Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി രോഗികൾ പറ്റിക്കപ്പെടരുത്

nottam-abdul-khader

ആൻജിയോ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്ന വിവിധ സാമഗ്രികളിൽ സ്റ്റെന്റിനും ബയോ വാസ്കുലർ സ്കഫോൾഡിനും ഏർപ്പെടുത്തിയ വിലനിയന്ത്രണത്തിലൂടെ കോടികൾ മറിയുന്ന വൻവ്യവസായത്തിന്റെ വാലറ്റത്തേ പിടിക്കാൻ കഴി​ഞ്ഞിട്ടുള്ളൂ. എങ്കിലും അതു വളരെ സ്വാഗതാർഹമായ തീരുമാനം തന്നെ.

ഇതിൽ കടന്നുകൂടിയ ന്യൂനത 20000 രൂപയ്ക്കു വിറ്റുവന്നിരുന്ന ഇന്ത്യൻ നിർമിത ഡെസ്സിന് 30000 രൂപയായി കൂട്ടി എന്നതു മാത്രമാണ്. അത് ഒഴിവാക്കേണ്ട തെറ്റുമാണ്.
സുസജ്‍‍ജമായ കാത്ത്‍ലാബും പരിചയ സമ്പന്നനായ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റുമാണ് കൊറോണറി ആൻജിയോ പ്ലാസ്റ്റിയുടെ വിജയഘടകങ്ങൾ.

ഇതോടൊപ്പം കത്തീറ്റർ, ബലൂൺ, വയർ, സ്റ്റെന്റ് തുടങ്ങി ഒട്ടേറെ സാമഗ്രികൾ ആവശ്യമാണ്. ഇവയ്ക്കെല്ലാം വെവ്വേറെ വില ആശുപത്രികൾ വാങ്ങും. ഈ വിലകളെല്ലാം കൂടിയതാണ് ആൻജിയോ പ്ലാസ്റ്റിയുടെ മൊത്തത്തിലുള്ള ചാർജ്. ഇവയിൽ ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നതിനുള്ള ചാർജും കാത്ത്‍ലാബ് ഫീസും സ്റ്റെന്റിന്റെ വിലയും പല ആശുപത്രികളിലും പല നിരക്കിലാണ് വാങ്ങുന്നത്. ഇവിടെ രോഗികൾ പറ്റിക്കപ്പെടുന്നുണ്ട്.

ഒരു കോടി മുതൽമുടക്കുളള ‘പോർട്ടബിൾ കാത്ത്‍ലാബ്’ മുതൽ ആറു കോടി വിലയുള്ള ‘ഹൈബ്രിഡ് കാaത്ത്‍ലാബ്’ വരെ ആൻജിയോ പ്ലാസ്റ്റി നടത്താനായി പല ആശുപത്രികളും ഉപയോഗിക്കുന്നുണ്ട്. രോഗിയോട് കാത്ത്‍ലാബ് ഫീസ് പറയുമ്പോൾ ഏകദേശം ഒരേ നിരക്കു തന്നെയാണ് കുറഞ്ഞതുകമുടക്കി കാത്ത്‍ലാബ് തുടങ്ങിയവരും വാങ്ങുന്നത്. 8000 മുതൽ 45000 വരെ വില വരുന്ന സ്റ്റെന്റിന് തോന്നിയതുപോലെയാണ് ആശുപത്രികൾ വില ഈടാക്കിയിരുന്നത്.

കുറഞ്ഞ വില വാങ്ങി ആശുപത്രിക്കു കമ്പനികൾ നൽകുന്ന സ്റ്റെന്റിന്റെ കവറിനു പുറത്ത് മാക്സിമം റീട്ടെയിൽ പ്രൈസ് (എംആർപി) കൂട്ടി പ്രിന്റ് ചെയ്തു രോഗികളെ പറ്റിക്കുന്നതിനു ചില സ്റ്റെന്റ് കമ്പനികൾ ആശുപത്രികളെ സഹായിച്ചു വരികയായിരുന്നു. ഈ ചൂഷണത്തിനു മാത്രമാണ് ഇപ്പോൾ പിടി വീണത്.

