ADVERTISEMENT

ഒട്ടേറെ ആകാശവിജയങ്ങളിൽ മായാത്ത കയ്യെ‍ാപ്പിട്ട്, ഒരു ജീവിതം എത്രത്തോളം ധന്യവും സഫലവുമാക്കാം എന്ന മഹനീയ പാഠം ബാക്കിയാക്കിയാണു ഡോ.കെ.കസ്തൂരിരംഗന്റെ വേർപാട്. എൺപത്തിനാലാം വയസ്സിൽ, ആയിരം പൂർണചന്ദ്രപ്രഭ കണ്ടു കണ്ണടച്ച ലോകപ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ ചെയർമാനുമായിരുന്ന കസ്തൂരിരംഗൻ ഒരിക്കൽ രാഷ്ട്രത്തിനുവേണ്ടി കണ്ട പ്രിയ ചാന്ദ്രസ്വപ്നമാണല്ലോ പിൽക്കാലത്ത് ചന്ദ്രയാൻ എന്ന ചരിത്രമായത്.

ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിനു കസ്തൂരിരംഗന്റെ ഏറ്റവും വലിയ സംഭാവന ഉപഗ്രഹങ്ങളുടെ രൂപകൽപനയിലും വികസനത്തിലും നേടിയ അറിവിന്റെ ആഴമാണെന്നു പറയാം. ഉപഗ്രഹ സാങ്കേതികവിദ്യയിൽ രാജ്യത്തിന്റെ തനതു മിടുക്ക് വളർത്തിയെടുക്കുന്നതിൽ അത് ആധാരശിലയാവുകയും ചെയ്തു. സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സംയോജനം ബഹിരാകാശത്തു വിജയകരമായി പൂർത്തിയാക്കി ഈ വർഷമാദ്യം ഇന്ത്യ ഡോക്കിങ് സാങ്കേതികശേഷി നേടിയപ്പോൾ ഐഎസ്ആർഒയെ അതിനു പ്രാപ്തമാക്കിയ ആദ്യ പേരുകളിലെ‍‍ാന്ന് ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗൻ എന്നാണെന്നുകൂടി നാം ഓർമിച്ചു. ഇന്ത്യയുടെ ഉപഗ്രഹപദ്ധതികളെ വലിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നേതൃപാടവവും കാരണമായി.

ഭൂമിയുടെ മിടിപ്പ് ഒപ്പിയെടുക്കുന്ന ഉപഗ്രഹക്കണ്ണുകളോടായിരുന്നു കസ്തൂരിരംഗന്റെ ഒന്നാമിഷ്ടം. ഉപഗ്രഹഗവേഷണത്തിൽ അദ്ദേഹം തുടക്കംകുറിച്ചതാകട്ടെ, ഈ രംഗത്തു രാജ്യത്തിന്റെതന്നെ ശുഭാരംഭമായ ‘ആര്യഭട്ട’യിലും. ആര്യഭട്ട ഉണർത്തിയ ആവേശത്തിൽനിന്നാണ് ‘ഭാസ്കര’ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ പിറന്നത്. ഇവയുടെ പ്രോജക്ട് ഡയറക്ടറും മറ്റാരുമായിരുന്നില്ല. 1994ൽ ഐഎസ്ആർഒ ചെയർമാൻ പദവിയിലെത്തിയതോടെ പിന്നെയുള്ള ഒൻപതു വർഷങ്ങൾ നമ്മുടെ ബഹിരാകാശ ഗവേഷണചരിത്രം കസ്തൂരിരംഗനോടെ‍ാപ്പമായിരുന്നു.

ഒരിക്കൽ, കൊച്ചി നഗരത്തിലെ ചിറ്റൂർ റോഡിന്റെ ഇങ്ങേയറ്റത്ത്, പഴയ ലക്ഷ്മൺ തിയറ്ററിൽനിന്നുയരുന്ന ഡി.കെ.പട്ടമ്മാളിന്റെ പാട്ടുകേട്ട്, നഗരാകാശവും നോക്കി കിനാവു കണ്ടെ‌ാരാളുടെ ഈ വേർപാട് കേരളത്തെ വല്ലാതെ സങ്കടപ്പെടുത്തുന്നു. അച്ഛൻ കൃഷ്ണസ്വാമി അയ്യരോടെ‍ാപ്പം കഴിയാൻ പത്താം വയസ്സിൽ കൊച്ചിവിട്ടു മുംബൈയിലെത്തിയെങ്കിലും കസ്തൂരിരംഗന് ഇവിടം നക്ഷത്രാങ്കിതവും സംഗീതസാന്ദ്രവുമായ ഗൃഹാതുരതയായിരുന്നു എല്ലാ കാലത്തും. കൊച്ചിയിലെ എസ്ആർവി സ്കൂളിൽനിന്നു കണക്കിന്റെ വഴിയിലൂടെ നടന്നുതുടങ്ങിയ ആ കുട്ടി വളർന്നപ്പോൾ ആകാശദൂരങ്ങളുടെ കണക്കു കൂട്ടുന്നതിൽവരെ മിടുക്കനായി. പിൽക്കാലത്ത് എസ്ആർവി സ്കൂളിനു പുതിയ കെട്ടിടമടക്കമുള്ള സ്നേഹമുദ്രകൾ ചാർത്തിയിട്ടുണ്ട്. ഐഎസ്ആർഒയുടെ അമരക്കാരനായിരിക്കെ അദ്ദേഹം പറഞ്ഞിട്ടുമുണ്ട്,‘ എന്റെ ഊർജസ്രോതസ്സാണു കൊച്ചി നഗരം’.

ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തുനിന്നു വിരമിച്ചശേഷം പൊതുനയ രൂപീകരണ രംഗത്താണു കൂടുതലായും പ്രവർത്തിച്ചത്. ഐഎസ്ആർഒയിലെ സേവനകാലത്ത് 240 ശാസ്ത്രപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ ഓരോന്നും കൃത്യതയുടെയും വസ്തുനിഷ്ഠതയുടെയും പേരിൽ ശ്രദ്ധേയമായിരുന്നു. എന്നാൽ, പൊതുനയ വിദഗ്ധൻ എന്ന നിലയിൽ തയാറാക്കിയ രണ്ടു റിപ്പോർട്ടുകൾ ഉണ്ടാക്കിയ വാർത്താപ്രാധാന്യമാണ് അദ്ദേഹത്തിന്റെ പേര് സാധാരണക്കാർക്കിടയിലും പരിചിതമാക്കിയത്. പ്രഫ. മാധവ് ഗാഡ്ഗിൽ തയാറാക്കിയ പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടിന്റെ പുനഃപരിശോധനാ സമിതി തലവൻ, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (2020) രൂപീകരണ സമിതി തലവൻ എന്നീ നിലകളിൽ തയാറാക്കിയ ആ റിപ്പോർട്ടുകൾ വലിയ സംവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായി.

പത്മവിഭൂഷൺ അടക്കം രാജ്യാന്തര-ദേശീയതലത്തിൽ അഭിമാനകരമായ ഏറെ ബഹുമതിമുദ്രകൾ ഏറ്റുവാങ്ങിയ ശേഷമാണ് അദ്ദേഹത്തിന്റെ മടക്കം. ആകാശം സാക്ഷി: ബഹിരാകാശ ചരിത്രത്തിൽ ഇടംപിടിച്ച ആ നാമം ഒരുകാലത്തും മായില്ലെന്നു തീർച്ച.

English Summary:

Editorial: Dr. K. Kasturirangan, a visionary leader in Indian space research and former ISRO chairman, passed away leaving a legacy of innovation and achievement. His contributions to satellite technology and national policies shaped India's scientific landscape.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com