ADVERTISEMENT

നാലാം വാർഷികാഘോഷത്തിൽ മതിമറന്നുമുഴുകുന്നതിനാലാവാം എൽഡിഎഫ് സർക്കാർ ഒരു പാവം ദലിത് യുവതിയുടെ ആത്മാഭിമാനത്തിനേറ്റ ആഴമുറിവ് കാണാതെപോകുന്നത്.സമൂഹമാധ്യമത്തിൽ സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങൾ പരിധിവിടുന്നതു ഗൗരവമായി കാണുന്നെന്നും ഇതിനെതിരെ പൊതുബോധം വളർത്തേണ്ടത് അനിവാര്യമാണെന്നുമെ‍ാക്കെ തിങ്കളാഴ്ച തൃശൂരിൽ ‘പരസ്പരം’ സംവാദ പരിപാടിയിൽ പെ‍ാലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ പെ‍ാലീസ് സ്റ്റേഷനിൽ കടുത്ത അപമാനം ഏൽക്കേണ്ടിവന്നെ‌ാരു വനിതയുടെ മനസ്സിനേറ്റ മുറിവുകൾ കാണുകയായിരുന്നു പെ‍ാതുസമൂഹം. രണ്ടരപ്പവൻ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ബിന്ദു എന്ന ദലിത് വനിതയെ മാനസികമായി പീഡിപ്പിച്ച സംഭവം 25 ദിവസത്തിനുശേഷം പുറത്തറിഞ്ഞതിനു പിന്നാലെ െപ‍ാലീസിന്റെ മുഖം രക്ഷിക്കാൻ ശ്രമമുണ്ടാകുമ്പോഴും ആ കെ‍‍ാടിയ അപമാനത്തിന് അതു പകരമാകുന്നില്ല. ഇക്കാര്യത്തിൽ പെ‍ാലീസിനു വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രിക്ക് ഇന്നലെ സമ്മതിക്കേണ്ടിവന്നു.

വീട്ടുജോലിക്കാരിയായ ആർ.ബിന്ദുവിനെതിരെ മോഷണം ആരോപിച്ച് വീട്ടുടമ ഓമന ഡാനിയലാണ് പരാതി നൽകിയത്. മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18ന് ആണെങ്കിലും പരാതി നൽകിയത് 23ന് ആയിരുന്നു. പരാതിക്കാരുടെ വീട് പരിശോധിക്കാതെയാണ് പൊലീസ് നടപടിയെടുത്തതെന്ന് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. കുറ്റം സമ്മതിച്ചില്ലെങ്കിൽ ബിന്ദുവിന്റെ രണ്ടു പെൺമക്കളെയും പ്രതിയാക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. രാത്രി കസ്റ്റഡിയിൽ വയ്ക്കേണ്ട സാഹചര്യമില്ലെന്നിരിക്കെ, ഉറങ്ങാൻ സമ്മതിക്കാതെ പുലർച്ചെ 3.30 വരെ പൊലീസുകാർ സ്റ്റേഷനിൽ ചോദ്യംചെയ്തെന്നു ബിന്ദു പറയുന്നു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിലെ വെള്ളം കുടിക്കാനാണു പറഞ്ഞത്. വീട്ടുകാരെ വിവരം അറിയിച്ചില്ലെന്നു മാത്രമല്ല, മക്കളുടെ ഫോൺ കോൾ എടുക്കാൻപോലും സമ്മതിച്ചതുമില്ല.

വീടിനുള്ളിലെ ചവറ്റുകുട്ടയിൽനിന്നു മാല കിട്ടിയ കാര്യം പിറ്റേന്നു രാവിലെതന്നെ പരാതിക്കാരി അറിയിച്ചുവെങ്കിലും ഇക്കാര്യം ബിന്ദുവിനെ അറിയിച്ചില്ല. ഡിജിപിയുടെയും  മുഖ്യമന്ത്രിയുടെ ഓഫിസുകളിൽ പരാതി നൽകിയിട്ടും അവഗണിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കു നേരിട്ടു പരാതി നൽകിയെങ്കിലും തുറന്നുപോലും നോക്കിയില്ലെന്നും ബിന്ദു പറയുന്നു. ദലിത് വനിതയെ 20 മണിക്കൂർ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

