ADVERTISEMENT

ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും മാർക്സിന്റെയും ആശയങ്ങളിൽ ആകൃഷ്ടനായ സി.കേശവന്റെ കോഴഞ്ചേരി പ്രസംഗം, വ്യത്യസ്തവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഐക്യകേരളമെന്ന ആശയസാക്ഷാത്കാരത്തിലേക്കുള്ള നിർണായകചുവട‌ുവയ്പായിരുന്നു. സർക്കാർ ഉദ്യോഗം, പ്രായപൂർത്തി വോട്ടവകാശം, ആരാധനാസ്വാതന്ത്ര്യം തുടങ്ങിയ പൗരാവകാശങ്ങൾ പിന്നാക്ക വിഭാഗങ്ങൾക്ക് അപ്രാപ്യമായിരുന്ന കാലത്താണ് കോഴഞ്ചേരിയിൽനിന്നു സമരകാഹളമുയർന്നത്. ജാതിവിവേചനത്തെ പ്രാദേശികമായി മാത്രമല്ല, ദേശീയതലത്തിലും ഗൗരവത്തോടെ അഭിസംബോധന ചെയ്യണമെന്ന ഉറച്ച നിലപാടെടുത്തു സി.കേശവൻ.

​നിവർത്തന പ്രക്ഷോഭം 1932ലെ ഭരണഘടന പരിഷ്കാരങ്ങളിലെ പരിമിതികൾക്കെതിരെയാണ് ആരംഭിച്ചത്. ഇവയനുസരിച്ച് തിരുവിതാംകൂർ രാജാവിനു കീഴിലുള്ള നിയമസഭയിൽ തിരുവിതാംകൂറിലെ ജനസംഖ്യയിൽ 28 ശതമാനത്തോളം വരുന്ന ക്രിസ്ത്യാനികൾക്കും ഈഴവർക്കും മുസ്‌ലിംകൾക്കും പ്രാതിനിധ്യം കിട്ടുക അതീവദുഷ്കരമായിരുന്നു. ഈ സമുദായങ്ങളിൽനിന്നു ഭൂവുടമകളുണ്ടായിരുന്നു. അവർ കരം കെട്ടിയിരുന്നുവെങ്കിലും ഈ ഭൂമികളുടെ മുൻ ഉടമസ്ഥർക്കു മാത്രമായിരുന്നു വോട്ടവകാശം. നിവർത്തന പ്രക്ഷോഭം മൂർധന്യത്തിലെത്തിയപ്പോൾ അധികാരികൾ ഒട്ടൊക്കെ വഴങ്ങുകയും ഈഴവ, ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങളിൽനിന്നു പൂർവാധികം പേർ നിയമസഭയിൽ എത്തുകയും ചെയ്തു. പിന്നീട് പിന്നാക്ക സമുദായങ്ങൾക്കു ഗുണകരമായ തീരുമാനങ്ങൾക്കു വഴിവെട്ടിയ ഉദ്യോഗസംവരണത്തിനും തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മിഷന്റെ സ്ഥാപനത്തിനും നടപടികളുണ്ടായി.


എ.എം.ഷിനാസ്
എ.എം.ഷിനാസ്

​1935 മേയ് 11ന് ക്രൈസ്തവ മഹാസഭയുടെ ആഭിമുഖ്യത്തിൽ കോഴഞ്ചേരിയിൽ ചേർന്ന ക്രൈസ്തവ, ഈഴവ, മുസ്‌ലിം രാഷ്ട്രീയസമ്മേളനത്തിൽ സി.കേശവൻ നടത്തിയ അധ്യക്ഷപ്രസംഗം ഇപ്പോഴും പലതവണ ഉദ്ധരിക്കപ്പെടുന്നത് സി.പി.രാമസ്വാമി അയ്യരെക്കുറിച്ച് അദ്ദേഹം പറഞ്ഞ പരുഷ പരാമർശങ്ങളാലാണ്. പ്രസംഗാവസാനം സി.കേശവൻ പറഞ്ഞു: ‘അദ്ദേഹം ഈഴവനും ക്രിസ്ത്യാനിക്കും മുസ്‌ലിമിനും ഒരു ഗുണവും ചെയ്യില്ല. ഈ വിദ്വാൻ ഇവിടെ വന്നതിൽ പിന്നെയാണ് തിരുവിതാംകൂർ രാജ്യത്തെപ്പറ്റി ഇത്ര ചീത്തപ്പേര് പുറത്തുപരന്നത്. ഈ മനുഷ്യൻ പോയാലല്ലാതെ ഈ രാജ്യം ഗുണംപിടിക്കുകയില്ല.’ സിപിയുടെ ജാതിവിവേചനപരവും ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ ഭരണസമീപനത്തിനെതിരെയുള്ള പൊട്ടിത്തെറിയായിരുന്നു ഈ വാക്കുകളെന്ന കാര്യത്തിൽ തർക്കമില്ല.

