Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കി പഴയ ഇടുക്കിയല്ല; കമ്പം കയറുന്ന ലഹരി

Ganja ഇടുക്കിയിൽ കേരള പൊലീസ്– എക്സൈസ് സംഘം നശിപ്പിക്കുന്ന കഞ്ചാവ് ചെടികൾ

മാസങ്ങൾക്കു മുൻപ്, തിരുവനന്തപുരത്തെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒന്നര ലക്ഷംരൂപ മു‌‌ടക്കി മണം പിടിക്കാൻ പരിശീലനം നേ‌ടിയ ഒരു പട്ടിയെ വാങ്ങി. കൊല്ലത്തുനിന്നും പട്ടിയെ വാങ്ങിയ വിവരം സുഹൃത്തു വഴിയറിഞ്ഞ എക്സൈസ് ഓഫീസർക്കു മനസിലാക്കാനായത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്ഥാപനത്തിലെ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് ഉപയോഗം വളരെക്കൂടുതൽ. പുറത്തുനിന്നു ക്യാംപസിനകത്തേക്ക് കഞ്ചാവ് സുലഭമായി എത്തുന്നു. വിദ്യാർഥികളെ ഉപദേശിച്ചിട്ടും ന‌ടപടിയെടുത്തിട്ടും ഉപയോഗത്തിനു കുറവില്ല. സ്ഥാപനത്തിന്റെ സൽപേര് പോകുമെന്നതിനാൽ പൊലീസിൽ പരാതിപ്പെടാനും മടി. അവസാനശ്രമമെന്ന നിലയിലാണ് അധികൃതർ പട്ടിയെ വാങ്ങിയത്. ഇതു ഒരു സംഭവം. ലഹരിമരുന്നുതേടി കേരളത്തിനകത്തും പുറത്തും പായുന്ന എക്സൈസ് വകുപ്പിനു പറയാൻ നിരവധി അനുഭവങ്ങള്‍ മുന്നിലുണ്ട്.

എക്സൈസ് കമ്മീഷണർ നിയോഗിച്ച തെക്കൻ കേരളത്തിലെ സ്പെഷ്യൽ സ്ക്വാഡിനു തലവേദനയായിരുന്നു തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ വഴിയുള്ള കടത്തുസംഘം. തലസ്ഥാനത്തെ ക്രിമിനൽ സംഘങ്ങളെ മാസങ്ങളായി നിരീക്ഷിച്ചെങ്കിലും ആരെയും പി‌ടിക്കാനായില്ല. അന്വേഷണം പ്രതിസന്ധിയിലായപ്പോഴാണ് എക്സൈസിലെ ഒരു ഉദ്യോഗസ്ഥനു ഫോൺ വിളിയെത്തുന്നത്. ഒരു വലിയ കഞ്ചാവു കച്ചവടം നടക്കാൻ പോകുന്നു, സ്ഥലം സംബന്ധിച്ചു വ്യക്തതയില്ല, നഗരപ്രദേശമാകാനാണ് സാധ്യത- വിളിച്ചയാൾ വിവരം കൈമാറി. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ തലസ്ഥാനത്തെ ഒരു കൊറിയർ സർവ്വീസിൽ തിരച്ചിലിനെത്തിയ എക്സൈസ് സംഘം പി‌‌ടികൂടിയത് പുളിച്ചാക്കിൽ നിറച്ച 418 കിലോ കഞ്ചാവ്. കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവു വേട്ട.

Ganja ഇടുക്കിയിൽ കേരള പൊലീസ്– എക്സൈസ് സംഘം നശിപ്പിക്കുന്ന കഞ്ചാവ് ചെടികൾ

കൊറിയർ സർവ്വീസുകാർക്കും അജ്ഞാതമായിരുന്നു ‘പുളിരാജാവ്’ എന്ന് ജീവനക്കാർ കളിയാക്കി വിളിച്ചിരുന്ന ഷാനുവിന്റെ ഇ‌‌ടപാടുകൾ. കഞ്ചാവു കടത്തിനു വ്യത്യസ്തമായ മാർഗമാണ് ഷാനു സ്വീകരിച്ചത്. കഞ്ചാവു നനച്ചു മെഷീനിൽ പ്രസ് ചെയ്തു കട്ടകളാക്കിയശേഷം പ്ലാസ്റ്റിക് ഷീറ്റു ചുറ്റും. പുളി നിറച്ച ചാക്കിലേക്ക് ഈ കട്ടകൾ ഇറക്കിവയ്ക്കും. തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും ട്രെയിൻമാർഗം കൊറിയർ സർവ്വീസിന്റെ ഓഫീസിലേക്കാണു കഞ്ചാവ് നിറച്ച പുളിച്ചാക്കുകൾ എത്തിയിരുന്നത്. ചാക്ക് തുറന്നാലും പുളി മാത്രമേ കാണാനാകൂ. ഒരു സുരക്ഷിത ഗോഡൗണായും കൊറിയർ സർവ്വീസിന്റെ ഓഫീസ് കടത്തുകാർ ഉപയോഗിച്ചു.

കഞ്ചാവിന്റെ ലഹരിയിൽ, എക്സൈസ് ഓഫീസാണെന്നറിയാതെ കഞ്ചാവു വാങ്ങാനെത്തിയ യുവാവ് എക്സൈസുകാരെപോലും അമ്പരപ്പിച്ച സംഭവമുണ്ടായി കഴിഞ്ഞവർഷം. കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡ് ഒരു കഞ്ചാവു വിൽപ്പനക്കാരനെ പിടികൂടി. പിടികൂടുമ്പോഴും, സ്റ്റേഷനിലെത്തിച്ചപ്പോഴും വിൽപ്പനക്കാരന്റെ ഫോണിൽ കഞ്ചാവുതേടിയുള്ള ഫോൺവിളികളുടെ പ്രവാഹം. ഫോൺ എടുത്ത എക്സൈസ് സിഐയോട് കഞ്ചാവ് ഉണ്ടോയെന്നു മറുതലയ്ക്കൽനിന്ന് ഒരു യുവാവിന്റെ ചോദ്യം. പട്ടത്തെ എക്സൈസ് ഓഫീസ് വിലാസമാണ് സിഐ നൽകിയത്. ലഹരിയിൽ, ഓഫീസിന്റെ‌ ബോർഡ്പോലും നോക്കാതെ സ്റ്റേഷനകത്തേക്കു കയറിയ യുവാവ് ആദ്യം അന്വേഷിച്ചത് കഞ്ചാവ് പൊതിയാണ്. യൂണിഫോമിൽ ഉദ്യോഗസ്ഥരെ കണ്ടിട്ടും മണിക്കൂറുകളോളം യുവാവിനു കാര്യം മനസിലായില്ല. ഒടുവില്‍ വീട്ടുകാരെ കണ്ടെത്തി യുവാവിനെ അവർക്കൊപ്പം തിരിച്ചയച്ചു.

∙ ഫ്ലാറ്റിലും കഞ്ചാവ് ചെടി

കേരളത്തിലെ ഏതു നഗരത്തിലും, ചെറുപട്ടണത്തിലും തെരുവിലും കിട്ടുന്ന വസ്തുവായി കഞ്ചാവ് മാറി. ഒരു അനുഭവകഥ എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ മുന്നിലുണ്ട്. രഹസ്യവിവരമനുസരിച്ചാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. കുളിമുറിയുടെ വശത്തായി തയ്യാറാക്കിയ തിട്ടയിൽ ഒരു ചട്ടിയിൽ വളർത്തിയിരിക്കുയാണ് കഞ്ചാവ് ചെടി. പ്രകാശം കിട്ടാൻ വിദേശത്തുനിന്നു കൊണ്ടുവന്ന ലൈറ്റുകളും ചെടിക്ക് മുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ചെടി എക്സൈസ് നശിപ്പിച്ചു. ന‌പടിയുമെടുത്തു.

