തോൽപിക്കുന്ന അവഗണന

Mail This Article
തൊഴിൽ തേടുന്ന യുവതയുടെ നെഞ്ചിലെ വിങ്ങലും വേവലാതിയും തിരിച്ചറിയുന്ന ആർക്കും അവഗണിക്കാൻ കഴിയുന്നതല്ല സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് ഹോൾഡർമാരുടെ സമരം. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ രണ്ടു മാസത്തിലേറെയായി നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ സ്വീകരിച്ച നിലപാടുതന്നെയാണ് സർക്കാരിന് വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരത്തോടും. തങ്ങളുടേതല്ലാത്ത ഏതു സമരത്തെയും പരമാവധി ഇകഴ്ത്തിക്കാട്ടുന്നതും അധിക്ഷേപിക്കുന്നതും ശീലമാക്കിയ സിപിഎമ്മിന് ഈ സമരക്കാർ ശത്രുക്കളായതിൽ അദ്ഭുതമില്ല.
പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെ, ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റാങ്ക് ഹോൾഡർമാർ. അതു വിഫലമായെന്നു മാത്രമല്ല, വൈകിട്ടു നടത്തിയ മാധ്യമസമ്മേളനത്തിൽ ഈ വിഷയം അവഗണിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ ശ്രദ്ധിച്ചു.വർഷങ്ങളോളം പഠിച്ചു പരീക്ഷയെഴുതി അർഹത നേടിയിട്ടും നിയമന ഉത്തരവിനുവേണ്ടി കാത്തിരുന്ന് നിരാശരാവുന്ന ഉദ്യോഗാർഥികളുടെ സങ്കടം ഇനിയെപ്പോഴാണ് ഈ സർക്കാർ തിരിച്ചറിയുക? സർക്കാരിന്റെ കണ്ണുതുറക്കാൻ 15 ദിവസമായി കഠിനസമരം ചെയ്യുകയാണ് സിപിഒ റാങ്ക് ലിസ്റ്റിലെത്തിയവർ. സമരത്തിന്റെ ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയെ കാണാൻ ഇവർക്ക് അനുവാദം ലഭിച്ചതുമില്ല.
വിഷുദിനത്തിൽ കറുത്ത വസ്ത്രം ധരിച്ച് കണിയൊരുക്കുകയും ചോരകൊണ്ട് ‘സേവ് ഡബ്ല്യുസിപിഒ’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തുകയും ചെയ്തവരിൽനിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പല സമരമുറകളും കേരളം കണ്ടു. സെക്രട്ടേറിയറ്റിനു മുന്നിലെ നടപ്പാതയിലിരുന്ന് ഈ ഉദ്യോഗാർഥികൾ ഭിക്ഷ യാചിച്ചു സമരം ചെയ്തതുമുതൽ പഠിച്ചതും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതുമെല്ലാം തങ്ങളുടെ കുറ്റമാണെന്ന് ഏറ്റുപറഞ്ഞ് ഏത്തമിട്ടതും കൈകാലുകൾ ചുവന്ന റിബൺകൊണ്ടു ബന്ധിച്ചതുമൊന്നും സർക്കാർ പക്ഷേ കണ്ടില്ല.അടുത്ത പട്ടിക വരുന്നതിനു മുൻപായി പരമാവധി പേർക്കു നിയമനം നൽകണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യത്തിലാണ് അവഗണനയുടെ നിഴൽവീഴുന്നത്. 2023ൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ 815 പേർക്കും 2022ലെ ലിസ്റ്റിൽ 757 പേർക്കും നിയമനം നൽകിയിരുന്നു. എന്നാൽ, 2024ലെ 967 പേരുടെ ലിസ്റ്റിൽ 292 പേർക്കു മാത്രമാണ് നിയമനം ലഭിച്ചത്.
നിലവിൽ 570 ഒഴിവുണ്ട്. മനുഷ്യത്വം മുൻനിർത്തി, ശനിയാഴ്ചയ്ക്കു മുൻപെങ്കിലും ഇവർക്ക് അനുകൂലതീരുമാനമുണ്ടാവുകതന്നെ വേണം. പൊലീസ് സേനയിലെ സ്ത്രീപ്രാതിനിധ്യം 15% ആക്കുമെന്നായിരുന്നു എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം. ഇതിന്റെ ഭാഗമായി 9:1 അനുപാതം നടപ്പാക്കിയെങ്കിലും നിയമനം കുറഞ്ഞു. പുരുഷ പൊലീസ് നിയമനം നടന്നാൽ മാത്രമേ വനിതാ നിയമനവും നടക്കൂ എന്ന രീതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു വിനയായി. 56,000 പേരുള്ള പൊലീസ് സേനയിൽ ഏകദേശം 5000 വനിതകളാണുള്ളത്. ഒരു സ്റ്റേഷനിൽ കുറഞ്ഞത് 6 വനിതാ പൊലീസുകാർ വേണമെന്നുണ്ട്. എന്നാൽ, സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ മിക്കതിലും ഇതിന്റെ പകുതി വനിതകൾ പോലുമില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
പുരുഷ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ തിങ്കളാഴ്ച അവസാനിച്ചപ്പോൾ നിയമനം കിട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ 4811 പേരാണു നിരാശരായത്. 6647 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽനിന്ന് 1836 പേർക്കാണ് നിയമനം നൽകിയത്. റിട്ടയർമെന്റ് ഒഴിവുകൾ മാത്രമാണ് നികത്തിയതെന്നും പ്രമോഷൻ, സ്ഥലംമാറ്റം ഉൾപ്പെടെയുള്ളവ നികത്തിയിട്ടില്ലെന്നും പട്ടികയിലുള്ളവർ പറയുന്നു. തങ്ങളുടേതല്ലാത്ത എല്ലാ സമരങ്ങളെയും താഴ്ത്തിക്കെട്ടാൻ സിപിഎം പുലർത്തിവരുന്ന ജാഗ്രതയിൽ ആശാ വർക്കർമാരുടെയും വനിതാ സിപിഒ റാങ്ക് ഹോൾഡർമാരുടെയും സമരത്തെ അവഗണിച്ചും അപമാനിച്ചും തോൽപിക്കാൻ ശ്രമിക്കുമ്പോൾ സർക്കാരിന്റെ ജനകീയ മുഖംമൂടിയാണ് അഴിഞ്ഞുവീഴുന്നത്.