Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്സലുകൾ ഭരിക്കുന്ന പാടേരു; കഞ്ചാവിന്റെ വിളഭൂമി

Ganja

ശ്രീകാകുളത്തെ‌ ആദിവാസി മേഖലകൾ ഒരിക്കൽ കഞ്ചാവു കൃഷിയുടെ കേന്ദ്രങ്ങളായിരുന്നു. ഇപ്പോൾ ഒറീസയിൽനിന്ന് ആന്ധ്രയിലേക്കും ആന്ധ്രയിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കുമുള്ള കഞ്ചാവുകടത്തിന്റെ ഇടനാഴിയാണ് ശ്രീകാകുളം. പണ്ട് 70% കൃഷിയും 30% കടത്തുമായിരുന്നെങ്കിൽ ഇപ്പോൾ തിരിച്ചാണ്. വനമേഖലയായതിനാൽ കടത്തുകാരെ പിടിക്കാൻ മാർഗങ്ങളില്ല. എക്സൈസ് ജീവനക്കാരും കുറവാണ്. വേണ്ടത്ര ആയുധങ്ങളുമില്ല.

ശ്രീകാകുളം ടൗണിൽനിന്നു നാലു കിലോമീറ്റർ അകലെയാണ് എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ ഓഫിസ്. വാടകക്കെട്ടിടത്തിലാണു പ്രവർത്തനം. ആവശ്യത്തിനു ജീവനക്കാരോ വാഹനമോ ഇല്ലെന്നു ജീവനക്കാരുടെ സാക്ഷ്യം. കടത്തുകാർതന്നെ പരസ്പരം ഒറ്റുമ്പോഴാണ് ആരെയെങ്കിലും പിടിക്കാൻ കഴിയുന്നത്.

Excise Commissioner ശ്രീകാകുളം ഡിസിപി സുരേന്ദ്ര

Read: കേരളത്തിന്റെ കഞ്ചാവിടങ്ങൾ– അന്വേഷണ പരമ്പര

എക്സൈസ് ഡിസിപി സുരേന്ദ്ര വളരെ സൗഹൃദത്തോടെ പെരുമാറുന്നയാളാണ്. കഞ്ചാവുകൃഷി മുൻപത്തെ അപേക്ഷിച്ചു വളരെ കുറഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. കടത്തൽ, കൃഷി കേന്ദ്രങ്ങളധികവുമുള്ളത് ഇപ്പോൾ വിശാഖപട്ടണത്തിന്റെ പരിസരത്താണെന്നും ശ്രീകാകുളത്തു കഞ്ചാവിന്റെ വരവും പോക്കും തീരെ കുറവാണെന്നും ഡിസിപി വ്യക്തമാക്കി. കൃഷി കുറഞ്ഞതിന്റെ ചില കണക്കുകൾ പറഞ്ഞെ‌ങ്കിലും രേഖകൾ നൽകാൻ അദ്ദേഹം തയാറായില്ല.

ശ്രീകാകുളത്തുനിന്ന് 110 കിലോമീറ്റർ അകലെയാണ് വിശാഖപട്ടണം. ദക്ഷിണേന്ത്യയിലെ ലഹരിക്കടത്തിന്റെ തലസ്ഥാനം. 2014-15ൽ വിശാഖപട്ടണത്തുനിന്നു സംസ്ഥാന എക്സൈസ് മാത്രം പിടിച്ചത് 18,489 കിലോ കഞ്ചാവാണ്. 2015-16 ൽ പിടിച്ചത് 16,009 കിലോ കഞ്ചാവ്. ഈ വർഷം ജൂണിൽമാത്രം 1428 കിലോ കഞ്ചാവു പിടിച്ചു (കേരളത്തിൽ ഒരു വർഷം പിടിക്കുന്ന കഞ്ചാവ് ഇത്രയും വരും). രണ്ടുവർഷത്തിനിടെ നശിപ്പിച്ചത് 59 ഏക്കറിലെ 3,79,000 കഞ്ചാവുചെടികൾ.

Ganja

Read: ഭാമിനി... ആന്ധ്രയിൽ വിരിയുന്ന ലഹരിയുടെ കൂമ്പ്

ആന്ധ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച കണക്കുകളനുസരിച്ചു പത്തുവർഷത്തിനിടെ പിടികൂടിയത് 2,20,977.191 കിലോ കഞ്ചാവാണ്. നശിപ്പിക്കാനായത് 3910.70 കിലോ മാത്രം. ബാക്കിയുള്ളവ സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്നു. സൂക്ഷിക്കാൻ കൃത്യമായ സംവിധാനവുമില്ല. കൃത്യമായ രേഖകൾ സൂക്ഷിക്കാത്തതിനാൽ ഈ കഞ്ചാവുതന്നെ ചില ഉദ്യോഗസ്ഥർ മുഖേന വീണ്ടും വിപണിയിലെത്തുന്നുണ്ട്.