∙ ഇടുക്കി പഴയ ഇടുക്കിയല്ല

പണ്ട് കഞ്ചാവ് തോട്ടങ്ങളുടെ നാടായിരുന്നു ഇടുക്കിയെങ്കിൽ ഇപ്പോൾ കഥമാറി. കൃഷിയില്ല, കടത്തുമാത്രം. ആറുമാസത്തിനി‌ടെ 22 കോ‌ടിയു‌െട ഹഷീഷ് ഓയിലാണ് ഇടുക്കിയിൽനിന്നുമാത്രം പിടികൂടിയത്. കഞ്ചാവ് നട്ടുവളർത്തി, ഉണക്കിയെ‌ടുത്ത് പാക്കു ചെയ്തു വിൽക്കാനൊന്നും പുതുതലമുറയിലെ കച്ചവടക്കാർക്ക് താൽപര്യമില്ല. ചെടി നടാനാണെങ്കിൽ കാടുമില്ല. കഞ്ചാവു വേണമെങ്കിൽ ഇടുക്കിയിലെ വിൽപ്പനക്കാർ കമ്പത്തേക്കോ, സേലത്തേക്കോ പോകും. വലിയ അളവിൽ വേണമെങ്കിൽ നേരെ ആന്ധ്രയിലേക്ക് വിടും. അവിടെെയത്തി ഏജന്റുമാരെ ഫോൺചെയ്താൽ ആവശ്യമുള്ളത്ര കിലോ കഞ്ചാവും ഹഷീഷ് ഓയിലും വൃത്തിയായി പാക്കു ചെയ്ത് വണ്ടിയിൽ കയറ്റിത്തരും. വിലയും കുറവ്. കിലോയ്ക്ക് 4,500 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇരട്ടിയിലധികം രൂപയ്ക്ക് കേരളത്തിൽ വിൽക്കാം.

∙ കടത്തിന്റെ കേന്ദ്രമായി കമ്പം

കഴിഞ്ഞയാഴ്ച എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ ഒരു രഹസ്യ ഓപ്പറേഷൻ കമ്പത്ത് വടക്കപ്പെട്ടിയിൽ നടന്നു. തമിഴ്നാട് സെപ്ഷ്യൽ ബ്രാ‍ഞ്ചിന്റെ സഹായത്തോടെയായിരുന്നു നടപടി. പിടിയിലായത് ഒരു വമ്പൻ കടത്തുകാരൻ- കമ്പം സ്വദേശി ശങ്കിരി. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നൽകിയ, 1000 കിലോയിലധികം കഞ്ചാവ് സ്ഥിരമായി കേരളത്തിലേക്ക് ക‌ടത്തുന്ന 11 പേരുടെ ലിസ്റ്റിൽ ഇടംപിടിച്ചതോടെയാണ് ശങ്കിരി എക്സൈസിന്റെ നോട്ടപുള്ളിയാകുന്നത്. തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രിയുടെ ബന്ധുവാണെന്നാണ് ചോദ്യം ചെയ്യലിനിടെ ഇയാൾ അവകാശപ്പെട്ടത്. ഇയാളുടെ മകൻ കുബേന്ദ്രൻ 400 കിലോ കഞ്ചാവ് കടത്തിയതിനു വിശാഖപട്ടണം സെൻട്രൽ ജയിലിലാണിപ്പോൾ. കമ്പത്തെ നോർത്ത് പൊലീസ് സ്റ്റേഷനോടു ചേർന്നുള്ള വടക്കപ്പെട്ടിയിൽ ആയിരത്തിന് മുകളിൽ കഞ്ചാവ് വിൽപ്പനക്കാരുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. മാസപ്പടി കിട്ടുന്നതിനാൽ നടപടിയെടുക്കാൻ അവിടുത്തെ പൊലീസിനു താത്പര്യമില്ല. അതിർത്തികടന്നു പിടിക്കാൻ സംസ്ഥാന പൊലീസിനുമുന്നിൽ തടസങ്ങളേറെ.

∙ ബാർ നിരോധനത്തിന്റെ ഫലമോ?

‘മദ്യം ആവശ്യത്തിന് കിട്ടാതായി, കഞ്ചാവ് ഉപയോഗം കൂടി’- ഈ വാദം അംഗീകരിക്കാൻ എക്സൈസും ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പും തയ്യാറല്ല. കഞ്ചാവിനു മദ്യത്തിന്റെ രൂക്ഷഗന്ധമില്ല, ബീഡിയിലോ സിഗററ്റിലോ നിറച്ച് ഉപയോഗിക്കാൻ എളുപ്പമാണ്. ഉപയോഗിച്ചാലും തിരിച്ചറിയാൻ പ്രയാസം. മദ്യത്തെക്കാൾ നീണ്ടുനിൽക്കുന്ന ലഹരി, ആരോഗ്യപ്രശ്നങ്ങൾ മദ്യത്തെക്കാൾ കുറവാണെന്ന തെറ്റിദ്ധാരണ, കഞ്ചാവ് ബുദ്ധികൂട്ടുമെന്ന വ്യാജ പ്രചരണം, കഞ്ചാവ് കടത്തിലൂടെ കിട്ടുന്ന ഉയർന്നലാഭം, കുടുംബബന്ധങ്ങളിലെ താളപിഴകൾ, കയ്യെത്തും ദൂരത്ത് കിട്ടുന്ന വസ്തുവായി കഞ്ചാവ് മാറിയത്- ഈ സാധ്യതകളിലേക്കാണ് അവർ വിരൽ ചൂണ്ടുന്നത്.

∙ കുത്തനെ ഉയരുന്ന കഞ്ചാവ് കേസുകൾ

കേരളം ലഹരിയുടെ പുതിയ വഴികൾ ‌‌‌തേടുകയാണോ? ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ദിനംപ്രതി വർധിക്കുകയാണെന്നു എക്സൈസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മദ്യം വിൽക്കാൻ സർക്കാർ ഷോപ്പുകൾ മത്സരിച്ചിരുന്നയിടത്ത് ഇപ്പോൾ ആന്ധ്രയിലേയും ഒറീസയിലേയും കഞ്ചാവ്, മയക്കുമരുന്ന് ലോബികൾ തമ്മിലാണ് മത്സരം.

2011-12 വർഷം 332 എൻഡിപിഎസ് കേസുകളാണ് എക്സൈസ് റജിസ്റ്റർ ചെയ്തതെങ്കിൽ 2016ൽ ഇത് 4,015 കേസായി ഉയർന്നു. 2011ൽ 813.7 കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തതെങ്കിൽ 2015-16ൽ ഇത് 953 കിലോയായി. 2011-12ൽ 15 കഞ്ചാവു ചെട‌ികളാണ് എക്സൈസ് സംഘം നശിപ്പിച്ചതെങ്കിൽ 2015-16ൽ ഇത് 823 ആയി. പിടിച്ചെടുത്ത വാഹനങ്ങളു‌ടെ എണ്ണം 44ൽനിന്നും(2011-12) 3,03ആയി(2015-16) ഉയർന്നു.

Ganja

∙ മദ്യവിൽപ്പനയിലെ നിയന്ത്രണവും ലഹരികടത്തും

കേരളത്തിൽ കഞ്ചാവ് ഉൾപ്പെ‌‌ടെയുള്ള ലഹരി ഉൽപ്പന്നങ്ങളു‌െട ഉപയോഗം ദിനംപ്രതിവർധിക്കാനുള്ള കാരണമെന്നാണ്? ബാറുകൾ അടച്ചുപൂട്ടിയതോടെ മദ്യഉപയോഗം കുറഞ്ഞെന്നും കഞ്ചാവ് ഉപയോഗം കൂടിയെന്നുമാണ് ഒരു വാദം.

