Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഘാലയയിൽ വോട്ട് ചെയ്യാൻ ഇറ്റലിയും അർജന്റീനയും സ്വീഡനും

vote

ഷില്ലോങ്∙ മേഘാലയയിലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഇറ്റലിക്കും അർജന്റീനയ്ക്കും സ്വീഡനും ഇന്തൊനീഷ്യയ്ക്കും എന്തു കാര്യമെന്നു ചോദിച്ചാൽ അവർ തിരിച്ചറിയൽ കാ‍ർഡ് എടുത്തു കാണിക്കും. വിദേശരാജ്യങ്ങളുടെ പേരു തന്നെയാണ് ഉമനിയു തമർ ഇലാകാ ഗ്രാമത്തിലെ ഈ വോട്ടർമാർക്കും! ഖാസി കുന്നുകളിലെ ഈ ഗ്രാമത്തിന്റെ ഒരറ്റം മുതൽ ആളുകളുടെ പേരു ചോദിച്ചു നടന്നാൽ ചിരിച്ചു മണ്ണുകപ്പും.

പ്രോമിസ് ലാൻഡ് എന്നും ഹോളിലാൻഡ് എന്നും പേരുകളുള്ള സഹോദരിമാരെ പരിചയപ്പെട്ടാൽ അവർ അയൽക്കാരിയെ പരിചയപ്പെടുത്തിത്തരും. പേരു ജറുസലം. ത്രിപുര, ഗോവ, തേസ്ഡേ, സൺഡേ, ടേബിൾ, ഗ്ലോബ്, പേപ്പർ, അറേബ്യൻ സീ, പസഫിക്, കോണ്ടിനന്റ്, സാറ്റൺ, വീനസ്, റിക്വസ്റ്റ്, ലവ്‌ലിനസ്, ഹാപ്പിനസ് എന്നിങ്ങനെ പേരുകാരും പരിസരത്തുണ്ട്. സ്വെറ്റർ എന്നു പേരുള്ള സ്ത്രീ അവരുടെ മകൾക്കിട്ട പേര് ‘ഐ ഹാവ് ബീൻ ഡെലിവേഡ്’.

ഗ്രാമത്തിലെ 916 വനിതകളും 850 പുരുഷന്മാരുമാണ് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഇത്തവണ വോട്ട് ചെയ്യുക. വോട്ടർ പട്ടികയിലെ രസികൻ പേരുകാർ ഏറ്റവും കൂടുതലുള്ളതും ഉമനിയു തമർ ഇലാകായിലാണെന്നു പറഞ്ഞുതരുന്ന ഗ്രാമമുഖ്യന്റെ പേരുകൂടി കേൾക്കുക – പ്രീമിയർ സിങ്. വിദ്യാസമ്പന്നരായ അച്ഛനമ്മമാർ മൂത്തമകനായ തനിക്ക് അറിഞ്ഞിട്ട പേരാണിതെന്നു പറഞ്ഞു പ്രീമിയറിന് അഭിമാനം മാത്രം.