Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിഫ്ബി ഈ ബജറ്റിന്റെ ഐശ്വര്യം

kiifb-mary-george

ആയിരക്കണക്കിനു കോടി രൂപയുടെ ഒട്ടേറെ പദ്ധതികൾ ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെ (കിഫ്ബി) ചുറ്റിപ്പറ്റിയാണ്. ബജറ്റിന്റെ അച്ചുതണ്ടുതന്നെ കിഫ്ബി ആണെന്നു പറയാം.

എന്നാൽ, കഴിഞ്ഞ ബജറ്റിൽ തോമസ് െഎസക് പ്രഖ്യാപിച്ച കിഫ്ബിയിൽ അദ്ദേഹം ലക്ഷ്യംവച്ച 20,000 കോടി രൂപ ഇപ്പോഴും കടലാസിലാണ് എന്നോർക്കണം. കേന്ദ്ര ഏജൻസിയായ നബാർഡ് നൽകിയ 4000 കോടി രൂപ മാത്രമാണു കിഫ്ബിയിൽ ആകെയുള്ള മൂലധനം. അതിനുള്ള പദ്ധതിക്കും രൂപം നൽകി.

അതേസമയം, ലക്ഷ്യമിട്ട ബാക്കി പണം എന്തുകൊണ്ടു വന്നില്ല? നിക്ഷേപകർക്കു സ്വീകാര്യമായവിധം ലാഭകരമായ പദ്ധതികൾ ഉയർത്തിക്കാട്ടാൻ സർക്കാരിനു കഴിഞ്ഞില്ല എന്നതാണു കാരണമെന്നു തോന്നുന്നു. സർക്കാരിനു ലഭിക്കുന്ന റവന്യു–റവന്യു ഇതര വരുമാനം ശമ്പളവും പെൻഷനും കൊടുക്കാനേ തികയൂ എന്നിരിക്കെ കേന്ദ്ര ഗ്രാന്റും കടമെടുക്കുന്ന പണവും കൊണ്ടാണ് ഈ വർഷം ഏഴായിരം കോടി രൂപയുടെ പദ്ധതി ഫണ്ടെങ്കിലും സർക്കാർ കണ്ടെത്തുന്നത്.

ഈ പരിമിതി മനസ്സിലാക്കിയാണു വികസന കാര്യങ്ങൾക്കായി സ്വകാര്യ ഫണ്ട് ലക്ഷ്യം വച്ച് പ്രത്യേക ദൗത്യ സംവിധാനത്തിനു (കിഫ്ബി) തോമസ് ഐസക് രൂപം നൽകിയത്. നിക്ഷേപിക്കുന്ന പണം വകമാറ്റി ചെലവാക്കി എന്ന ഉറപ്പു നൽകാനാണു കിഫ്ബി രൂപീകരിച്ചത്. എന്നിട്ടും നിക്ഷേപം വന്നില്ല.

കാരണം വൻകിട നിക്ഷേപകർക്ക് അത് ആകർഷകമായി തോന്നിയില്ല. അതുകൊണ്ടാവണം ഇക്കുറി പ്രവാസി മലയാളികളിൽ മാത്രം കണ്ണുവച്ചു സർക്കാരിന്റെ ചിട്ടിക്കമ്പനിയായ കെഎസ്എഫ്ഇ വഴി ഏതാനും വർഷംകൊണ്ട് 12,000 കോടി രൂപ സമാഹരിക്കാൻ തോമസ് ഐസക് തീരുമാനിച്ചത്.

തോമസ് ഐസക്കിന്റെ ഈ ബുദ്ധി കുറേക്കൂടി പ്രായോഗികമാണ്. ഒന്നാമതു കേരളത്തോടു താൽപര്യമുള്ള വിദേശ മലയാളികളെയാണു ലക്ഷ്യം വയ്ക്കുന്നത്. രണ്ടാമതു കെഎസ്എഫ്ഇ വഴി ഈ പണം കിഫ്ബിയിലെത്തുമ്പോൾ നിക്ഷേപിക്കുന്ന പണത്തിനു സർക്കാർ ബോണ്ട് നൽകുന്നു. നിക്ഷേപകർക്കു പണത്തിനു ബാങ്ക് നിക്ഷേപം പോലെ മുതലിനും പലിശയ്ക്കും ഗാരന്റി ലഭിക്കുന്നു എന്നർഥം.

അതേസമയം, ഇങ്ങനെ ബജറ്റിനു സമാന്തരമായി സർക്കാരിനു ലഭിക്കുന്ന പണം നിക്ഷേപിക്കുന്നതു പ്രത്യുൽപാദനപരമായ മേഖലകളിലല്ലെങ്കിൽ സർക്കാരിനു വലിയ ബാധ്യതയാവും താനും. അതുകൊണ്ട് ഈ പണം ഓരോ പദ്ധതിയിലേക്കും യഥാവിധി ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം.

നിലവിലുള്ള ഉദ്യോഗസ്ഥസംവിധാനത്തിൽ പുതിയ പദ്ധതികൾ ഉണ്ടാക്കി സമയബന്ധിതമായി അതു നടപ്പാക്കാൻ കഴിയുമോ എന്ന സംശയമുണ്ട്. ഒന്നാമതു സർക്കാർ സംവിധാനത്തിന്റെ നൂലാമാലകൾ. രണ്ടാമതു പ്രഗത്ഭരായ മികച്ച ഉദ്യോഗസ്ഥരെ സാങ്കേതികത്വത്തിന്റെപേരിൽ വിജിലൻസ് കേസിലും മറ്റും കുടുക്കുന്നതിനാൽ തീരുമാനങ്ങൾ എടുക്കുന്നതിലെ വിമുഖതയും കാലതാമസവും.

ചുരുക്കത്തിൽ കിഫ്ബിയെ സംബന്ധിച്ചു പണമല്ല പ്രശ്നം. പണം നിക്ഷേപിച്ചാൽ അതു ഫലപ്രദമായി ഉപയോഗിക്കും എന്നു നിക്ഷേപകർക്ക് ഉറപ്പുനൽകലാണ്. ആ ഉറപ്പു ധനമന്ത്രിക്കുപോലും നൽകാൻ കഴിയുമോ എന്നു സംശയം. ഇസ്‌ലാമിക്, കേരള ബാങ്ക് എന്നിവയുടെ വിധി കിഫ്ബിക്കു വരാതിരുന്നാൽ നല്ലത്.

നാലു മിഷൻ മാതൃകയിലുള്ള പദ്ധതികളിൽ ഊന്നിയുള്ള ബജറ്റിലെ നിർദേശം എത്രമാത്രം വിജയിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. അതിനു പ്രധാന കാരണം ബിസിനസ് സൗഹൃദ അന്തരീക്ഷമല്ല സംസ്ഥാനത്ത് എന്നതാണ്. ചുവപ്പുനാട, ഹർത്താൽ, സമരം, യൂണിയൻ പ്രശ്നങ്ങൾ എല്ലാം പഴയതുപോലെ നിലനിൽക്കുന്നു.

ധനമന്ത്രി സ്വന്തം നിയോജക മണ്ഡലത്തിൽ മിഷൻ മാതൃകയിലുള്ള പദ്ധതികൾ വിജയിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ, ബാക്കി 139 എംഎൽഎമാരും അവരുടെ മണ്ഡലത്തിൽ ഇതു നടപ്പാക്കുമ്പോഴേ മിഷൻ യാഥാർഥ്യമാകൂ എന്നു തോമസ് െഎസക് ഓർക്കണം. ഏതു പദ്ധതി തയാറാക്കിയാലും സർക്കാർതലത്തിൽ ലോവർ ഡിവിഷൻ ക്ലാർക്കാണ് അതിന്റെ തലവിധി കുറിക്കുന്നത്.

മിഷൻ മാതൃകാ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ അവർക്ക് അറിയേണ്ട കാര്യമില്ല. ധനമന്ത്രി മേൽനോട്ടം വഹിക്കുമെന്നൊക്കെ പറഞ്ഞാലും അത് എത്ര പ്രായോഗികം ആകുമെന്നു സംശയം. പകരം സംവിധാനം വേണം. ഉദ്യോഗസ്ഥതലത്തിൽ പ്രതിബദ്ധതയുള്ള ഒരു കർമസേനയെ കണ്ടെത്തി അവരെ ഏൽപിക്കുകയെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ നല്ലത്.

അഞ്ചു വർഷത്തേക്കു വില പിടിച്ചുനിർത്തും എന്നു പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന സർക്കാരിന് ഇപ്പോഴത്തെ വിലവർധന തടയുന്നതിനു ഫലപ്രദമായി എന്തെങ്കിലും ചെയ്യാനാവും എന്ന സൂചന ബജറ്റിലില്ല. പ്രകടനപത്രികയിൽ അഞ്ചുവർഷം കൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞിട്ട് ഇതുവരെ എത്ര സൃഷ്ടിച്ചു എന്നതിലും ബജറ്റ് മൗനം പാലിക്കുന്നു.

(സാമ്പത്തിക വിദഗ്ധയും ധനവിനിയോഗ കമ്മിഷൻ മുൻ അംഗവും ആണ് ലേഖിക)

related stories
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.