വിലനിയന്ത്രണത്തിൽ മുറുമുറുപ്പുള്ള ആശുപത്രികളും ഡോക്ടർമാരും ഉണ്ട്. ഏറ്റവും നൂതനവും അപകടം കുറഞ്ഞതുമായ വിലകൂടിയ സ്റ്റെന്റുകൾ മാർക്കറ്റിൽ നിന്നു പിൻവലിയുമെന്നാണു ചിലർ പറയുന്നത്. കാത്ത്‍ലാബ് ഫീസ്, ആൻജിയോ പ്ലാസ്റ്റി ചാർജ് എന്നിവ വർധിപ്പിച്ചും കത്തീറ്റർ, ബലൂൺ എന്നിവയുടെ നിരക്കു കൂട്ടിയും പഴയ ലാഭം നഷ്ടപ്പെടാതെ നോക്കാനാണ് അവർ ആലോചിക്കുന്നത്.

ആദ്യമായി ഹൃദയാഘാതം വന്നവർക്കു നൽകുന്ന ചികിൽസയായ പ്രാഥമിക ആൻജിയോ പ്ലാസ്റ്റി ഏറ്റവും ഫലപ്രദമായ ചികിൽസയാണെന്നതിൽ തർക്കമില്ല. ഹൃദയാഘാതത്തെ തുടർന്നുള്ള ആദ്യത്തെ 24 മണിക്കൂർ നേരത്തുണ്ടാകുന്ന മരണം ഏഴു ശതമാനത്തിൽ നിന്ന് 2.7 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ ചികിൽസയുടെ നേട്ടം.

അതുകൊണ്ടുതന്നെ അമേരിക്കൻ ഹാർട്ട് അസോസിയേഷനും അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയും ഹൃദയാഘാതത്തിന്റെ ഫലപ്രദമായ ചികിൽസയായി ഇതിനെ അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. മറ്റു സാഹചര്യങ്ങളിൽ ഹൃദയധമനികളിൽ കണ്ടെത്തുന്ന ബ്ലോക്കുകൾ മാറ്റാനുള്ള ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നതിനും രണ്ടിൽ കൂടുതൽ സ്റ്റെന്റ് ഇടുന്നതിനും മുമ്പായി അത്യാവശ്യമുണ്ടോയെന്നു ഡോക്ടർമാർ സ്വന്തം മനസ്സാ​ക്ഷിയോടു തന്നെ ചോദിക്കുന്നതു നന്നായിരിക്കും.

കേരളത്തിൽ ഏതാണ്ട് 160 കാത്ത് ലാബുകളിൽ കഴിഞ്ഞ വർഷം 25000 ലധികം രോഗികൾ ആൻജിയോ പ്ലാസ്റ്റി ചികി‍ൽസയ്ക്കു വിധേയമാകുകയുണ്ടായി. ആൻജിയോ പ്ലാസ്റ്റി ചെയ്യാനുള്ള തീരുമാനങ്ങൾ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സമിതി മെഡിക്കൽ ഓഡിറ്റിങ്ങിനു വിധേയമാക്കണമെന്ന ആവശ്യം വളരെ നാളുകളായി നിലനിൽക്കുന്നു.
താലൂക്ക് ആശുപത്രികളിലും കാത്ത്‍ലാബ് വേണമെന്ന തീരുമാനം സർക്കാരും ജനപ്രതിനിധികളും പുനർവിചിന്തനത്തിനു വിധേയമാക്കണം.

ചെറിയ ആശുപത്രികളിൽ അലങ്കാരത്തിനായി കാത്ത്‍ലാബ് തുടങ്ങുന്നത് ഉചിതമാണോ എന്നു സ്വയം വിമർശനം നടത്തണം. അവസാനം ഹൃദയധമനി രോഗം വന്ന് ആൻജിയോ പ്ലാസ്റ്റിക്കു വിധേയരാകുന്നതിനു പകരം ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും കൂടുതൽ മരണത്തിനു കാരണമാകുന്ന ഹൃദയധമനീരോഗം വരാതെ നോക്കാനുള്ള ബോധവൽകരണത്തിനാണു കൂടുതൽ ഊന്നൽ നൽകേണ്ടത്.

വില കുറഞ്ഞ സ്റ്റെന്റ് കേരളത്തിൽ തന്നെ നിർമിക്കുന്നതിനുള്ള ശ്രമത്തിനു പ്രോൽസാഹനം നൽകണം. തുടക്കമെന്ന നിലയിൽ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോ മെഡിക്കൽ വിഭാഗത്തിന് സ്റ്റെന്റ് നിർമാണത്തിനുള്ള അനുവാദവും സാമ്പത്തിക പിന്തുണയും നൽകുകയാണു വില കുറയ്ക്കുന്നതിനുള്ള ഏറ്റവും ഉചിതമായ പരിഹാരം

(കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റർ മുൻ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

Your Rating: