ഹൃദയമില്ലാത്ത ഡോക്ടർ !

Mail This Article
2023 ജൂൺ. ഫ്രാൻസിലെ നോൻതേർ എന്ന സ്ഥലത്ത് നയെൽ മെർസൂക്ക് എന്ന പതിനേഴുകാരനെ വാഹനപരിശോധനയ്ക്കിടെ പൊലീസ് വെടിവച്ചുകൊന്നു. ഇതിൽ പ്രതിഷേധിച്ച് ആദ്യം നോൻതേർ പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടന്നു. എന്നാൽ, പിന്നീടുണ്ടായ പ്രതിഷേധം ദിവസങ്ങൾകൊണ്ടു ഫ്രാൻസിലാകെ പടർന്ന കലാപമായി. കലാപം രൂക്ഷമായ ഘട്ടത്തിൽ, വിദേശത്തു താമസിക്കുന്ന എൻ.ജോൺ കാം എന്നു പേരുള്ള ഡോക്ടർ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റ് ഇന്ത്യയിൽ വലിയ പ്രകമ്പനം സൃഷ്ടിച്ചു. ട്വിറ്റർ (ഇപ്പോൾ പേര് എക്സ്) എന്ന സമൂഹമാധ്യമത്തിലെ ആ പോസ്റ്റ് ഇങ്ങനെയായിരുന്നു: ‘ഇന്ത്യൻ ഗവൺമെന്റ് യോഗി ആദിത്യനാഥിനെ ഉടൻ ഫ്രാൻസിലേക്ക് അയയ്ക്കണം. അദ്ദേഹം അവിടത്തെ കലാപം 24 മണിക്കൂറിനുള്ളിൽ നിയന്ത്രിക്കും.’
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനു കിട്ടാവുന്ന വലിയൊരു അംഗീകാരമാണല്ലോ ആ പോസ്റ്റ്. യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു. യോഗി ആരാധകരും അദ്ദേഹത്തിന്റെ പാർട്ടിക്കാരും അതുതന്നെ മത്സരിച്ചു ചെയ്തു. അങ്ങനെ ഡോ.ജോൺ കാം ഇന്ത്യയിൽ താരമായി. അതോടെ, ഇവിടത്തെ ഇന്റർനെറ്റ് ഉത്സാഹികൾ ആരാണീ ജോൺ കാം എന്ന് അന്വേഷണം ആരംഭിച്ചു.

ഹൃദ്രോഗചികിത്സാരംഗത്തെ ലോകപ്രശസ്തനാണ് ഡോക്ടർ ജോൺ കാം. ലണ്ടനിലെ സെന്റ് ജോർജ്സ് യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ കാർഡിയോളജി പ്രഫസർ. ലണ്ടനിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ഫെലോ. അമേരിക്കയിലെയും യൂറോപ്പിലെയും ഏറ്റവും പ്രശസ്തമായ മെഡിക്കൽ സംഘടനകളിലെയും സംഘങ്ങളിലെയും ഏറെ ബഹുമാനിക്കപ്പെടുന്ന അംഗം. ഹൃദ്രോഗചികിത്സകർക്കിടയിലെ യഥാർഥ സൂപ്പർ സ്റ്റാർ.
-
Also Read
ഒരു ചോർച്ചയുടെ കഥ
ഇത്രയും പ്രശസ്തനായ ഇൗ ബ്രിട്ടിഷ് ഡോക്ടർ ഫ്രാൻസിലുണ്ടായ കലാപം നിയന്ത്രിക്കാൻ ഇന്ത്യയിൽനിന്ന് യോഗി ആദിത്യനാഥിനെ അയയ്ക്കണമെന്ന് പോസ്റ്റ് ചെയ്യുമോ?
ഡോക്ടറുടെ ട്വിറ്റർ അക്കൗണ്ട് അന്വേഷകർ പരിശോധിച്ചു. ഇന്ത്യയെക്കുറിച്ചും ഇവിടത്തെ രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ ഒട്ടേറെ പോസ്റ്റുകളുണ്ട് അതിൽ. ഇവിടത്തെ ചില രാഷ്ട്രീയ നേതാക്കളുമൊത്തുള്ള ചിത്രങ്ങൾ പോലുമുണ്ട്. ജോൺ കാമിന്റെ രീതിയുമായി ഒട്ടും ചേരാത്ത മട്ട്!
കൂടുതൽ അന്വേഷണത്തിൽ ഒരുകാര്യം വ്യക്തമായി; ഡോ. എൻ.ജോൺ കാം എന്ന പേരിൽ ട്വിറ്ററിൽ ഇക്കണ്ട കളി മുഴുവൻ കളിച്ച കക്ഷിയുടെ യഥാർഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണ്! അതായത്, ഇന്ത്യക്കാരൻ. ജോൺ കാമിന്റെ പേര് കക്ഷി സൂത്രത്തിൽ അടിച്ചുമാറ്റി ഉപയോഗിക്കുകയായിരുന്നു!എന്തിനാകും നരേന്ദ്ര വിക്രമാദിത്യ, ജോൺ കാമിനെ സ്വന്തമാക്കിക്കളഞ്ഞത്? കാരണമുണ്ട്. ഹൈദരാബാദിൽ ആശുപത്രി നടത്തിയിരുന്ന കാലത്ത് 2019ൽ ജീവനക്കാരെ കബളിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇൗ നരേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷമാകണം പേരുമാറ്റി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്.