Ganja

വിശാഖപട്ടണത്തു സഹായമായത് മലയാളിബന്ധമുള്ള ഒരു എക്സൈസ് ഓഫീസറാണ്. അദ്ദേഹം നിർദേശിച്ചതനുസരിച്ച് ഗോപാൽപുരത്തുള്ള എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലെത്തി. എന്തിനാണു വന്നത്, എന്താണു പ്ലാൻ?- ഉദ്യോഗസ്ഥരുടെ നിരവധി ചോദ്യങ്ങൾ. കേരളത്തിലേക്കുള്ള കഞ്ചാവുകടത്തിൽ കൂടുതലും വിശാഖപട്ടണത്തുനിന്നാണെന്നും അതിനെക്കുറിച്ച് അന്വേഷിച്ചെത്തിയതാണെന്നും മറുപടി നൽകി. ഡിസിപി ഗോപാൽകൃഷ്ണയെ കാണാൻ നിർദേശം. എക്സൈസ് ഡയറക്ടർ കെ. വെങ്കിടേശ്വര റാവു ഐപിഎസ് ഉച്ചയ്ക്കുശേഷം ഒരു യോഗത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ടെന്നും അദ്ദേഹത്തെ പരിചയപ്പെടുത്താമെന്നും ഔദ്യോഗിക കണക്കുകൾ അദ്ദേഹം പറയുമെന്നും ഗോപാൽകൃഷ്ണ വ്യക്തമാക്കി. ഡയറക്ടറെത്തിയപ്പോൾ പരിചയപ്പെടുത്തി. എന്തിനാണു വന്നതെന്ന ചോദ്യം ആവർത്തിക്കപ്പെട്ടു.

Read: ‘അടുക്കളത്തോട്ട’ത്തിൽ വിളയുന്ന കഞ്ചാവ്

വിശാഖപട്ടണം കടത്തിന്റെ കേന്ദ്രമാണെന്നും എന്നാൽ നടപടിയെടുക്കാൻ സംസ്ഥാന എക്സൈസിനു പല പരിമിതികളുമുണ്ടെന്നും വെങ്കിടേശ്വര റാവു പറഞ്ഞു. നക്സൽ മേഖലയിലാണു കൃഷി നടക്കുന്നത് എന്നതിനാൽ പാരാമിലിട്ടറി ഫോഴ്സിന്റെ സഹായമില്ലാെത അവിടേക്കു ചെല്ലാനാകില്ല. കേന്ദ്ര ഏജൻസികളുടെ സഹായം ലഭിക്കുന്നുമില്ല. വമ്പൻകടത്തുകാർക്കു പകരം പലപ്പോഴും പിടിയിലാകുന്നത് പാവപ്പെട്ട ആദിവാസികളാണ്. 50,000 ഏക്കർവരെ വിസ്തൃതിയുള്ള തോട്ടങ്ങളുണ്ട്. പക്ഷ പരിസരത്തുപോലും അടുക്കാനാകില്ല.

വിശാഖപട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളായ അരക്കു, പാടേരു, നരസിപ്പട്ടണം, ചിന്തപ്പള്ളി മേഖലകളിലാണ് ഏറ്റവും കൂടുതൽ കൃഷി നടക്കുന്നത്. എല്ലാം നക്സലൈറ്റ് മേഖലകൾ. സ്ഥലം കാണാനാകുമോയെന്ന ചോദ്യത്തിന് അപകടമേഖലയാണെന്നും പോകേണ്ടെന്നുമായിരുന്നു എക്സൈസിന്റെ ഉപദേശം. പോകണമെങ്കിൽ സ്വന്തം റിസ്കിൽപോകാം. പൊലീസിനോ എകേ്സൈസിനോ ഇത്തരം മേഖലകളിൽ ശക്തിയില്ലെന്നും അവർ തുറന്നു പറഞ്ഞു.

വിശാഖപട്ടണത്തുനിന്നു ടാക്സി വിളിച്ച് പാടേരുവിലേക്കു പോകാന്‍ തീരുമാനിച്ചു. വിശാഖപട്ടണത്തുനിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള പാടേരു ഒരു ഹിൽ സ്റ്റേഷനാണ്. നിരവധി ഹെയർപിൻ വളവുകൾ താണ്ടണം ചെറുപട്ടണമായ പാടേരുവിലെത്താൻ. അവിടെ പേരിന് ഒരു എക്സൈസ് ഓഫീസുണ്ട്. 13 എക്സൈസ് ഓഫീസർമാരുണ്ടായിരുന്നിടത്ത് ഇപ്പോൾ മൂന്നുപേരേയുള്ളൂ. മറ്റുള്ളവരെല്ലാം സ്ഥലം മാറ്റം വാങ്ങിപ്പോയി. പരിസരവാസികളെ താൽക്കാലിക ജീവനക്കാരായി നിയമിച്ചാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്റ്റേഷനിലേക്കു കയറിയപ്പോൾത്തന്നെ കഞ്ചാവിന്റെ രൂക്ഷഗന്ധം. സ്റ്റേഷനിലെ ഏക സെല്ലിൽ കഞ്ചാവ് കുത്തിനിറച്ചിരിക്കുകയാണ്. സെല്ലിൽ നിറഞ്ഞ കഞ്ചാവ് സ്റ്റേഷന്റെ മൂലകളിൽ ചിതറിക്കിടക്കുന്നു. സിഐയുടെ കസേര പോലും കഞ്ചാവുകൂനയ്ക്കു മുകളിലാണ്. സ്റ്റേഷനുപുറത്ത് പിടിച്ചിട്ടിരിക്കുന്ന ആന്ധ്രയിലേയും കേരളത്തിലേയും വാഹനങ്ങൾ.

സ്റ്റേഷനിൽനിന്നു വിവരമറിയിച്ചപ്പോൾ 12 മണിയോടെ സിഐ എത്തി. സ്റ്റേഷന് 40 കിലോമീറ്റർ അകലെ വിശാഖപട്ടണത്തേക്കു പോകുന്ന വഴിയിലാണു വീട്. വീട് അടുത്തായതിനാൽ മാത്രം ഈ സ്റ്റേഷനിൽ തുടരുന്നു. കേരളത്തിൽനിന്നാണെന്നു പറഞ്ഞപ്പോൾ അത്ഭുതം. നിങ്ങളുടെ നാട്ടുകാരെ പിടിക്കാറുണ്ടെന്നു മുറി ഹിന്ദിയിലും ഇംഗ്ലീഷിലുമായി സിഐ പറഞ്ഞു. വന്നകാര്യം പറഞ്ഞപ്പോൾ സിഐ ചിരിച്ചു. കഞ്ചാവുകൃഷി നടക്കുന്ന സ്ഥലത്തേക്ക് അദ്ദേഹം പോലും അപൂർവമായേ പോയിട്ടുള്ളൂ, അതും കേന്ദ്രസേനയുടെ സഹായത്തോടെ. ഇരുനൂറോ മുന്നൂറോ അംഗങ്ങളുമായാണ് ഇത്തരം കേന്ദ്രങ്ങളിൽ റെയ്ഡിനു പോകുന്നത്.

മറ്റൊരു കാര്യംകൂടി സിഐ പറഞ്ഞു. പാടേരുവിന്റെ ഉൾപ്രദേശങ്ങളിൽ കഞ്ചാവുകൃഷി നടത്തുന്ന ആദിവാസികളിൽനിന്ന്, പാടേരു സിഐയാണെന്നു കള്ളം പറഞ്ഞ് ചില വിരുതൻമാർ പണം പിരിക്കുന്നുണ്ട്. കാരണം ആദിവാസി മേഖലയിലുള്ളവർ പാടേരു സിഐയെ നേരിൽ കണ്ടിട്ടില്ല. സുരക്ഷാ പ്രശ്നമുള്ളതിനാൽ സിഐക്ക് അങ്ങോട്ടുപോകാനുമാകില്ല. നക്സലൈറ്റുകൾ ഒരു വീട്ടിൽ 100 കഞ്ചാവു തൈകൾവച്ചാണു വിതരണം ചെയ്യുന്നതെന്നും സിഐ പറഞ്ഞു. നൂറിലധികം തൈകൾ വച്ചാൽ ശിക്ഷയുണ്ട്. ചെടി വളർന്നാൽ അതു വെട്ടിയെടുത്ത് നക്സലുകൾക്കു കൈമാറണം. കടത്തുനടത്തുന്നതും മറ്റും നക്സലുകളാണ്.

പാടേരു സ്റ്റേഷനിൽ ഫോണില്ല. ആയുധങ്ങളുമില്ല. സിഐ ചിരിയോടെ പറഞ്ഞു: ‘ആയുധങ്ങൾ സ്റ്റേഷനിൽ സൂക്ഷിച്ചാൽ നക്സലുകൾ അതു തട്ടിയെടുക്കും. അതുകൊണ്ട് റൂറൽ എസ്പിയുടെ ഓഫിസിലാണു സൂക്ഷിച്ചിരിക്കുന്നത്’. അപ്പോൾ എങ്ങനെ പരിശോധന നടത്തും? ‘പരിശോധനയൊന്നും നക്സൽ മേഖലകളിൽ നടക്കില്ല. പാടേരു ചെക്പോസ്റ്റിൽ ചില പരിശോധന നടക്കും, അതും കൃത്യമായ വിവരം കിട്ടിയാൽ മാത്രം’ -സിഐ പറഞ്ഞു. ചെറുകിട വാറ്റുകാരെ പിടിക്കുന്നതു മാത്രമാണ് എക്സൈസിന്റെ ആകെയുള്ള പണി.

Ganja

നാളെ: ‘അടുക്കളത്തോട്ട’ത്തിൽ വിളയുന്ന കഞ്ചാവ്

Your Rating: