Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓരോ ഫയലും ഓരോ ജീവിതമെന്ന് പറഞ്ഞിട്ടും കറക്കം തീരാത്ത ഫയലുകൾ

kerala-secretariat

തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥർ ശീതസമരത്തിലായതോടെ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ. സർക്കാരിൽനിന്നു വേണ്ട പിന്തുണ കിട്ടാതായതോടെ പ്രധാനപ്പെട്ട ഫയലുകളിൽ തീരുമാനമെടുക്കാനാകാതെ മാറ്റിവയ്ക്കുകയാണ് ഉദ്യോഗസ്ഥർ. മന്ത്രിതല നിർദേശപ്രകാരം നടപടി സ്വീകരിക്കുന്ന ഫയലുകളിൽപോലും വിവാദമുണ്ടാകുകയും ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പുലിവാലുപിടിക്കേണ്ടെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. ഇതോടെ, കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം വലിയ രീതിയിൽ വർധിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസാണ് ഫയൽ കൂമ്പാരത്തിൽ മുന്നിൽ. പ്രധാനവിഷയങ്ങളിൽ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്ത് പ്രശ്നത്തിൽ ചാടാൻ മന്ത്രിമാർക്കും താൽപര്യമില്ലാത്തതിനാൽ പ്രധാനപ്പെട്ടതും അല്ലാത്തതുമായ ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കയയ്ക്കും. ആഭ്യന്തരവകുപ്പിന്റെയും മുഖ്യമന്ത്രിയുടെ സെക്രട്ടേറിയുടേയും ചുമതലയുള്ള നളിനി നെറ്റോ ഐഎഎസാണ് ഈ ഫയലുകളെല്ലാം പരിശോധിക്കേണ്ടത്. ജോലിഭാരം കൂടുതലാണെന്ന് അവർ വ്യക്തമാക്കിയിട്ടും സർക്കാർ ബദൽ സംവിധാനം ഒരുക്കിയിട്ടില്ല. മന്ത്രിമാരുടെ ഓഫീസിൽതന്നെ മിക്ക ഫയലുകളും തീർപ്പാക്കാമെങ്കിലും പഴ്സനൽ സ്റ്റാഫുകൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് തിരിച്ചടിയാണ്.

ഓരോ വകുപ്പും ഫയൽ നീക്കത്തെക്കുറിച്ചുള്ള പ്രതിമാസ പ്രവർത്തന പട്ടിക തയ്യാറാക്കി സർക്കാരിനു നൽകണമെന്നു ഭരണപരിഷ്ക്കാര വകുപ്പ് നിർദേശിച്ചിരുന്നു. കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ച് അവലോകനം നടത്തണമെന്നും വകുപ്പു മേധാവികൾ മൂന്നു മാസത്തിലൊരിക്കൽ ഫയൽ അദാലത്ത് നടത്തണമെന്നും നിർദേശിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. സെക്രട്ടേറിയറ്റിൽ ആഭ്യന്തരം, വിജിലൻസ്, നിയമം എന്നിവിടങ്ങളിലൊഴികെയുള്ള 39 വകുപ്പിലും ഇഫയൽ സംവിധാനം നിലവിൽ വന്നെങ്കിലും ഫയൽ നീക്കത്തിൽ പുരോഗതിയില്ല. കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം വെളിപ്പെടുത്താനാകില്ലെന്ന് പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേഷൻ അധികൃതർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം ഇങ്ങനെ:

സെക്രട്ടേറിയറ്റിന്റെ പ്രവർത്തനത്തിനും ഫയൽ നീക്കത്തിനും ഒരു സെക്രട്ടേറിയറ്റ് മാന്വൽ നിലവിലുണ്ട്. തപാൽ വഴിയോ നേരിട്ടോ സെക്രട്ടേറിയറ്റിൽ എത്തുന്ന പരാതികൾ, മന്ത്രിതലത്തിലെ നിർദേശങ്ങൾ എന്നിവയെല്ലാം ഫയലായി മാറാം. ഏതെങ്കിലും ഒരു വിഷയത്തിൽ സഹായം അഭ്യർഥിച്ച് മന്ത്രിക്ക് ഒരാൾ നേരിട്ട് നിവേദനം നൽകുകയാണെങ്കിൽ ‘പരിശോധിച്ച് നടപടിയെടുക്കുക’ എന്ന കുറിപ്പോടെ മന്ത്രി സെക്രട്ടറിക്ക് കൈമാറും. സെക്രട്ടറി ആ നിവേദനം അഡിഷനൽ സെക്രട്ടറിക്കും അഡിഷനൽ സെക്രട്ടറി അണ്ടർ സെക്രട്ടറിക്കും കൈമാറും. അത് തപാൽ സെക്‌ഷനിലേക്ക് എത്തും.

തപാൽ വിഭാഗത്തിൽ ആ പരാതിക്ക് ഒരു നമ്പർ ലഭിക്കും. തപാലിൽനിന്ന് ബന്ധപ്പെട്ട വകുപ്പിലെ സെക്‌ഷനിലേക്കാണ് പരാതി എത്തുന്നത്. സെക്‌ഷൻ ഓഫീസർ ഈ പരാതി ഓഫിസ് അസിസ്റ്റന്റിനു കൈമാറും. അസിസ്റ്റന്റ്, റജിസ്റ്ററിൽ ഇത്തരമൊരു പരാതി ലഭിച്ചതായി കുറിച്ച് അതൊരു ചുവപ്പു നാടയ്ക്കുള്ളിലാക്കുമ്പോൾ ഒരു ഫയൽ രൂപപ്പെടും. ഈ ഫയൽ പിന്നീട് സെക്‌ഷൻ ഓഫീസർക്ക് കൈമാറും. വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്‌ഷൻ ഓഫിസർ ഫയൽ ബന്ധപ്പെട്ട ഓഫിസിലേക്കയയ്ക്കും. ഉദാഹരണത്തിന് ഒരാളുടെ ചികിൽസാ സംബന്ധമായ ഫയലാണ് ഇങ്ങനെ അയയ്ക്കുന്നതെങ്കിൽ അതു ആരോഗ്യവകുപ്പ് ഡയറക്റ്ററേറ്റിൽ കറങ്ങി നടക്കും. ഒരു മാസത്തിനകം ഫയൽ സെക്രട്ടേറിയറ്റിലേക്കു തിരിച്ചയക്കണമെന്നാണ് ചട്ടം. തിരിച്ചു കിട്ടിയില്ലെങ്കിൽ അണ്ടർ സെക്രട്ടറി മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർ ഫയൽ തിരികെ അയയ്ക്കണമെന്നു നിർദേശിച്ചു കത്തയയ്ക്കും. ഫയൽ തിരികെ ലഭിക്കുമ്പോൾ മാസങ്ങളും വർഷങ്ങളുമെടുക്കാം.

തീർന്നില്ല. സെക്രട്ടേറിയറ്റിൽ എത്തുന്ന ഫയൽ അസിസ്റ്റന്റ് മുതൽ മുകളിലേക്ക് സെക്രട്ടറിവരെ വീണ്ടും സഞ്ചരിക്കും. മന്ത്രിസഭ തീരുമാനിക്കേണ്ട നയപരമായ കാര്യമാണെങ്കിൽ അവിടേയ്ക്കു പോകും. എതിർപ്പുണ്ടായാൽ വീണ്ടും താഴേയ്ക്കുവരും. ധനപരമായ കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ധനവകുപ്പിലേക്ക് ഫയൽ പോകും. നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ടെങ്കിൽ നിയമവകുപ്പിലേക്കായിരിക്കും സഞ്ചാരം. പല ഉദ്യോഗസ്ഥരും ഫയലിൽ ക്വറിയിടും (ക്വറിയെന്നാൽ ഒരു ഫയലുമായി ബന്ധപ്പെട്ട വിശദീകരണമോ സംശയമോ). അനാവശ്യമായി തടസവാദം ഉന്നയിക്കപ്പെടുന്നതോടെ ഫയൽ താഴേക്കും മുകളിലേക്കും വീണ്ടും സഞ്ചരിക്കും.

ഇതിനിടെ, ഫയലിലെ സംശയനിവാരണത്തിനായി ഉപഫയലുകൾ രൂപപ്പെടും. ഉദ്യോഗസ്ഥർക്ക് ഇഷ്ടമല്ലെങ്കിൽ ഫയലുകൾ വീണ്ടും കറങ്ങും. അവസാനം ഉത്തരവിറങ്ങും. ഇറങ്ങിയ ഉത്തരവിൽ തെറ്റു സംഭവിച്ചാൽ തിരുത്തി നൽകില്ല. വീണ്ടും അപേക്ഷ നൽകണം. ഉത്തരവിലും ആനുകൂല്യം ലഭിക്കണമെന്ന് നിർബന്ധമില്ല. അപേക്ഷ സ്വീകരിക്കാൻ നിർവാഹമില്ലെന്നായിരിക്കും മറുപടി. ഇതു ആദ്യമേ പറഞ്ഞാൽ കറക്കം ഒഴിവാക്കിക്കൂടേ. അത് പറ്റില്ല, െസക്രട്ടേറിയറ്റ് മാന്വലിന് വിരുദ്ധമാകും.

വളരുമ്പോഴും കിതയ്ക്കുന്ന സെക്രട്ടേറിയറ്റ്

സെക്രട്ടേറിയറ്റിലെ ഫയലുകളെക്കുറിച്ച് 2012ൽ സർക്കാർ കണക്കെടുത്തു. സെക്രട്ടേറിയറ്റിൽ എത്തിയ 2,30,711 ഫയലുകളിൽ തീരുമാനമായത് 56,878 എണ്ണത്തിന്. തീർപ്പു കാത്ത് കഴിഞ്ഞവ 1,73,833, ഒരു വർഷത്തിനും രണ്ടു വർഷത്തിനും ഇടയിൽ പഴക്കമുള്ള 24,068 ഫയലുകൾ കൂട്ടത്തിലുണ്ടായിരുന്നു. മൂന്നുവർഷത്തിലേറെ പഴക്കമുള്ള ഫയലുകളുടെ എണ്ണം 11,382 ആയിരുന്നു.

ഇഎംഎസ് സർക്കാരിന്റെ കാലത്ത് 858 ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്നത്. 1982ൽ 2,882 പേരായി. 2000ൽ ജീവനക്കാരുടെ എണ്ണം 4,235 ആയി ഉയർന്നു. അവസാന കണക്കുകളനുസരിച്ചു 4,651 ജീവനക്കാരാണുള്ളത്. ഇതിൽ സെക്രട്ടേറിയറ്റിനുള്ളിൽ പ്രവർത്തിക്കുന്നത് 46 ഐഎഎസുകാർ. 1957ൽ സെക്രട്ടേറിയറ്റിൽ പത്തുവകുപ്പുകളും 48 സെക്‌ഷനുകളുമായിരുന്നെങ്കിൽ ഇപ്പോൾ 42 വകുപ്പുകളും 460 സെക്‌ഷനുമുണ്ട്.

related stories
Your Rating: