Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷിതമായി നടത്താം ഇന്റർനെറ്റ് ബാങ്കിങ്

editorial-net-banking

സാധാരണയായി ബാങ്കിന്റെ കൗണ്ടറിൽ പോയി നടത്തുന്ന കാര്യങ്ങൾ ബാങ്കിന്റെ ഇന്റർനെറ്റ് ജാലകത്തിലൂടെ ചെയ്യുന്നതാണ് ഇന്റർനെറ്റ് ബാങ്കിങ്. മിക്കവാറും എല്ലാ ബാങ്കുകൾക്കും ഇന്ന് ഇന്റർനെറ്റ് ബാങ്കിങ് സംവിധാനമുണ്ട്. അക്കൗണ്ട് തുടങ്ങുമ്പോഴോ പിന്നീടോ ബാങ്ക് ശാഖയിൽനിന്ന് ഇന്റർനെറ്റ് ബാങ്കിങ് യൂസർ ഐഡിയും (ബാങ്കിന്റെ വെബ്‌സൈറ്റ് നമ്മെ തിരിച്ചറിയുന്നതു യൂസർ ഐഡിയിലൂടെ ആണ്) പാസ്‌വേർഡും ലഭിക്കും. അല്ലെങ്കിൽ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് വെബ്‌സൈറ്റിൽനിന്നു നേരിട്ടും (എടിഎം കാർഡ് ഉള്ളവർക്ക്) ഇവ രണ്ടും ലഭ്യമാക്കാം. എടിഎം കാർഡ് ഇല്ലാത്തവർക്ക് ഇതേ വെബ്‌സൈറ്റിലൂടെ എല്ലാം ശരിയാക്കി എടുത്തശേഷം അതിൽനിന്ന് എടുക്കുന്ന അപേക്ഷയുടെ പ്രിന്റ് എടുത്തു ബാങ്കിൽ കൊണ്ടുപോയി അംഗീകരിപ്പിക്കാം. കറൻസിരഹിത സമൂഹത്തിന് ഇന്റർനെറ്റ് ബാങ്കിങ് അത്യന്താപേക്ഷിതമാണ്.

ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങുമ്പോഴും അവ ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

1. നമ്മുടെ യൂസർ ഐഡി ഓർമിക്കാൻ എളുപ്പമുള്ളതാവണം. അല്ലെങ്കിൽ, അഥവാ മറന്നാൽ, പുനഃസൃഷ്ടിക്കാൻ ചെറിയതോതിലെങ്കിലും പ്രയാസമാകും.

2. പാസ്‌വേർഡ് ഓർമിക്കാൻ എളുപ്പമുള്ളതും മറ്റുള്ളവർക്ക് ഊഹിക്കാൻ പറ്റാത്തതുമാവണം. ഇതു ചുരുങ്ങിയത് ഒരു വലിയ അക്ഷരം, ഒരു അക്കം, ഒരു ചിഹ്നം എന്നിവ അടങ്ങിയ മിശ്രവാക്കാവണം. ജനനത്തീയതി, വാഹനത്തിന്റെ നമ്പർ, കുടുംബാംഗങ്ങളുടെ പേര്, വീട്ടുപേര് തുടങ്ങിയവ ഉപയോഗിക്കരുത്. അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എല്ലാമടക്കം ചുരുങ്ങിയത് ആകെ ഇത്ര എണ്ണം രൂപങ്ങളെങ്കിലും വേണമെന്നു മിക്കവാറും വെബ്‌സൈറ്റുകൾ നിബന്ധന ചെയ്തിട്ടുണ്ടാവും.

3. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്കു കാണാൻ പാകത്തിൽ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്. അതുപോലെ, കംപ്യൂട്ടർ സെന്റർ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളും ഉപയോഗിക്കരുത്. എന്തെങ്കിലും കാരണവശാൽ പൊതു ഇടങ്ങളിൽ / പൊതു കംപ്യൂട്ടറുകളിൽ ഇന്റർനെറ്റ് ബാങ്കിങ് ഇടപാടു നടത്തേണ്ടിവന്നാൽ, എത്രയും പെട്ടെന്നു നമ്മുടെ സ്വന്തം കംപ്യൂട്ടർ ഉപയോഗിച്ചു പാസ്‌വേർഡ് മാറ്റണം.

4. പാസ്‌വേർഡ് കഴിയുന്നതും മാസത്തിലൊരിക്കലെങ്കിലും മാറ്റണം. ചില ബാങ്കുകളുടെ വെബ്‌സൈറ്റുകൾ നമ്മെ നിർബന്ധിച്ചു പാസ്‌വേർഡ് മാറ്റിപ്പിക്കും. എന്നാൽ, ചിലതു മാറ്റാൻ ഓർമിപ്പിക്കുകയേ ഉള്ളൂ.

5. യൂസർ ഐഡി, പാസ്‌വേർഡ് തുടങ്ങിയവ എവിടെയെങ്കിലും എഴുതിവയ്ക്കുകയോ, മൊബൈലിൽ ഫീഡ് ചെയ്തുവയ്ക്കുകയോ അരുത്. കംപ്യൂട്ടറിനെക്കൊണ്ട് അത് ‘ഓർമിപ്പിക്കുകയും’ (Remember password option) ചെയ്യരുത്. ഇവ ആരോടും വെളിപ്പെടുത്തരുത്.