കോഴഞ്ചേരി പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ചാൽ പ്രസക്തമായ മറ്റു നിലപാടുകൾകൂടി കാണാൻ കഴിയും. ‘മഹാജനങ്ങളേ’ എന്നു സദസ്സിനെ അഭിസംബോധന ചെയ്ത സി.കേശവൻ, ‘ഈ അന്ധകാരസമയത്ത് ഒരു രാഷ്ട്രീയപ്രസംഗം ചെയ്യുന്നതിന് എനിക്ക് ഇടവന്നതിൽ വ്യസനിക്കുന്നു’ എന്ന ആമുഖത്തോടെയാണ് തുടങ്ങിയത്.

അവകാശസ്ഥാപന സംബന്ധമായ പ്രക്ഷോഭങ്ങളുടെ ചരിത്രത്തെക്കുറിച്ചു പറയവേ റഷ്യൻ വിപ്ലവം, അയർലൻഡിലെ സ്വാതന്ത്ര്യസമരം, ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നിവയെപ്പറ്റി സൂചിപ്പിച്ചു. ആ പ്രക്ഷോഭങ്ങളും നിവർത്തനസമരവും തമ്മിലുള്ള മൗലികമായ വ്യത്യാസം വിശദീകരിക്കുകയും ചെയ്തു. ‘ഇതു നമ്മുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള വഴക്കാണ്’ എന്നാണ് പറഞ്ഞത്. ​

 ഉദ്യോഗ– ഭരണനിർവഹണ മേഖലകളിൽ കുത്തക പുലർത്തിയിരുന്ന സവർണസമുദായങ്ങളുടെ കാര്യക്ഷമതാവാദത്തെ അദ്ദേഹം ഖണ്ഡിച്ചു. സാമുദായിക പ്രാതിനിധ്യവാദത്തെ ഇല്ലാതാക്കാനാണ് കുത്തകസമുദായക്കാർ കാര്യക്ഷമതാവാദം ഉയർത്തുന്നത്. ഉദ്യോഗത്തിനുള്ള കാര്യക്ഷമത ചില വിഭാഗങ്ങളുടെ സഹജസിദ്ധിയൊന്നുമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയാണു ചെയ്തത്.

 പ്രായപൂർത്തി വോട്ടവകാശം എന്ന മർമപ്രധാനമായ ആവശ്യവും അദ്ദേഹം ഉയർത്തി. ‘പരിഷ്കൃതസൂര്യന്റെ അരുണകിരണം എത്തിയ നാടുകളിലെല്ലാം പ്രായപൂർത്തി വോട്ടവകാശത്തെ സ്വാഗതം ചെയ്യുന്നതായി നാം കാണുന്നു. ഇതില്ലാതെ എവിടെയും ഉത്തരവാദിത്തഭരണം നടപ്പിലാക്കാൻ കഴിയില്ല. കുത്തകസമുദായക്കാർ പ്രായപൂർത്തി വോട്ടവകാശം ഇവിടെ ആവശ്യമില്ലെന്നു വാദിക്കുന്നു. അവരുടെ പ്രതാപവും പ്രഭാവവും അസ്തമിക്കുകയാണെന്ന വിറളിയിൽനിന്നാണ് ഈ ജനാധിപത്യവിരുദ്ധ വീക്ഷണം ഉണ്ടാകുന്നത്! ഐക്യകേരളസൃഷ്ടിയെക്കുറിച്ച് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ബഹുസ്വര കാഴ്ചപ്പാടാണ് സി.കേശവനുണ്ടായിരുന്നത്.

English Summary:

C. Kesavan's Kozhenchery speech: C. Kesavan's Kozhenchery speech, delivered in 1935, was a landmark address advocating for social justice and equality in Travancore. This powerful speech, influenced by Gandhiji and Marx, ignited the Nivarthana Movement, leading to significant reforms in representation and voting rights for marginalized communities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com