Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കി ഗോൾഡും ആന്ധ്രയിലെ ശീലാവതിയും

Ganja കഞ്ചാവ് നശിപ്പിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന പൊലീസ്– എക്സൈസ് സംഘം

കഞ്ചാവ് കൃഷി കുത്തനെ കുറഞ്ഞിട്ടും കേസുകളുടെ എണ്ണം കൂടുന്നത് ഇടുക്കിയിലെ‌ എക്സൈസിനെ ഏറെക്കാലം കുഴക്കിയ പ്രശ്നമായിരുന്നു. കഞ്ചാവ് കേസ് കൂടുന്നതിനുപിന്നിലെ‌ രഹസ്യം തേടിയിറങ്ങിയ എക്സൈസ് സംഘത്തിന് മനസിലാക്കാനായത് രസകരമായ ഒരുകാര്യമാണ്. ഇടുക്കിയിൽ കൃഷി കുറഞ്ഞതോടെ ഗുണമേൻമയുള്ള കഞ്ചാവുചെടികൾ ഇടുക്കിയിൽനിന്നു ചില കടത്തുകാർ ഒറീസയിലെത്തിച്ചു. ഒറീസയിൽ വി‌ളവെ‌ടുപ്പ് ന‌ടത്തിെയങ്കിലും കഞ്ചാവിൽ ലഹരി കുറവായിരുന്നു. ഒറീസയിലെ മണ്ണാണ് ചതിച്ചത്. പക്ഷേ, കടത്തുകാർ മറുവഴികൾതേടി. ഒറീസയിൽ വിളയുന്ന കഞ്ചാവ് തമിഴ്നാട് വഴി ഇ‌ടുക്കിയിലെത്തിക്കും. ഇടുക്കിയിലെ രഹസ്യഗോഡൗണുകളിൽ പൊതിമാറ്റി പാക്ക്ചെയ്തു ഇടുക്കി ഗോൾഡെന്നപേരിട്ട് കേരളത്തിലും പുറത്തേക്കും കടത്തും. ഇതോടെ കടത്തിന്റെ കേന്ദ്രമായി ഇടുക്കി മാറി. കേസുകളും പെരുകി.

ഇടുക്കിയിലെ കഞ്ചാവിന്റെ പ്രത്യേകത അതിന്റെ വർധിത ലഹരിയാണ്. കഞ്ചാവിലെ ഔഷധ-ലഹരിമൂല്യമുള്ള ഘടകമാണ് ഡെൽറ്റ-നയൺ-ടെട്രഹൈഡ്രോ കന്നബിനോൾ(‌ടിഎച്ച്സി). തലച്ചോറിൽ ബേസൽ ഗാങ്ക്ലിയ (ചലനനിയന്ത്രണം), സെറിബല്ലം(ചലനഏകോപനം), ഹിപ്പോകേംപസ് (സമ്മർദനിയന്ത്രണം, ഓർമ്മ) സെറിബ്രൽ കോർട്ടെക്സ് എന്നീ ഭാഗങ്ങളെയാണ് കഞ്ചാവ് ബാധിക്കുക. ഇത് ഓർമ്മ, മാനസികാവിഷ്ക്കാരം എന്നിവയെ തകർക്കും. ടിഎച്ച്സി അളവ് കൂടുതലായതിനാൽ ഇടുക്കി കഞ്ചാവിന് ലഹരികൂടുതലാണ്. ഇടുക്കിയിൽ വിളയുന്ന ക‍ഞ്ചാവിൽ 8 ശതമാനം ടിഎച്ച്സി ആണ് ഉള്ളതെങ്കിൽ ഒറീസ,ഹൈദ്രബാദ് കഞ്ചാവിൽ ഇതു നാലുമുതൽ അഞ്ചു ശതമാനം വരെയാ‌ണ്. ഇടുക്കിയിലെ മണ്ണിന്റെ പ്രത്യേകതയാണ് ടിഎച്ച്സി അളവ് കൂട്ടുന്നത്.

Ganja കഞ്ചാവ് നശിപ്പിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന പൊലീസ്– എക്സൈസ് സംഘം

ഇ‌ടുക്കി ഗോൾഡ്, ഇടുക്കിയിലെ നീലച്ചടയൻ.. പേരിനൊക്കെ ഗമയുണ്ടെങ്കിലും കഞ്ചാവുകൃഷിയുടെ കാര്യത്തിൽ ഇടുക്കിക്ക് പഴയ പ്രതാപമൊന്നുമില്ല. കഞ്ചാവു കടത്തിലാണ് ഇപ്പോൾ ഇടുക്കിയിലെ ക്രിമിനൽ സംഘങ്ങളു‌െട ശ്രദ്ധ. ഇടുക്കിയിൽ ആറുമാസത്തിനിടെ റിപ്പോർട്ടു ‌ചെയ്തത് 110 ലഹരിമരുന്നുകടത്തുകേസുകൾ. ഇതിൽ 338 പ്രതികളെ ആറസ്റ്റു ചെയ്തു. 42 കിലോ കഞ്ചാവും 21 കിലോ ഹഷീഷ് ഓയിലും പിടിച്ചെടുത്തു. 62 കഞ്ചാവു ചെടികൾ നശിപ്പിച്ചു. 36 വാഹനങ്ങൾ പിടികൂടി. കഴിഞ്ഞവർഷം 1,91 കേസുകളിലായി 2,40 പ്രതികളെയാണ് അറസ്റ്റു ചെയ്തത്.

ഇടുക്കിയിൽ മാത്രമല്ല, കേരളത്തിലൊട്ടാകെ‌ കഞ്ചാവ് കൃഷി കുറയുന്നതായാണ് സർക്കാരിന്റെ കണക്ക്. കഴിഞ്ഞമാസം അട്ടപ്പാടിയിൽനിന്ന് ആറരഎക്കറിലെ 300 ചെടികൾ എക്സൈസ് സംഘം നശിപ്പിച്ചു. അതിനുതൊട്ടുമുൻപായി അ‌‌‌ട്ടപ്പാ‌ടിയിൽനിന്ന് നശിപ്പിച്ചത് 75 ചെടികൾ. കഴിഞ്ഞ 15 വർഷത്തിനി‌ടെ‌ അധികൃതർക്ക് കണ്ടെത്താനായത് ഈ രണ്ടു തോട്ടങ്ങളാണ്.

ഇടുക്കിയിൽ കഞ്ചാവ് കൃഷി കുറയുന്നതിന് കാരണമായി അധികൃതർ പറയുന്നത് എക്സൈസിന്റെ ഇ‌‌‌ടപെട‌ലും വനഭൂമി കുറയുന്നതുമാണ് കൃഷികുറഞ്ഞപ്പോൾ ആന്ധ്ര,ഒറീസ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള കടത്തുകൂടി.ആന്ധ്രയിൽനിന്നും,ഒറീസയിൽനിന്നും തമിഴ്നാ‌ട്ടിലെ സേലം, ഈറോ‍ഡ് വഴി കമ്പം,തേനി ഭാഗത്തെത്തിക്കുന്ന കഞ്ചാവ് ഇടുക്കിയിലെത്തിച്ചാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത്.‌