6. നമ്മുടെ സ്വന്തം അക്കൗണ്ടുകൾ തമ്മിലുള്ള ഇടപാടുകളിലൊഴികെ മറ്റെല്ലാറ്റിനും മൊബൈലിൽ വരുന്ന ഒറ്റത്തവണ പ്രവേശിക (OTP) ആവശ്യമാണ്. അതിനാൽ ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ നമ്മുടെ കയ്യിൽത്തന്നെ ഉള്ളതാവണം. ഇത് ആർക്കും പറഞ്ഞുകൊടുക്കരുത്.

7. ഇന്റർനെറ്റ് ബാങ്കിങ് വെബ്‌സൈറ്റ് എടുക്കാൻ ഒരിക്കലും യാഹൂ, ഗൂഗിൾ തുടങ്ങിയ സെർച്ച് എൻജിനുകൾ ഉപയോഗിക്കരുത്. അതു കൃത്യമായി മുകളിലെ അഡ്രസ്‌ ബാറിൽ നേരിട്ടു ടൈപ്പ് ചെയ്യണം. സൈറ്റ് തുറന്നാൽ അഡ്രസ്‌ ബാറിൽ ആദ്യത്തെ https ൽ ‘s’ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സുരക്ഷിത സൈറ്റുകളിൽ മാത്രമേ ‘secured’ എന്ന പദത്തെ സൂചിപ്പിക്കുന്ന ‘s’ ഉണ്ടാകൂ.

8. മറ്റു സൈറ്റുകളിലെ ആവശ്യങ്ങൾക്കു പണം നൽകേണ്ടിവരുമ്പോൾ അതു നമ്മുടെ ബാങ്കിന്റെ ഇന്റർനെറ്റ് സൈറ്റിലേക്കാണു പോകുന്നത്. ഇവിടെ ചിലപ്പോൾ ഒരു ചോദ്യം കാണാം: ‘retain my payment preference’. അതായത് പിന്നീടൊരിക്കൽ ഇതേ സൈറ്റിൽ ഇടപാടു നടത്തുമ്പോഴും ഇപ്പോൾ നൽകിയ കാര്യങ്ങൾ കംപ്യൂട്ടർ ഓർമിച്ചുവച്ച് ഉപയോഗിക്കട്ടെ എന്ന്. ആ കോളത്തിൽ ഒരിക്കലും ടിക് ചെയ്യുകയോ യെസ് എന്നു നൽകുകയോ അരുത്.

9. ഒടിപി സമ്പ്രദായമില്ലാത്ത വിദേശരാജ്യങ്ങളിലേക്കുള്ള പണമിടപാടിന് ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്. അതുപോലെ അശ്ലീലസൈറ്റുകൾക്കുള്ള ഫീസ്, കിടപ്പറ ഉപകരണങ്ങൾ വാങ്ങൽ എന്നിവ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചു ചെയ്യരുത്. ഇത്തരം സൈറ്റുകൾ നമ്മുടെ, ചിലപ്പോൾ ബാങ്കിങ് രഹസ്യങ്ങൾ ചോർത്തി വീണ്ടും പണം എടുത്തെന്നുവരാം.

10. കഴിവതും രണ്ട് അക്കൗണ്ടുകൾ ഉണ്ടാവണം. പണം സൂക്ഷിക്കാൻ ഒന്നും, പുറമേയ്ക്കുള്ള ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് എന്നിവയ്ക്ക് മറ്റൊന്നും. രണ്ടാമത്തേതിൽ അപ്പപ്പോഴത്തെ ഉപയോഗത്തിനു മാത്രം പണം വച്ചാൽ മതി. പുറമേയ്ക്കുള്ള എല്ലാ ഇടപാടുകളും രണ്ടാമത്തെ അക്കൗണ്ടിൽനിന്ന് ആവണം. നമ്മുടെതന്നെ ഒരു അക്കൗണ്ടിൽനിന്നു മറ്റൊരു അക്കൗണ്ടിലേക്കു പണം മാറ്റുന്നതിന് ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചാലും വിവരങ്ങൾ പുറത്തുപോകുന്നില്ലല്ലോ. അതിനാൽ ആദ്യത്തെ അക്കൗണ്ടിൽനിന്ന് ഇന്റർനെറ്റ് ബാങ്കിങ് വഴി പണം മാറ്റിയാലും ആദ്യത്തെ അക്കൗണ്ട് സുരക്ഷിതമായിരിക്കും.

11. ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന കംപ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വാട്സ്ആപ്, എസ്എംഎസ് തുടങ്ങിയവയിൽ വരുന്ന അനാവശ്യ ലിങ്കുകളിൽ പ്രവേശിക്കരുത്.

12. നമ്മുടെ കംപ്യൂട്ടറിലെ പ്രവർത്തന സോഫ്റ്റ്‌വെയർ, ആന്റി-വൈറസ് എന്നിവ സമയാസമയങ്ങളിൽ അവയുടെ യഥാർഥ നിർമാതാക്കളിൽനിന്ന് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.

13. എല്ലാ ബാങ്കുകൾക്കും ഇപ്പോൾ അവയുടെ ഇന്റർനെറ്റ് ബാങ്കിങ്ങിനു മൊബൈൽ ആപ് ഉണ്ട്. അത് അവരുടെതന്നെ വെബ്‌സൈറ്റിൽനിന്നോ പ്ലേസ്റ്റോറിൽനിന്നോ മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.

14. ഉപയോഗം കഴിഞ്ഞാലുടനെ ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽനിന്നു ലോഗൗട്ട് ചെയ്യണം.

(സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ
തിരുവനന്തപുരം പഠനകേന്ദ്രം മേധാവിയും അസിസ്റ്റന്റ് ജനറൽ മാനേജരുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)