കേരളത്തിൽ ബാറുകൾ പൂട്ടിയ 2014 ഏപ്രിൽ മുതൽ, 2016 മാർച്ചുവരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ മദ്യത്തിന്റെ ഉപയോഗത്തിൽ വളരെയധികം കുറവുള്ളതായി അഡിക് ഇന്ത്യ (ആൽക്കഹോൾ ആന്റ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ) ബവ്റിജസ് കോർപ്പറേഷന്റെ വിൽപ്പന കണക്കുകൾ അവംലബിച്ചു നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. 2014 ഏപ്രിൽ രണ്ടിനാണ് നിലവാരമില്ലെന്ന പേരിൽ സംസ്ഥാനത്തെ 731 ബാറുകളിൽ 418 ബാറുകൾക്ക് ലൈസൻസ് പുതുക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചത്. നിരവധി നിയമപോരാട്ടങ്ങൾക്കുശേഷം പഞ്ചനക്ഷത്രഹോട്ടൽ ഒഴികെയുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുതുക്കിനൽകേണ്ടെന്ന് എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. മാർച്ച് 31ന് സർക്കാരിന്റെ മദ്യനയം ഹൈക്കോ‌ടതി ഡിവിഷൻ ബഞ്ചും ശരിവച്ചു.

പത്തുശതമാനം ബിവറേജസ് ഔ‌‌‌‌ട്ട് ലെറ്റുകൾ ഓരോ വർഷവും പൂട്ടാൻ തീരുമാനിച്ചെങ്കിലും 730 ബിയർ - വൈൻ പാർലറുകളു‌ടെ ലൈസൻസ് സർക്കാർ നിലനിർത്തി.

∙ ബാറുകൾ പൂട്ടിയതിന്റെ പരിണിതഫലം ഇങ്ങനെ

2013-14 വർഷത്തിൽ 21,56,29,420 ലീറ്റർ വിദേശ മദ്യമാണ് സംസ്ഥാനത്ത് വിറ്റിരുന്നതെങ്കിൽ 2014-15ൽ ഇത് 19,69,74,271 ലീറ്ററായും,2015-16ൽ 17,99,51,672 ആയും കുറഞ്ഞു. മദ്യഉപയോഗത്തിൽ 5,43,32,897 ലീറ്ററിന്റെ കുറവ്. എന്നാൽ ബിയറിന്റെയും വൈനിന്റെയും ഉപയോഗം കുത്തനെകൂടി.

2013-14ൽ 6,35,871 ലീറ്റർ വൈനാണ് ഉപയോഗിച്ചിരുന്നതെങ്കിൽ 2014-15ൽ ഇത് 7,71,308 ആയും, 2014-15ൽ 15,42,832 ലീറ്ററായും ഉയർന്നു. 10,42,398 ലീറ്ററിന്റെ വർധന. ബാറുകൾ പൂട്ടിയശേഷം ബിയറിന്റെ ഉപയോഗം 2,87,77,377 ലിറ്റർ വർധിച്ചു.

ആൽക്കഹോൾ ഉപയോഗത്തിലും വിൽപ്പനയിലും 22.11 ശതമാനം കുറവാണ് കേരളത്തിൽ ഇക്കാലയളലിലുണ്ടായത്. ബാറുകളുടെ എണ്ണം കുറച്ചതു മദ്യപിക്കുന്നവരു‌ടെ എണ്ണത്തിൽ കുറവുണ്ടാക്കിയെന്നും, ബിയർ പാർലറുകളുടെ കാര്യത്തിലും ഇതേ മാതൃക സ്വീകരിക്ക‌ണമെന്നും അഡിക് ഇന്ത്യ സർക്കാരിന് സമർപ്പിച്ച റിപ്പോർ‌ട്ടിൽ വ്യക്തമാക്കുന്നു.

നാളെ: ഇടുക്കി ഗോൾഡും ആന്ധ്രയിലെ ശീലാവതിയും

Ganja
Your Rating: