ആഘോഷപ്പുര നിറഞ്ഞ് 100 കോടി ധൂർത്ത്

Mail This Article
സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് പുതുമയില്ലാത്ത വിവരമാണ്. എന്നാൽ, സർക്കാരിന്റെയും സിപിഎമ്മിന്റെയും പ്രതിഛായ വെള്ളപൂശിയെടുക്കാൻ ഖജനാവിൽനിന്നു പണം വാരിക്കോരി ചെലവിടുമ്പോൾ ഈ വിചാരമുണ്ടാകാറില്ല. സർക്കാർവിലാസം അനിയന്ത്രിത ധൂർത്തിന്റെ ഏറ്റവും പുതിയ അധ്യായത്തിനാണ് തിങ്കളാഴ്ച സാഘോഷം തുടക്കംകുറിച്ചിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികം ആഘോഷിക്കാൻ 100 കോടിയിലേറെ രൂപ ചെലവിടുമ്പോൾ ക്ഷേമപെൻഷനിൽ കേവലം നൂറു രൂപയുടെ വർധനപോലും ലഭിക്കാതെ നിരാശയിലാണ്ടവരുടെയും ചെറിയ വേതനവർധനയ്ക്കായി നീണ്ടകാല സമരം ചെയ്യുന്നവരുടെയും മനസ്സ് ‘ജനകീയ’ സർക്കാർ കാണുന്നതേയില്ല.
സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ പാവങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെ മുടങ്ങുകയും സർക്കാരിന്റെ വരുമാനം കൂട്ടാൻ ജനങ്ങളെ പിഴിഞ്ഞ് പല ഫീസുകളും കൂട്ടുകയും ചെയ്ത ശേഷമാണു മന്ത്രിസഭാ വാർഷികം ഇത്രയേറെ പണം ചെലവിട്ട് ആഘോഷിക്കുന്നത്. ഈ ധൂർത്ത് കേരളത്തിലെ സാധാരണക്കാരോടുള്ള പരസ്യവെല്ലുവിളി തന്നെയല്ലേ? വാർഷികത്തിന്റെ ഭാഗമായി, കാസർകോട്ട് ആരംഭിച്ച് മേയ് 23നു തിരുവനന്തപുരത്ത് അവസാനിക്കുന്ന വിധമാണ് എല്ലാ ജില്ലയിലും ‘എന്റെ കേരളം’ എന്ന പേരിൽ 7 ദിവസത്തെ പ്രദർശന, വിപണന മേളകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ പന്തലിനു മാത്രം ചെലവിടുന്നത് 42 കോടി രൂപയാണെന്ന വാർത്ത ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഈ നാട്ടിലെ ലക്ഷക്കണക്കിനുപേരെ നോക്കി കൊഞ്ഞനംകുത്തുന്നു. ശീതീകരിച്ച കൂറ്റൻ പന്തലുകളാണ് പരിപാടികൾക്കായി ഉപയോഗിക്കുന്നത്. പരസ്യബോർഡുകൾ സ്ഥാപിക്കാൻമാത്രം നീക്കിവച്ചത് 20.71 കോടി. പരിപാടിയുടെ ഏകോപനം നിർവഹിക്കുന്ന ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന് ഓരോ ജില്ലയിലും 40 ലക്ഷം വീതം ആകെ 5.6 കോടി അനുവദിച്ചിട്ടുണ്ട്.
ഇല്ലായ്മയും ധൂർത്തും എങ്ങനെയാണ് ഒരേസമയം കൊടിയടയാളമാക്കി ഒരു സർക്കാരിനു മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നത് ? ചെലവുചുരുക്കലിലൂടെ സ്വയം മാതൃകയാകേണ്ട ഭരണാധികാരികളാണ് ധൂർത്തിന്റെ തുടർസന്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. ‘ജനങ്ങൾ ആഗ്രഹിച്ചതുപോലുള്ള ഭരണം നടത്തുന്ന സർക്കാരിന് ആഘോഷപൂർവംതന്നെ അതു പറയാൻ അവകാശമുണ്ട്’ എന്നാണ് പാർട്ടി പത്രം പറയുന്നത്. ജനകീയപ്രശ്നങ്ങൾ പരിഹാരമില്ലാതെ കിടക്കുമ്പോഴാണ് പ്രതിഛായ ഉയർത്താനുള്ള പടപ്പുറപ്പാട്. അടിസ്ഥാന ജനവിഭാഗങ്ങളുടെ കാതലായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞു എന്ന് നെഞ്ചത്തു കൈവച്ചു സർക്കാരിനു പറയാൻ കഴിയുമോ?
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനുമുൻപ്, 2023 അവസാനം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ചു നടത്തിയ നവകേരള സദസ്സിന്റെ ധൂർത്തുവഴികൾ മറക്കാറായിട്ടില്ല. ഇതിനു പരസ്യ ബോർഡ് സ്ഥാപിക്കാൻ മാത്രം സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ; പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാൻ ചെലവ് 9.16 കോടി രൂപയും! വിവാദങ്ങൾ പലതും അവശേഷിപ്പിച്ച ആ സദസ്സിന്റെ ബാക്കിപത്രത്തിൽ സന്തോഷിക്കാൻ സർക്കാരിനോ സിപിഎമ്മിനോ ഇടതുമുന്നണിക്കോ ഒന്നുമുണ്ടായില്ലതാനും. ഭരണ ദൗർബല്യങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിക്ക് ആക്കം കൂട്ടിയെന്നും നവകേരള സദസ്സ് ഉൾപ്പെടെയുള്ള പരിപാടികൾ ഫലം കണ്ടില്ലെന്നും സ്വയംവിമർശനം നടത്തിയത് പാർട്ടിതന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പു മുന്നിൽകണ്ട്, സർക്കാരിന്റെ മുഖംമിനുക്കൽതന്നെയാണ് ഇപ്പോഴത്തെ വാർഷികാഘോഷത്തിന്റെയും രാഷ്ട്രീയലക്ഷ്യം.
ഒരുവശത്തു കടം പെരുകുമ്പോൾ മറുവശത്തു നിയന്ത്രണമില്ലാത്ത ധൂർത്താണു കേരളത്തിന്റെ നിത്യശാപം. സർക്കാർ പണം എങ്ങനെ ചെലവിട്ടാലും ആരും ചോദിക്കാനില്ലെന്ന അവസ്ഥയിൽ സംസ്ഥാനത്തിന്റെ സാമ്പത്തികഭാവി ആശങ്കാജനകമാകുന്നു. മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ പേരിൽ കോടികൾ ചെലവിടുമ്പോൾ ഓർക്കേണ്ടൊരു കാര്യമുണ്ട്: ഖജനാവിന്റെ കൈകാര്യക്കാർ സർക്കാരാണെങ്കിലും ഇതു ജനത്തിന്റെ നികുതിപ്പണമാണ്; ജനത്തോടു സമാധാനം പറയാൻ സർക്കാർ ബാധ്യസ്ഥവുമാണ്. ഇപ്പോൾ തുടങ്ങിവച്ചിട്ടുള്ള വാർഷികമഹാമഹം ധൂർത്തല്ലെന്ന് മന്ത്രിമാരും സിപിഎം സംസ്ഥാന കമ്മിറ്റിയും പൊളിറ്റ്ബ്യൂറോയുംതന്നെ പറഞ്ഞാലും യാഥാർഥ്യം ജില്ലതോറും ഒരുക്കുന്ന ആഡംബരപ്പന്തലിൽ പുര നിറഞ്ഞുനിൽക്കുകയാണ്.