6/11ന്റെ ഓർമ, 10/4ന്റെ വിജയം

Mail This Article
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യപ്രതികളിലൊരാളായ തഹാവൂർ ഹുസൈൻ റാണയെ 16 വർഷത്തിനുശേഷം ഇന്ത്യൻ നിയമത്തിനു മുന്നിലെത്തിക്കാനായത് രാജ്യത്തിന്റെ നയതന്ത്ര –നിയമ മേഖലകൾ കൈകോർത്തുനേടിയ വിജയം തന്നെയാണ്.
ഭീകരതയുടെ തോക്കിൻതുമ്പിൽ മഹാനഗരമാകെ ഞെട്ടിവിറച്ചുനിന്ന അറുപതു മണിക്കൂറുകളുടെ സങ്കടകരമായ ഓർമ ഇപ്പോഴും നമ്മളിൽ മായാതെനിൽക്കുമ്പോൾ ഈ നേട്ടത്തിന്റെ വിലയേറെയാണ്. 2008 നവംബർ 26നു മുംബൈയിലുണ്ടായ ഭീകരാക്രമണം രാഷ്‌ട്രഗാത്രത്തിലും ഇന്ത്യൻ ജനതയുടെ ആത്മാഭിമാനത്തിലുമുണ്ടാക്കിയ മുറിവുകൾക്ക് ആഴമേറേയായിരുന്നു. രാജ്യാന്തര ആസൂത്രണത്തോടെ നടന്ന ആ ആക്രമണ പരമ്പരയുടെ ഉദ്ദേശ്യം ഇന്ത്യയുടെ സാമ്പത്തിക സിരാകേന്ദ്രത്തെ തളർത്തുക എന്നതുതന്നെയായിരുന്നു.
ഛത്രപതി ശിവജി ടെർമിനസ് (സിഎസ്‌ടി) റെയിൽവേ സ്‌റ്റേഷൻ, താജ് - ഒബ്റോയ് ട്രൈഡന്റ് ഹോട്ടലുകൾ, നരിമാൻ ഹൗസ് തുടങ്ങിയയിടങ്ങളെല്ലാം ഭീകരർ ചോരയും കണ്ണീരുംകൊണ്ടു നിറച്ചു; വിദേശികളടക്കം 166 നിരപരാധികളെ കൊന്നൊടുക്കി; മുന്നൂറിലേറെ ആളുകളെ പരുക്കേൽപിച്ചു. ആ ആക്രമണപരമ്പരയേൽപിച്ച തളർച്ചയിൽനിന്നും ഞെട്ടലിൽനിന്നും വേഗംതന്നെ ജീവസ്സിന്റെ താളം വീണ്ടെടുത്ത് ഏതു ഭീകരർക്കും തകർക്കാനാവാത്തതാണ് നഗരത്തിന്റെ ആത്മവിശ്വാസമെന്ന് അപ്പോൾതന്നെ മുംബൈ തെളിയിക്കുകയും ചെയ്‌തു.
റാണയും കൂട്ടാളി ദാവൂദ് ഗീലാനി എന്ന ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും ചേർന്നാണു മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത്. കനേഡിയൻ വ്യവസായിയായ റാണ ഭീകരബന്ധക്കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് 2009 മുതൽ യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു. ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ നൽകിയ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് ഇവിടേക്കു കൊണ്ടുവരുന്നതിനുള്ള നിയമതടസ്സങ്ങൾ പൂർണമായി നീങ്ങിയത്.
തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത്, ഭീകരസംഘടനകൾക്കെതിരായ ഇന്ത്യയുടെ പോരാട്ട ചരിത്രത്തിലെ ഉജ്വല അധ്യായമാണ്. തഹാവൂർ റാണയെ വിട്ടുകിട്ടുന്നതിനായി യുഎസിൽ ഇന്ത്യ നടത്തിയ നിയമപോരാട്ടത്തിന്റെ നായകനായ സീനിയർ അഭിഭാഷകൻ ദയാൻ കൃഷ്ണൻ രാജ്യത്തിന്റെ അഭിനന്ദനം അർഹിക്കുന്നു. പ്രതികളെ ഇന്ത്യയിലെത്തിക്കാൻ നാം നടത്തുന്ന ശ്രമങ്ങൾക്ക് എൻഐഎയെ പ്രതിനിധീകരിച്ച് അദ്ദേഹമാണു നേതൃത്വം നൽകിയത്.
തഹാവൂർ റാണയെ ഇവിടെ ചോദ്യം ചെയ്യുന്നതോടെ, മുംബൈ ഭീകരാക്രമണത്തിനു പിറകിലെ പാക്കിസ്ഥാൻ ബന്ധത്തെക്കുറിച്ചു കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണു കരുതുന്നത്. പാക്ക് ചാരസംഘടനയായ ഐഎസ്ഐക്ക് മുംബൈ ഭീകരാക്രമണത്തിലുള്ള പങ്ക്, രാഷ്ട്രീയ പിന്തുണയുണ്ടായിരുന്നോ എന്നിവയായിരിക്കും ചോദ്യംചെയ്യലിലൂടെ മുഖ്യമായും അറിയാൻ ശ്രമിക്കുക. മുംബൈ ഭീകരാക്രമണത്തിനു പിറകിൽ പ്രവർത്തിച്ച ലഷ്കറെ തയിബ, ഹർക്കത്തുൽ ജിഹാദി ഇസ്‌ലാമി എന്നിവയെ യുഎപിഎ പ്രകാരം ഭീകരസംഘടനകളായി നേരത്തേ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചതു നേട്ടമാണെങ്കിലും മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതിയായ ഹെഡ്‌ലിയെ യുഎസ് വിട്ടുനൽകാതെ, അവിടെത്തന്നെ തടവിൽവച്ചിരിക്കുന്നത് നമുക്കു തിരിച്ചടിയുമാണ്. കേസിൽ റാണയെക്കാൾ ഗുരുതര കുറ്റം ചുമത്തപ്പെട്ടിരിക്കുന്നതു ഹെഡ്‌ലിക്കെതിരെയാണ്. പലതവണ ഇന്ത്യയിലെത്തുകയും മുംബൈയിൽ ആക്രമണം ലക്ഷ്യമിടുന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തി ലഷ്കറെ തയിബയ്ക്കു കൈമാറുകയും ചെയ്തതു ഹെഡ്‌ലിയാണ്. ഗൂഢാലോചനയിൽ പങ്കെടുത്തതും ഹെഡ്‌ലിക്കു വേണ്ട യാത്രാസഹായം ചെയ്തതുമാണു റാണയുടെ പേരിലുള്ള കുറ്റങ്ങൾ. യുഎസിനും പാക്കിസ്ഥാനും വേണ്ടി പ്രവർത്തിച്ച ഡബിൾ ഏജന്റാണ് ഹെഡ്‌ലിയെന്ന ആരോപണവുമുണ്ട്. ഇതാണ് ഹെഡ്‌ലിയെ ഇന്ത്യയ്ക്കു കൈമാറാൻ യഥാർഥത്തിൽ തടസ്സമാകുന്നതെന്നാണു വാദം.
മുംബൈ ഭീകരാക്രമണത്തിലെ ഈ രണ്ടു പ്രതികളെയും ഇവിടെയെത്തിക്കാൻ വർഷങ്ങളായി ശ്രമിച്ചുവരികയാണ് ഇന്ത്യ. ഇതിനായി യുപിഎ സർക്കാരിന്റെ കാലത്തുതുടങ്ങിയ ദൗത്യത്തിൽ എൻഡിഎ സർക്കാരിന്റെ കാലത്താണ് തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കാൻ സാധിച്ചത്. ഇപ്പോഴത്തെ നേട്ടത്തിൽ ഇന്ത്യയുടെ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ യോജിച്ച പ്രവർത്തനവുമുണ്ട്. ഇതേ ലക്ഷ്യബോധത്തോടെയും നമ്മുടെ നിയമ– നയതന്ത്ര മേഖലകളുടെ കൂട്ടായ ശ്രമങ്ങളിലൂടെയും ഹെഡ്‌ലിയെയും ഇവിടെയെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്.