ADVERTISEMENT

ആത്മപരിശോധനകളിലൂടെ സ്ഫുടംചെയ്തെടുത്ത നവീകരണം എന്നതോളം വിലപിടിപ്പുള്ളതായി കോൺഗ്രസിനുമുന്നിൽ ഇപ്പോൾ മറ്റെ‍ാന്നുമില്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുൻപ് കോൺഗ്രസിൽ ഇപ്പോഴുണ്ടായ നിർണായകമായ നേതൃമാറ്റങ്ങളിൽ ആ നവീകരണചിന്തയുണ്ടെന്നുവേണം വിചാരിക്കാൻ; കെപിസിസി ആസ്ഥാനമായ തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ ഇന്നലെ രാവിലെ പുതിയ നേതാക്കൾ സ്ഥാനമേറ്റ ചടങ്ങിൽ പ്രകടമായ ഒരുമയും െഎക്യദാർഢ്യവും സൂചനകൾക്കപ്പുറത്തേക്കു കടന്നുനിൽക്കുമെങ്കിൽ.

അനുഭവസമ്പന്നനായ പേരാവൂർ എംഎൽഎ സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റതിനോടെ‍ാപ്പം ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ എന്നിവർ വർക്കിങ് പ്രസിഡന്റുമാരായപ്പോൾ പാർട്ടിയിൽ തലമുറമാറ്റത്തിന്റെ കാഹളമായി എന്നു കരുതുന്നവരുണ്ട്. നിർണായക തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, യുവനിര പാർട്ടിയുടെ മുന്നിലുണ്ടാവണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമുള്ള പുനഃസംഘടനയാണ് സംസ്ഥാനത്ത് കോൺഗ്രസ് നടപ്പാക്കിയത്. അടൂർ പ്രകാശ് എംപി യുഡിഎഫ് കൺവീനറായും ഇന്നലെ സ്ഥാനമേറ്റു.

സംസ്ഥാനത്തെ മുൻനിര നേതാക്കളുടെ യോഗത്തിൽ രാഹുൽ ഗാന്ധി ഒരിക്കൽ പറഞ്ഞതിന് ആ പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമാണുള്ളത്: ‘പിണറായി സർക്കാരിലും മെച്ചപ്പെട്ട സർക്കാരിനെ കേരള ജനത അർഹിക്കുന്നുണ്ട്. അവരുടെ  ആഗ്രഹത്തിനു കോൺഗ്രസ് നേതാക്കൾ തടസ്സം നിൽക്കാതിരുന്നാൽ മതി.’ സംഘടനയെ ശക്തമാക്കി ഐക്യത്തോടെ മുന്നോട്ടുപോയാൽ അധികാരത്തിലേക്കു തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് രാഹു‍ൽ പങ്കുവച്ചത്. സണ്ണി ജോസഫിന്റെയും ടീമിന്റെയും മുന്നിലെ ദൗത്യവും ഇതുതന്നെ. ഡിസിസിയിലടക്കം പാർട്ടിയുടെ മറ്റുതലങ്ങളിൽ എത്രയുംവേഗം അഴിച്ചുപണിയുണ്ടാവുമെന്നുകൂടി പ്രതീക്ഷിക്കുകയാണ് പ്രവർത്തകർ.

തൃക്കാക്കര, പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കു പിന്നാലെ കോൺഗ്രസിനു വലിയതോതിൽ ആത്മവിശ്വാസവും ആത്മവീര്യവും പകരുന്നതായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഗംഭീരവിജയം. അതിനുമുൻപ് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പിന്നിലായ യുഡിഎഫിന് അത് ആത്മവിശ്വാസമേറ്റുന്നതായി. പാലക്കാട് (നിയമസഭ), വയനാട് (ലോക്സഭ) ഉപതിരഞ്ഞെടുപ്പുകളിലും വിജയം കൈവരിച്ചു. ചിട്ടയോടെ കൈകോർത്തുള്ള പ്രവർത്തനമുണ്ടെങ്കിൽ വിജയത്തിന്റെ വാതിൽ തുറക്കുമെന്ന പാഠം കോൺഗ്രസിനു നൽകുന്നതായിരുന്നു ഈ വിജയങ്ങളെല്ലാം. അവയ്ക്കുപിന്നിൽ കെപിസിസിയുടെയും യുഡിഎഫിന്റെയും ഏകോപിതവും പ്രായോഗികവുമായ പ്രചാരണത്തിനു വലിയ പങ്കുണ്ടെന്നതിൽ സംശയമില്ല. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ കെ.സുധാകരൻ എംപി ഈ വിജയങ്ങളിൽ വഹിച്ച പങ്ക് എടുത്തുപറയണം. വരുംതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഈ മാതൃക എത്രത്തോളം പുലർത്താനാവുമെന്നതാണു ഗൗരവമുള്ള ചോദ്യം. ഈ ചോദ്യത്തിനുള്ള ഉചിത മറുപടി കണ്ടെത്തുന്നതാവും കോൺഗ്രസിലെ നവനേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്തങ്ങളിലെ‍ാന്ന്.

പ്രതിപക്ഷത്തിന്റേതാണ് പാർലമെന്റ് എന്നു ഭരണഘടനാസഭയിൽ ഡോ. ബി.ആർ.അംബേദ്കർ പറഞ്ഞത് അംഗബലത്തിലെ ഭൂരിപക്ഷംകൊണ്ടുമാത്രം ജനാധിപത്യം പ്രാവർത്തികവും അർഥവത്തും ആവില്ലെന്ന മുന്നറിയിപ്പുകൂടിയായിരുന്നു. കരുത്തുറ്റെ‍ാരു പ്രതിപക്ഷം നാടിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെകൂടി ആവശ്യമാണ്. അതുകെ‍ാണ്ടുതന്നെ, വരുംതിരഞ്ഞെടുപ്പുകളിലേക്കു സജ്ജമാകുന്നതിനോടെ‍ാപ്പം നിയമസഭയുടെ അവശേഷിക്കുന്ന കാലയളവിൽ കൂടുതൽ കരുത്താർന്ന പ്രവർത്തനം കാഴ്ചവയ്ക്കാനും പുതിയ കോൺഗ്രസ് നേതൃത്വം ശ്രദ്ധയൂന്നേണ്ടതുണ്ട്. സർക്കാരിന്റെ അന്യായ നടപടികൾ ചോദ്യം ചെയ്തും ജനകീയാവശ്യങ്ങൾക്കുവേണ്ടി വാദിച്ചും പ്രതിപക്ഷശക്തി തെളിയിച്ചുവേണം നിയമസഭാ തിരഞ്ഞെടുപ്പു കളത്തിലേക്കിറങ്ങാൻ എന്നു കോൺഗ്രസ് തിരിച്ചറിഞ്ഞാൽ ആ പാർട്ടിക്കു കെ‍ാള്ളാം.  

ഗ്രൂപ്പുകളികൾ ഇല്ലാതെ, മികച്ച സ്ഥാനാർഥിയെ കണ്ടെത്തി, കൈകോർത്തു മുന്നോട്ടുനീങ്ങിയാൽ വിജയം സുഗമമെന്ന രാഷ്ട്രീയബോധ്യം മറന്നതിന്റെ കെടുതി ഏറെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് കോൺഗ്രസ് പാർട്ടിക്ക്. തുടർച്ചയായി 9 വർഷം കേരളത്തിലും അതിലേറെ കേന്ദ്രത്തിലും അധികാരത്തിനു പുറത്തുനിൽക്കേണ്ടിവന്നത് മുൻപില്ലാത്ത യാഥാർഥ്യബോധം കോൺഗ്രസുകാർക്കു നൽകിയിട്ടുണ്ടെന്നു കരുതണം. നിലനിൽപിനോളംതന്നെ പ്രാധാന്യമുള്ള ഈ തിരിച്ചറിവ് പാർട്ടി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കും എന്നതിന്റെ തെളിവുകൂടിയാവും വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ.

English Summary:

Editorial: Congress's new leadership in Kerala aims for a generational shift and renewed focus ahead of crucial elections. This change signals a commitment to unity and effective opposition, crucial for regaining power.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com