-
Also Read
വ്യാജന്മാരുടെ മേച്ചിൽപുറം
ഇപ്പോഴത്തെ എക്സ് പ്ലാറ്റ്ഫോമിൽ ഇൗ വ്യാജ ജോൺ കാമിന്റെ അക്കൗണ്ട് നമുക്കു കാണാൻ കഴിയില്ല. കാരണം, തരികിട പരിപാടികൾ നടത്തുന്ന അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നതായിരുന്നു ട്വിറ്ററിന്റെ രീതി. അതനുസരിച്ച് 2023ൽതന്നെ ജോൺ കാമിനെ അവർ ഓടിച്ചു വിട്ടു. എന്നാൽ, അന്ന് ജോൺ കാമിന്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് യോഗി ആദിത്യനാഥ് പോസ്റ്റ് ചെയ്ത ട്വീറ്റ് ഇപ്പോഴും എക്സിലുണ്ട്!
2023ൽ വ്യാജ ജോൺ കാമിന്റെ ട്വിറ്റർ പരിശോധിച്ച അന്വേഷകർ കണ്ടെത്തിയ മറ്റു വിവരങ്ങളും രസകരമായിരുന്നു. 2027ൽ രാജസ്ഥാനിൽ അദ്ദേഹം ആരംഭിക്കാനിരിക്കുന്ന ആശുപത്രിയുടെ ഫോട്ടോയായിരുന്നു കവർചിത്രം. ഇല്ലാത്ത ഒരു കെട്ടിടത്തിന്റെ, കംപ്യൂട്ടറിൽ തയാറാക്കിയ ചിത്രമായിരുന്നു അത്. ഇന്റർനെറ്റിൽ ഇത്തരം ചിത്രങ്ങൾ വിൽക്കുന്ന ഒട്ടേറെ വെബ്സൈറ്റുകളുണ്ട്. നിസ്സാരതുകയ്ക്കു പടം വാങ്ങി ഉപയോഗിക്കാം. ഇന്ത്യയിലെ പല നേതാക്കളുമൊത്തുള്ളതെന്ന മട്ടിൽ പ്രചരിപ്പിച്ച പടങ്ങൾ വ്യാജമായി നിർമിച്ചതായിരുന്നു.
കഥയുടെ ഞെട്ടിക്കുന്ന ആന്റി ക്ലൈമാക്സ് പക്ഷേ, ഇതൊന്നുമല്ല. 2025 ഏപ്രിൽ ഏഴിലെ മലയാള മനോരമ പത്രത്തിലെ ഒരു വാർത്തയുടെ തലക്കെട്ട് ഇങ്ങനെ: ‘വ്യാജ ഡോക്ടറുടെ ഹൃദയശസ്ത്രക്രിയ; മധ്യപ്രദേശിൽ 7 പേർ മരിച്ചു.’ മധ്യപ്രദേശിലെ ദമോ ജില്ലയിലെ മിഷനറി ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന, വിദേശത്തുനിന്നു മെഡിക്കൽ പരിശീലനം നടത്തിയതായി അവകാശപ്പെടുന്ന ആ ഡോക്ടറുടെ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ്. വാർത്തയ്ക്കൊപ്പമുള്ള പടം പരിചിതം: ട്വിറ്ററിലെ പഴയ ഡോ.എൻ.ജോൺ കാം! പിറ്റേന്ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽനിന്നു വ്യാജനെ പൊലീസ് പിടിച്ച വാർത്തയും നമ്മൾ വായിച്ചു.
ഫെബ്രുവരിയിലാണ് മധ്യപ്രദേശിലെ ആശുപത്രിയിൽ മരണങ്ങളുണ്ടായത്. പരാതിയുണ്ടായത് ഇപ്പോഴാണ്. സംഗതി കൈവിട്ടുവെന്നു തോന്നിയതോടെ വ്യാജ ജോൺ കാം പ്രയാഗ്‌രാജിലേക്കു മുങ്ങുകയായിരുന്നു.
‘നരേന്ദ്ര ജോൺ കാം’ മെഡിസിൻ പഠിച്ചിട്ടുണ്ടോ, അതോ മറ്റെല്ലാംപോലെ അതും വ്യാജമാണോ തുടങ്ങിയ വിവരങ്ങൾ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തണം. ലോകത്തെ പ്രശസ്ത ആശുപത്രികളിൽ ജോലി ചെയ്തുവെന്ന സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും മോഷ്ടിച്ച ഗവേഷണ പ്രബന്ധങ്ങളാണ് മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിച്ചതെന്നും പത്മപുരസ്കാരത്തിനു നാമനിർദേശം സംഘടിപ്പിച്ചെന്നുമൊക്കെ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
വ്യാജനെ പ്രയാഗ്‌രാജിൽനിന്നു പിടികൂടിയ കഥയും രസകരമാണ്. മധ്യപ്രദേശിൽ പരാതികൾ വന്നതോടെ, പൊലീസ് വ്യാജന്റെ ഫോൺ പരിശോധിച്ചു വരികയായിരുന്നു. കോൾ റെക്കോർഡുകൾ നോക്കിയപ്പോൾ പ്രയാഗ്‌രാജിലെ ഒരു കോഴിക്കച്ചവടക്കാരനെ സ്ഥിരം ഇൗ നമ്പറിൽനിന്നു വിളിക്കുന്നുണ്ട്. അയാൾ ചിക്കൻ കൊണ്ടുപോയി കൊടുക്കുന്നുമുണ്ട്. ചിക്കൻ എത്തിക്കാൻ ഒരിക്കൽ വ്യാജഡോക്ടർ വാട്സാപ്പിൽ തന്റെ ലൊക്കേഷനും അയച്ചുകൊടുത്തിരുന്നു. പൊലീസിനു സംഗതി എളുപ്പമായി. ലൊക്കേഷൻ നോക്കിയെത്തി വ്യാജനെ അകത്താക്കി!