Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീനിലെ രാസവസ്തു: പരിശോധന ഇന്നു മുതൽ

fish-series-image

കെ.കെ. ശൈലജ (ആരോഗ്യ മന്ത്രി)

മലയാള മനോരമയുടെ ‘തിന്നുന്നതെല്ലാം മീനല്ല’ അന്വേഷണ പരമ്പരയിലെ വെളിപ്പെടുത്തലുകൾ ഗൗരവമേറിയതും കർശന നടപടി വേണ്ടതുമാണ്. ഇന്നു മുതൽ കേരളത്തിലെ തീരദേശ ജില്ലകളിൽ സ്‌പെഷൽ സ്ക്വാഡുകൾ രൂപീകരിച്ചു മത്സ്യ സാംപിളുകൾ ശേഖരിച്ചു പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് ഉത്തരവു നൽകി. മത്സ്യങ്ങളിൽ ചേർക്കാൻ സാധ്യതയുള്ള രാസപദാർഥങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതിനു ഡിസംബർ ആദ്യ ആഴ്‌ചയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, ഫിഷറീസ് യൂണിവേഴ്‌സിറ്റി, മത്സ്യ തുറമുഖ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ യോഗം ഭക്ഷ്യസുരക്ഷാ കമ്മിഷണർ വിളിച്ചുചേർക്കും.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മത്സ്യവിപണന കേന്ദ്രങ്ങളിൽ നിന്നു സാംപിളുകൾ ശേഖരിച്ചു ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ കീഴിലുള്ള ലാബുകളിലും കൊച്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലും അയച്ചു പരിശോധന നടത്താറുണ്ടെങ്കിലും രാസവസ്തു ചേർത്തിട്ടുള്ളതായ റിപ്പോർട്ടുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ, മനോരമ നടത്തിയ അന്വേഷണത്തിലും തുടർപരിശോധനയിലും മത്സ്യത്തിൽ സോഡിയം ബെൻസോയേറ്റ് ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ കർശനമായ പരിശോധന നടത്തും.

മത്സ്യങ്ങളിൽ അമോണിയ, ഫോർമാലിൻ എന്നിവ ചേർക്കുന്നു എന്നുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനാൽ ഭക്ഷ്യസുരക്ഷാ കമ്മിഷണർ പ്രത്യേക സ്ക്വാഡുകളെ നിയമിച്ചും സാംപിളുകൾ ശേഖരിച്ചും പരിശോധന നടത്തിയെങ്കിലും അമോണിയയുടെയോ, ഫോർമാലിന്റെയോ അംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ, മത്സ്യം കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന ഐസിന്റെ സാംപിളുകൾ പരിശോധിച്ചപ്പോൾ ചില സാംപിളുകളിൽ അമോണിയയുടെയും ഫോർമാലിന്റെയും അംശം കണ്ടെത്തി. അത്തരം ഐസ് നിർമാണ യൂണിറ്റുകൾ ഉടൻ തന്നെ പൂട്ടുകയും ഉടമകൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.  

നടപടി വേണം: ചെന്നിത്തല

സംസ്ഥാനത്തു മൽസ്യത്തിൽ ഗുരുതര രോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്ന രാസവസ്തുക്കൾ ചേർക്കുന്നുവെന്നതു തെളിവുസഹിതം പുറത്തുകൊണ്ടുവന്ന മലയാള മനോരമയുടെ അന്വേഷണ പരമ്പരയുടെ അടിസ്ഥാനത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.

ഭക്ഷ്യസുരക്ഷാ വിഭാഗം ഇതിൽ ഒട്ടും ജാഗ്രതകാണിക്കുന്നില്ലെന്നു ബോധ്യപ്പെടുത്തുന്നതാണു പുറത്തുവന്ന വിവരങ്ങൾ. പേരിനുമാത്രമുള്ള പരിശോധനയിൽ നിന്നും കർശനമായ നടപടികളിലേക്കു സർക്കാർ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Your Rating: