ള വർധനയെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറയുന്നു. എന്നാൽ, വിലയിലുള്ള കുറവു മുതലെടുത്ത് നികുതിവരുമാനം ഉയർത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന ആരോപണമാണ് ഉയരുന്നത്.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നിവയ്ക്ക് 2023– 24 സാമ്പത്തിക വർഷത്തിൽ 81,000 കോടിയുടെ അറ്റാദായമുണ്ടായെന്ന കണക്കുകൂടി ഇതോടൊപ്പം ചേർത്തുവയ്ക്കാം. മുൻവർഷങ്ങളെക്കാൾ വളരെ ഉയർന്ന നേട്ടമായിരുന്നു അത്.
യുഎസിന്റെ പകരംതീരുവ പ്രഖ്യാപനത്തെത്തുടർന്നു വിപണിയിലുണ്ടായ ഇടിവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 4 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 6 മാസം മുൻപു ബാരലിന് ശരാശരി 78 ഡോളറായിരുന്ന ക്രൂഡ് വില ഇപ്പോൾ 65 ഡോളറിലേക്കു താഴ്ന്നിട്ടുണ്ട്. മുൻപു ക്രൂഡ് വില കുത്തനെയിടിഞ്ഞ കോവിഡ്കാലത്തും കേന്ദ്രസർക്കാർ സമാനരീതിയിൽ അടിക്കടി നികുതിവർധന അടിച്ചേൽപിച്ചിരുന്നു. 2022 മേയിൽ കേന്ദ്ര എക്സൈസ് നികുതി പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചിട്ടുമുണ്ട്.
ഇന്ധനവില ദിനംപ്രതി നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കു കൈമാറിയ 2017 ജൂൺ മുതൽ വില പൊതുവേ വർധിക്കുകയായിരുന്നു. ദൈനംദിന വിലനിർണയരീതി കേന്ദ്ര സർക്കാർ രാജ്യത്തു നടപ്പാക്കിയതുതന്നെ, വിലയിടിവിന്റെ ആനുകൂല്യം അപ്പപ്പോൾ ജനങ്ങൾക്കു കൈമാറാനാകുമെന്ന വാഗ്ദാനത്തോടെയായിരുന്നുവെന്നും ഓർക്കണം. രാജ്യാന്തരവിപണിയിൽ വില കൂടുമ്പോൾ രാജ്യത്തു പെട്രോൾ, ഡീസൽ വിലയിലുണ്ടാകുന്ന മാറ്റം, വില കുറയുമ്പോൾ ഉണ്ടാകുന്നില്ല എന്നതു ജനങ്ങളോടുള്ള വെല്ലുവിളിതന്നെയാണ്.
കഴിഞ്ഞവർഷം മാർച്ചിൽ, പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപ് കേന്ദ്രം പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം കുറച്ചിരുന്നു. 22 മാസത്തിനുശേഷമായിരുന്നു വില കുറച്ചത്. ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) 100 രൂപയും കുറച്ചു. 5 നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുമുൻപ്, 2023 ഓഗസ്റ്റിൽ സിലിണ്ടറിന് 200 രൂപയാണു കുറച്ചത്. തിരഞ്ഞെടുപ്പുകാലങ്ങളിലെ ഇരട്ടത്താപ്പ് ഇതിനുമുൻപും രാജ്യം കണ്ടിട്ടുള്ളതാണ്.
കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ 2021 മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ‘നിയന്ത്രിക്കപ്പെട്ട’ ഇന്ധനവിലകൾ പിന്നീടു കുതിച്ചുയർന്നത് ഉദാഹരണം. തിരഞ്ഞെടുപ്പുഫലം വന്നശേഷം ആ വർഷം മേയ് നാലു മുതൽ പെട്രോൾ– ഡീസൽ വിലയിൽ തുടർച്ചയായ വർധനയാണുണ്ടായത്. എണ്ണക്കമ്പനികളാണു വില നിശ്ചയിക്കുന്നതെന്നും കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനില്ലെന്നുമുള്ള വാദത്തിന്റെ പൊള്ളത്തരമാണ് ഇവിടെ വ്യക്തമാകുന്നത്.
ഇന്ധനവിലയുടെ ഏകദേശം 60 ശതമാനവും നികുതിയിനത്തിൽ വാങ്ങുന്ന രാജ്യത്താണ് വീണ്ടും പെട്രോളിനും ഡീസലിനും നികുതി വർധിപ്പിച്ചത്. ഒരു രൂപയുടെ അധികഭാരംപോലും താങ്ങാനാവാത്ത അതിസാധാരണക്കാരുടെകൂടി രാജ്യമാണിതെന്നു ഭരണകൂടങ്ങൾ തിരിച്ചറിയുന്നില്ല. ഇപ്പോഴത്തെ വിലക്കയറ്റം പിടിച്ചുകെട്ടാനുള്ള ആത്മാർഥവും ഫലപ്രദവുമായ നിലപാടാണ് ഭരണാധികാരികളിൽനിന്നും രാഷ്‌ട്രീയനേതാക്കളിൽനിന്നും ജനം പ്രതീക്ഷിക്കുന്നത്.
അടുക്കളകളെ ആശങ്കയിലാക്കുന്നത് ഒരു സർക്കാരിനും ഭൂഷണമല്ലെന്നു തിരിച്ചറിഞ്ഞുള്ള മാനുഷികമായ ഇടപെടൽ അടിയന്തരമായി ഉണ്ടാകണം. സാധാരണക്കാരെ സാരമായി ബാധിക്കുന്ന പാചകവാതക വിലവർധന റദ്ദാക്കാനും ക്രൂഡ് വിലയിടിവിന്റെ പശ്ചാത്തലത്തിൽ പെട്രോൾ– ഡീസൽ വില കുറയ്ക്കാനുമാണ് കേന്ദ്ര സർക്കാർ തയാറാകേണ്ടത്.