നിസ്സഹായയായ വനിതയെ മോഷ്ടാവെന്നു വിളിച്ച് ആനന്ദംകെ‍ാണ്ടവരിൽ പെ‌ാലീസും ഉണ്ടെന്നതിൽ നാം ലജ്ജിക്കണം. കേരളം അവകാശപ്പെടുന്ന സാംസ്കാരിക ബോധത്തിന്റെ തലപ്പൊക്കം വെറും വമ്പുപറച്ചിലാണെന്ന്് ഇപ്പോഴും നമ്മെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നെ‍ാരു മുഖമുണ്ട്: അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിന്റെ ദൈന്യമുഖം. കള്ളനെന്ന് ആരോപിച്ചു പിടികൂടി, ആൾക്കൂട്ട ആക്രമണത്തിനിരയായി മധു കൊല്ലപ്പെട്ടിട്ട് ഏഴു വർഷം കഴിഞ്ഞിരിക്കുന്നു. പലവിധത്തിൽ അപമാനിക്കപ്പെടുന്ന അരികുജീവിത പരമ്പരയിലെ ഏറ്റവുമെ‍ാടുവിലത്തെ പേരാണ് ബിന്ദു.  

ഈ സംഭവത്തിൽ പൊലീസിന്റെ വീഴ്ചകൾ പലതാണ്; അതീവ ഗൗരവമുള്ളതുമാണ്. മോഷണം നടന്നു എന്നുറപ്പാക്കാതെ പ്രതിയെ തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണ്? വീട്ടിൽനിന്നു മാല കാണാതെപോയിട്ടുണ്ടെങ്കിൽ അതു വീട്ടുജോലിക്കാരിയാണ് എടുത്തതെന്ന മുൻവിധിയിലെത്താൻ ഇവർക്ക് ആരാണ് അധികാരം നൽകിയത്? ദലിത് വനിതയോടുണ്ടായ സമീപനത്തിൽ പൊലീസിന്റെ നീചമായ പക്ഷപാതമാണ് പ്രകടമായത്. പരാതിക്കാരെ മാത്രം മുഖവിലയ്ക്കെടുത്ത് കുറ്റം അടിച്ചേൽപിക്കാൻ മടിയില്ലാത്ത ചില പൊലീസുകാർക്ക് പ്രതികൾ സ്വാധീനമുള്ളവരാണെങ്കിൽ അന്വേഷണംതന്നെ അട്ടിമറിക്കാൻ മടിയില്ലെന്നും കേരളത്തിനറിയാം.

ലോകമെങ്ങുമുള്ള സേനകൾ പൗരാവകാശങ്ങളെക്കുറിച്ചുള്ള അവബോധത്തിലൂടെ പൊലീസിങ്ങിന്റെ പരമ്പരാഗത സങ്കൽപങ്ങൾ തിരുത്തിയെഴുതുന്ന കാലമാണിത്. ജനമൈത്രി പൊലീസിലൂടെയും മറ്റും കേരള പൊലീസും ആ ദിശയിൽ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. അതിനിടയിലുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പൊലീസിന്റെ ജനകീയമുഖത്തെ കളങ്കപ്പെടുത്തുകതന്നെ ചെയ്യും. മാതൃകാപരമായ പെരുമാറ്റമാണ് പെ‍ാലീസിൽനിന്ന് ഉണ്ടാകേണ്ടതെന്ന് ഹൈക്കോടതിയും പെ‍ാലീസ് മേധാവികളുമെ‍ാക്കെ നിരന്തരം ഓർമിപ്പിച്ചുപോന്നിട്ടും ചിലർ അതു പാടേ മറക്കുന്നു.വകുപ്പുതല അന്വേഷണങ്ങൾക്കും പതിവു നടപടികൾക്കും അപ്പുറത്ത്, ഇത്തരം ക്രൂരതകൾ എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള വഴിയാണു സർക്കാരും പൊലീസും തേടേണ്ടത്. പെ‍ാലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിതന്നെ ഈ ശുദ്ധീകരണത്തിനു മുൻകയ്യെടുക്കുകയുംവേണം. പൗരാവകാശം എന്ന പദത്തിന്റെ പവിത്രതയും ശക്തിയും മനസ്സിലാക്കാത്ത ഒരാൾപോലും നമ്മുടെ പൊലീസ് സേനയിൽ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയേതീരൂ.

English Summary:

Editorial: Chief Minister Admits Police Failure in Dalit Woman's Humiliation Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com