നീലച്ചടയന്റെ കൊതിപ്പിക്കുന്ന ലാഭം

വിളവെടുപ്പു നടക്കുന്ന ഡിസംബറിൽ ഒരുകിലോകഞ്ചാവിന് 1500രൂപയാണ് ഒറീസയിലെ വില(എക്സൈസ് കണക്ക്). ഇതു കൊച്ചിയിലെത്തുമ്പോൾ കിലോയ്ക്ക് 35,000 രൂപയും,പാലക്കാട് 28,000 രൂപയും തിരുവനന്തപുരത്ത് 30,000രൂപയുമായി മാറും. ഇടുക്കി ഗോൾഡെന്ന പേരുണ്ടെങ്കിൽ വില വീണ്ടുംകൂടും. ചുരുക്കത്തിൽ, ഇടുക്കി ഗോൾഡെന്നപേരിൽ കേരളത്തിലെ ലഹരിഉപയോക്താക്കൾ വലിക്കുന്നത് ഒറീസ,ആന്ധ്ര കഞ്ചാവാണ്. ഇടുക്കിയിലെത്തിച്ചു പൊതിമാറ്റി കെട്ടുമ്പോൾ കഞ്ചാവ് ലോബിയുടെ കയ്യിലെത്തുന്നത് ലക്ഷങ്ങളും.

 ഇടുക്കിയിലെ കടത്തുകാർക്ക് പ്രിയം ഹഷീഷ് ഓയിൽ

ഇടുക്കിയിൽ 500 കിലോ ഹഷീഷ് ഓയിൽ സ്റ്റോക്കുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കഞ്ചാവ് വാറ്റിയെടുക്കുന്ന ഓയിലാണ് ഹഷീഷ്. കടുത്ത ലഹരിയാണ് ഹഷീഷ് ഓയിലിനെ ലഹരിഉപയോഗിക്കുന്നവർക്കിടയിൽ പ്രിയപ്പെട്ടവനാക്കുന്നത്.

കാലം മാറിയപ്പോൾ ഹഷീഷ് ഓയിൽ വാറ്റുന്നതിന്റെ രീതികളും മാറി. പണ്ട് കുക്കറിൽ വാറ്റിയെങ്കിൽ ഇന്ന് യന്ത്രങ്ങളുപയോഗിച്ചാണ് വാറ്റ്. കഞ്ചാവ് പെട്രോളിയം ഈതറിൽ കുതിർത്തശേഷം പ്രഷർകുക്കറിൽ വച്ച് ആവികയറ്റി നീരെടുക്കുകയാണു മുൻപു ചെയ്തിരുന്നത്. ഇപ്പോൾ പച്ചകഞ്ചാവു ചെടി അരച്ചു അതിൽനിന്ന് നീരെടുക്കുന്ന സംവിധാനമാണ്. ഈ നീര് പെട്രോളിയം ഈതറിൽ ചേർത്ത് ചൂടാക്കി ഓയിൽ വേർതിരിക്കാം. 20 കിലോ ക‍ഞ്ചാവ് വാറ്റിയാൽ ഒരു കിലോ ഹഷീഷ് ഓയിൽ ലഭിക്കും. കഞ്ചാവിന് ഒഡീഷയിൽ ഒരുകിലോയ്ക്ക് 1,500 രൂപയാണെങ്കിൽ ഹഷീഷ് ഓയിലിന് കേരളത്തിലെത്തുമ്പോൾ മൂന്നു ലക്ഷമാണ് വില. ഇത് വിദേശത്തെത്തുമ്പോൾ ഒരു കോടിരൂപയ്ക്കു പുറത്തെത്തും. ഹഷീഷ് ഓയിൽ നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രമാണ് ആന്ധ്രയിലെ വിശാഖപട്ടണം.

