സ്വാതന്ത്ര്യങ്ങളുടെ വഴിയടയരുത്

Mail This Article
പല ഭാഷകളും വിശ്വാസങ്ങളുമുള്ള ഇന്ത്യൻ ജനതയ്ക്കു വഴികാട്ടുന്ന, എന്നും വഴി കാട്ടേണ്ട, ആശയമാണ് നാനാത്വത്തിൽ ഏകത്വം. എന്നാലിപ്പോൾ, പവിത്രവും അമൂല്യവുമായ ആ ആശയത്തെ മുറിവേൽപിക്കാനുള്ള ശ്രമങ്ങൾ പലയിടത്തും നടക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നു. ഓശാന ഞായർ ദിനത്തിൽ ഡൽഹി അതിരൂപതയുടെ ‘കുരിശിന്റെ വഴി’ ചടങ്ങ് റോഡിലൂടെ നടത്തുന്നതിനു പൊലീസ് അനുമതി നിഷേധിച്ചതാണ് മതസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമായി ഏറ്റവുമൊടുവിൽ രാജ്യം കേട്ടത്.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷമൂല്യങ്ങളുടെയും ലംഘനമാണിതെന്നതിൽ സംശയമില്ല. നാം കാലങ്ങളായി കാത്തുപോരുന്ന അടിസ്‌ഥാനമൂല്യങ്ങളും ബഹുസ്വരതയും വേണ്ടവിധം പരിരക്ഷിക്കപ്പെടുന്നുണ്ടോ എന്ന ആത്മവിചാരണയ്ക്ക് ഈ സംഭവം കാരണമാകുന്നു.
ഓശാന ദിവസം ഓൾഡ് ഡൽഹിയിലെ സെന്റ് മേരീസ് പള്ളിയിൽനിന്ന് 10 കിലോമീറ്ററോളം അകലെ ഗോൾ ധാക് ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്കു രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന ‘കുരിശിന്റെ വഴി’ എല്ലാ വർഷവും നടത്താറുണ്ട്. റോഡിലൂടെയുള്ള പ്രദക്ഷിണത്തിന് ഇത്തവണ പൊലീസ് അനുമതി നിഷേധിച്ചതോടെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ കോംപൗണ്ടിനുള്ളിൽ ചടങ്ങ് നടത്തുകയായിരുന്നു. സുരക്ഷ, ഗതാഗതപ്രശ്നങ്ങൾ തുടങ്ങിയവ ഉന്നയിച്ചാണ് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്.
പറഞ്ഞ കാരണങ്ങൾ വിശ്വസനീയമല്ലെന്നു ചൂണ്ടിക്കാട്ടി, പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ‘കുരിശിന്റെ വഴി’ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വരസമൂഹത്തിനു ചേർന്നതല്ലെന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. ചടങ്ങിന് അനുമതി നിഷേധിച്ചതു ഡൽഹിയിലെ സുരക്ഷാപ്രശ്നങ്ങൾ കാരണമാണെന്നും കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയ്ക്കും അനുമതി നിഷേധിച്ചിരുന്നുവെന്നുമാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറയുന്ന ന്യായം.
കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിൽത്തന്നെയുണ്ടായ മറ്റൊരു സംഭവംകൂടി ഇതോടു ചേർത്തോർമിക്കാവുന്നതാണ്. ഇന്ദർലോക് മെട്രോ സ്റ്റേഷനു സമീപം, റോഡിൽ ജുമുഅ നമസ്കാരം നിർവഹിക്കുന്നതിനിടെ മുസ്‍ലിം വിശ്വാസികളെ പൊലീസ് ഉദ്യോഗസ്ഥൻ ചവിട്ടിവീഴ്ത്തിയപ്പോൾ ആ ചവിട്ടേറ്റതു മതനിരപേക്ഷ ഭാരതത്തിനായിരുന്നു; മനുഷ്യത്വത്തിന്റെയും സഹജാവബോധത്തിന്റെയുമൊക്കെ പേരിൽ കാലങ്ങളായി പെരുമകൊള്ളുന്ന നമ്മുടെ സംസ്കാരത്തിനുതന്നെയുമായിരുന്നു. ആ എസ്ഐയെ സസ്പെൻഡ് ചെയ്യുകയും അയാളുടെ പ്രവൃത്തിയെ ഡൽഹി പൊലീസ് അപലപിക്കുകയും ചെയ്തെങ്കിലും സംഭവത്തിന്റെ കളങ്കം മാഞ്ഞുപോകുന്നില്ല.
മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികർക്കു നേരെ ആക്രമണമുണ്ടായതടക്കമുള്ള പല സംഭവങ്ങളും സമീപകാലത്തുതന്നെ നാം കേട്ടു. ഒഡീഷയിൽ ഗജപതി ജില്ലയിലെ ജൂബ ഇടവക പള്ളിയിൽ കഴിഞ്ഞ മാസം 22ന് വൈദികർക്കും സ്ത്രീകൾ അടക്കമുള്ള വിശ്വാസികൾക്കും നേരെ പൊലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന സ്വതന്ത്ര പരിശോധനാസമിതിയുടെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഈ സംഭവത്തിൽ ഇതുവരെ കുറ്റക്കാർക്കെതിരെ നടപടിയുണ്ടായിട്ടില്ല.
എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടതു സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമായിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. വൈവിധ്യങ്ങളുടെ സമന്വയമായ ആധുനിക ഇന്ത്യയിൽ ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുവെന്നത് അത്യധികം ഗൗരവമുള്ള കാര്യമാണ്. മതാചാരങ്ങൾക്കു നേരെയുള്ള ഏതു നീക്കവും ജനാധിപത്യത്തിനും മതസ്വാതന്ത്ര്യം മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള ഭരണഘടനയ്ക്കുമെതിരെയുള്ളതാണ്. അവയെ ഒറ്റപ്പെട്ടവയെന്നു പറഞ്ഞ് അവഗണിക്കാവുന്നതല്ല എന്നാണു പല സംസ്ഥാനങ്ങളിലും നടന്നുവരുന്ന സമാനസംഭവങ്ങളിൽനിന്നു വ്യക്തമാകുന്നത്.
നാം നിധിപോലെ സൂക്ഷിക്കുന്ന ഏകത്വത്തിന്റെയും മതനിരപേക്ഷതയുടെയും സഹവർത്തിത്വത്തിന്റെയും അടിത്തറയ്ക്കു വാക്കുകൊണ്ടുപോലും പോറലേൽപിക്കാൻ ആരെയും അനുവദിച്ചുകൂടാ. ബഹുസ്വരത നിറഞ്ഞ സാമൂഹികക്രമവും സ്വതന്ത്രചിന്തയും മതസ്വാതന്ത്ര്യവും ഉറപ്പാക്കാനുള്ള പ്രാഥമിക ചുമതല സർക്കാരിനാണെന്നും കടുത്ത അസഹിഷ്ണുതയുടേതായ മനോഭാവം ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും സുപ്രീം കോടതിതന്നെ പറഞ്ഞിട്ടുള്ളത് വീണ്ടും ഓർമിക്കേണ്ട സന്ദർഭമാണിത്. മറ്റൊരാളുടെ മതവിശ്വാസത്തെ അംഗീകരിക്കുന്നതും മാനിക്കുന്നതുമായ ക്രിയാത്മക നിലപാടാണ് ഇന്ത്യയുടെ മതനിരപേക്ഷതയുടെ കാതൽ.
ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ നിറത്തിന്റെയോ ഭാഷയുടെയോ ലിംഗഭേദത്തിന്റെയോ രാഷ്ട്രീയ നിലപാടുകളുടെയോ പേരിൽ വിവേചനമില്ലാതെ, എല്ലാവർക്കും ഈ രാജ്യത്ത് തുല്യ അവകാശങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തിയേതീരൂ.