നാം മറക്കരുതാത്ത സുരക്ഷാപാഠങ്ങൾ

Mail This Article
പ്രതിദിനം ആയിരക്കണക്കിനു രോഗികളെത്തുന്ന കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറി നൽകുന്ന മുന്നറിയിപ്പ് അതീവ ഗൗരവമുള്ളതാണ്. ഏതു സാഹചര്യവും നേരിടാനാവുംവിധം, സംസ്ഥാനത്തെ ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ കുറ്റമറ്റു സജ്ജമാക്കണമെന്നുകൂടി ഓർമിപ്പിക്കുകയാണ് ഈ സംഭവം.
കോഴിക്കോട്ടുണ്ടായ അപകടത്തിന്റെ തീവ്രത ഇത്രയെങ്കിലും കുറഞ്ഞത് ഭാഗ്യംകൊണ്ടുമാത്രമാണെന്നുകൂടി ഓർമിക്കേണ്ടതുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം മാത്രമായ അത്യാഹിത വിഭാഗം കെട്ടിടത്തിലായിരുന്നു പൊട്ടിത്തെറി. എംആർഐ സ്കാനിങ് മെഷീനുവേണ്ടി മാത്രമുള്ള, വൈദ്യുതി മുടങ്ങാതിരിക്കാനുള്ള ബാറ്ററി സംവിധാനമായ യുപിഎസ് സൂക്ഷിച്ച മുറിയിലുണ്ടായ പൊട്ടിത്തെറിയുടെ കാരണം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കനത്ത പുക കെട്ടിടത്തിന്റെ നാലു നിലകളിലേക്കു പടരുകയുണ്ടായി. പെട്ടെന്നുതന്നെ അത്യാഹിത വിഭാഗത്തിൽനിന്നു രോഗികളെ പുറത്തേക്കു മാറ്റിയതാണു വലിയ ദുരന്തത്തിലേക്കുള്ള വഴിയടച്ചത്. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാദൗത്യത്തിൽ ആശുപത്രി ജീവനക്കാർ, പൊലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം, ആംബുലൻസ് ജീവനക്കാർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവരെല്ലാം കൈകോർത്തതു മാതൃകാപരമായി. അതേസമയം, മതിയായ സുരക്ഷാ സംവിധാനമില്ലെന്നു മാത്രമല്ല, സുരക്ഷാ നടപടികളിൽ പരിശീലനം നേടിയ ജീവനക്കാരുമില്ലെന്ന യാഥാർഥ്യം ഈ സംഭവത്തിലൂടെ വെളിവാക്കപ്പെട്ടു. ഫയർ ഫോഴ്സ് യൂണിറ്റിനു സ്ഥലം അനുവദിക്കാൻ അഭ്യർഥിച്ചുള്ള ഫയൽ ഏറെക്കാലമായി അനക്കമില്ലാതെ കിടക്കുന്നത് സർക്കാർവിലാസം ഉത്തരവാദിത്തമില്ലായ്മയുടെ ഒരു ഉദാഹരണംമാത്രം.
അത്യാഹിത വിഭാഗം കെട്ടിടത്തിൽ പൊട്ടിത്തെറിയുണ്ടായ വെള്ളിയാഴ്ച വൈകിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ നാലു മരണങ്ങൾക്കും കാരണം ഹൃദയാഘാതമാണെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കൃത്യമായ മരണകാരണം മനസ്സിലാക്കാൻ രാസപരിശോധന ഉൾപ്പെടെ വേണ്ടിവരും. അതേസമയം, അപകടത്തെത്തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽനിന്നു പുറത്തേക്കു മാറ്റിയശേഷമാണ് നാലുപേരും മരിച്ചതെന്നാണു ബന്ധുക്കളുടെ പരാതി. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകാരണം കണ്ടെത്താൻ പൊലീസിന്റെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും അന്വേഷണങ്ങളും നടക്കുന്നുണ്ട്. കുറ്റമറ്റ അന്വേഷണത്തിലൂടെ അപകടത്തിനുപിന്നിലുള്ള യാഥാർഥ്യം എത്രയുംവേഗം പുറത്തുവരേണ്ടതുണ്ട്.
സാധാരണഗതിയിൽ സംഭവിക്കാൻ പാടില്ലാത്തതാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ സംഭവിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻതന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യ മേഖലയിൽ ആരോഗ്യവകുപ്പ് നൽകേണ്ട നിരന്തരശ്രദ്ധ പാളിപ്പോയ പല സംഭവങ്ങൾക്കും നമ്മുടെ സർക്കാർ മെഡിക്കൽ കോളജുകൾതന്നെ സാക്ഷ്യം പറയും. മലബാറിലെ രോഗികളുടെ പ്രധാന ആശ്രയമാണ് കോഴിക്കോട്ടെ മെഡിക്കൽ കോളജ്. ഉത്തരവാദിത്തമില്ലായ്മ സർക്കാർമുഖമുദ്രയാവുന്നത് അപകടകരമാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിക്കൂടി ഇപ്പോഴുണ്ടായ പൊട്ടിത്തെറിയെ കാണാവുന്നതാണ്. ലക്ഷക്കണക്കിനാളുകളുടെ ആലംബവും പ്രതീക്ഷയുമായ സർക്കാർ ആശുപത്രികളിലുണ്ടാവുന്ന ഏതു കഷ്ടസാഹചര്യവും സാധാരണക്കാരെയാണു വലയ്ക്കുകയെന്നത് അധികൃതർ മറന്നുകൂടാ.
കഴിഞ്ഞവർഷം മേയിൽ ഡൽഹിയിൽ കുഞ്ഞുങ്ങളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തമടക്കമുള്ള പല ദുരന്തങ്ങളും ഇപ്പോഴും രാജ്യമനസ്സാക്ഷിയെ പൊള്ളലേൽപിക്കുന്നുണ്ട്. മാപ്പർഹിക്കാത്ത സുരക്ഷാവീഴ്ചകളാണ് മിക്ക ആശുപത്രിദുരന്തങ്ങൾക്കും വഴിവച്ചത്. ആശുപത്രികളിൽ തീപിടിത്തം പതിവാകുന്നതായി ചൂണ്ടിക്കാട്ടി, നാലു വർഷംമുൻപു സുപ്രീം കോടതി പറഞ്ഞതു മറക്കാനുള്ളതല്ല. ജനങ്ങളുടെ ജീവൻ ബലികൊടുക്കുന്ന ആശുപത്രികൾ തഴച്ചുവളരട്ടെയെന്നു കരുതാൻ കഴിയില്ലെന്നു പറഞ്ഞ കോടതി, ഇവ അടച്ചുപൂട്ടേണ്ടതുണ്ടെന്നാണ് അന്നു പറഞ്ഞത്. ആശുപത്രികളിലടക്കം ജനത്തിരക്കുള്ള സ്ഥലങ്ങളിലെല്ലാം അഗ്നിരക്ഷാ ഓഡിറ്റ് പതിവായി നടത്തേണ്ടതുണ്ടെന്നു കോടതികൾ ഓരോ അവസരത്തിലും ഓർമിപ്പിച്ചുപോരുന്നു. എന്നിട്ടും സമാനദുരന്തങ്ങൾ ആവർത്തിക്കുന്നതെന്തുകൊണ്ടാണ്?
അപകടങ്ങളുണ്ടാകുമ്പോൾമാത്രം ഉഷാറായി സുരക്ഷയെക്കുറിച്ചു ചർച്ച ചെയ്യുന്ന നമ്മുടെ മനോഭാവം ഇനിയെങ്കിലും മാറിയേതീരൂ. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇപ്പോഴുണ്ടായത് എവിടെ വേണമെങ്കിലും ആവർത്തിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിന്റെ പാഠമുൾക്കൊണ്ട്, കേരളത്തിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും നിലവിലുള്ള ക്രമീകരണങ്ങൾ സുരക്ഷാ ഓഡിറ്റിനു വിധേയമാക്കിയേ തീരൂ. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാനായി ആശുപത്രികളിൽ പതിവായി ‘മോക്ക് ഡ്രിൽ’ നടത്തുകയുംവേണം.