ഇടുക്കിയിലെ നീലച്ചടയനും ആന്ധ്രയിലെ ശീലാവതിയും

ശീലാവതി, രാജ ഹംസ,കാലപത്രി .. ആന്ധ്രയിലെ വിവിധയിനം കഞ്ചാവുകളുടെപേരാണ്. വിശാഖപട്ടണം ജില്ലയിലെ പാടേരു,പുറ്റു,മധുഗുല,പേടബയലു, ചിന്തപ്പള്ളി, ജികെ വീഥി, ഹുകുംപെട്ട്, അതനഗിരി, കൊയ്യുരു പ്രദേശങ്ങളിലെ 149 വില്ലേജുകളിൽ കഞ്ചാവ് വളർത്തുന്നുണ്ടെന്നാണ് ആന്ധ്ര എക്സൈസ് വകുപ്പിന്റെ കണക്ക്. മിക്കവയും നക്സൽ സാന്നിധ്യമുള്ള ആദിവാസി മേഖലകൾ. അർധസൈനിക വിഭാഗങ്ങളുടെ സഹായമില്ലാതെ ആന്ധ്ര എക്സൈസിന് പോലും ഇവിടേയ്ക്ക് ചെല്ലാനാകില്ല.

ആദിവാസികൾ ഒരു ഏക്കറിൽ 1000 മണ്‍കൂനകളെടുത്ത്, ഒരു കൂനയിൽ അഞ്ചുചെടിവരെ നടും. കൂനകൾ തമ്മിൽ രണ്ടു മീറ്റർ അകലമുണ്ടാകും. അങ്ങനെ കണക്കാക്കിയാൽ ഒരേക്കറിൽ 5000 ചെടിവരെ നടാറുണ്ടെന്നു ആന്ധ്ര എക്സൈസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരു ചെടിയിൽനിന്ന് 250 ഗ്രാംമുതൽ 300 ഗ്രാം വരെ കഞ്ചാവു ലഭിക്കും. ഒരേക്കറിയിൽനിന്ന് 1000 കിലോ. 2000രൂപ വിപണിവില കണക്കാക്കിയാൽ ഒരു ഏക്കറിൽനിന്നുള്ള വരുമാനം രണ്ടുലക്ഷം. വർഷത്തിൽ രണ്ടുതവണ വിളവെ‌ടുപ്പുണ്ടാകും. 5,000 ഏക്കർ മുതൽ 50,000 ഏക്കർവരെയാണ് ആന്ധ്രയിലെ കഞ്ചാവ് തോട്ടങ്ങളുടെ വിസ്തീർണം.

ശീലാവതി

Ganja

ഇടുക്കിയിലെ നീലച്ചടന്റെ അതേ ഗുണങ്ങളുള്ള ഇനമാണ് ആന്ധ്രയിലെ ശീലാവതി. നീലച്ചടയന്റെ സങ്കരഇനം. ഒറീസയിൽ നിലച്ചടയൻ വച്ചുപിടിപ്പാക്കാനുള്ള ശ്രമം പാളിയെങ്കിലും കഞ്ചാവ് കച്ചവടക്കാർ ആന്ധ്രയിലേക്ക് ചേക്കേറി. ആന്ധ്രയിലെ വിശാഖപട്ടണത്തിനടുത്തുള്ള പാടേരു പോലുള്ള ഹിൽ സ്റ്റേഷനുകളിലെ വളക്കൂറുള്ള മണ്ണിൽ അവർ മറ്റൊരു ഇടുക്കി കണ്ടെത്തി.

ഇടുക്കിയും കഞ്ചാവും തമ്മിൽ എന്താണ് ബന്ധം? ആന്ധ്രയിലെ കഞ്ചാവ് വിൽപ്പനക്കാരുടെ വിവരമന്വേഷിച്ചുപോയ മനോരമ ഓൺലൈൻ സംഘത്തോട് ആന്ധ്രയിലെ എക്സൈസ് ഓഫീസർമാരിൽ മിക്കവരും ചോദിച്ചത് ഈ ചോദ്യമാണ്. ആ ബന്ധം മനസിലാകണമെങ്കിൽ കഞ്ചാവുകടത്തിന് പിടിലായി ആന്ധ്രയിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ എണ്ണമറിയണം. കടത്തിന്റെ കേന്ദ്രമായ വിശാഖപട്ടണം ജയിലിൽമാത്രം കഴിയുന്നത് 57 മലയാളികൾ. ഇവരിൽ ഏറെയും ഇടുക്കിക്കാർ.

Your Rating: