Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എങ്ങോട്ടു വീശും വടക്കുകിഴക്കൻ കാറ്റ് ?

tripura-Nagaland

മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിയമസഭാ പ്രചാരണം ശക്തിപ്രാപിക്കുമ്പോൾ സിപിഎമ്മും കോൺഗ്രസും തങ്ങളുടെ അടിത്തറ ഇളകാതിരിക്കാൻ കഠിനാധ്വാനം ചെയ്യുന്നു. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണു തിരഞ്ഞെടുപ്പു നടക്കാൻ പോകുന്നത്. അസമിലും മണിപ്പുരിലും വെന്നിക്കൊടി പാറിച്ച ‘നോർത്തീസ്റ്റ് ഫോർമുല’യുമായി ബിജെപി കളം നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും അമിതപ്രതീക്ഷ അവരുടെ നേതാക്കൾക്കും ഇല്ല. ഈ മാസം 18നാണു ത്രിപുര തിരഞ്ഞെടുപ്പ്. 27ന് നാഗാലാൻഡിലും മേഘാലയയിലും തിരഞ്ഞെടുപ്പ്.

സിപിഎമ്മിന് അഗ്നിപരീക്ഷ

കാൽ നൂറ്റാണ്ടായി ത്രിപുര ഭരിക്കുന്ന സിപിഎമ്മിനെതിരെയുള്ള ബിജെപിയുടെ പോരാട്ടത്തിന് ഒട്ടേറെ രാഷ്ട്രീയമാനങ്ങളുണ്ട്. രാജ്യത്ത് ആദ്യമായാണു സിപിഎമ്മും ബിജെപിയും മുഖാമുഖം പോരാടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ തന്ത്രങ്ങൾ മെനയുന്നതിൽ മുഖ്യനായ അസം ധനമന്ത്രി ഹിമാനന്ദ ബിശ്വശർമയുടെ വാക്കുകളിൽ ഇതൊരു പരീക്ഷണം കൂടിയാണ്. ത്രിപുരയിൽ സിപിഎമ്മിനെ തറപറ്റിച്ചാൽ പിന്നെ കേരളത്തിലും ഇത് ആത്മവിശ്വാസത്തിനു കാരണമാകുമെന്നാണു ബിജെപി നേതാക്കളുടെ വിലയിരുത്തൽ.

ഒരു വാർത്താചാനലിന്റെ സർവേ അനുസരിച്ച് ത്രിപുരയിൽ ബിജെപി ജയിക്കുമെന്നു പറയുന്നുണ്ടെങ്കിലും ബിജെപിക്കാർ പോലും ഇതു പൂർണമായും ഉൾക്കൊള്ളാൻ തയാറായിട്ടില്ല. പക്ഷേ കാൽ നൂറ്റാണ്ടിനിടയിൽ മുഖ്യമന്ത്രി മണിക് സർക്കാറും സിപിഎമ്മും നേരിടുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷണമായിരിക്കും ഇത്തവണത്തേത്. 20 വർഷമായി മുഖ്യമന്ത്രിയായിരിക്കുന്ന, രാജ്യത്തെ ഏറ്റവും ലളിതജീവിതം നയിക്കുന്ന മുഖ്യമന്ത്രിയെന്ന ഖ്യാതിയുണ്ടെങ്കിലും മണിക് സർക്കാറിനെതിരെ രൂക്ഷവിമർശനമാണു ബിജെപി നടത്തുന്നത്. ഭരണവിരുദ്ധവികാരത്തിനൊപ്പം സർക്കാരിലെ അഴിമതിയും ബിജെപി ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും ഹെലികോപ്റ്ററുകൾ മാത്രമല്ല ത്രിപുരയിൽ വട്ടമിട്ടു പറക്കുന്നത്. നാൽപതോളം ദേശീയ നേതാക്കളെയാണ് ഇടതുകോട്ട പിടിക്കാൻ ബിജെപി നിയോഗിച്ചിട്ടുള്ളത്.

മുഖ്യമന്ത്രി മാത്രമല്ല, മുഴുവന്‍ മന്ത്രിമാരും ഇത്തവണ ത്രിപുരയില്‍ മല്‍സരിക്കുന്നുണ്ട്. ഘടകകക്ഷികളായ സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവർക്ക് ഓരോ സീറ്റാണു സിപിഎം നൽകിയിട്ടുള്ളത്. 60 അംഗ നിയമസഭയിൽ ബാക്കി 57 എണ്ണത്തിലും സിപിഎം മൽസരിക്കുന്നു. വി. എസ്. അച്യുതാനന്ദനെപ്പോലെ, മണിക് സർക്കാറിന്റെയും വ്യക്തിപരമായ പ്രഭാവലയം പാർട്ടിക്കു ഗുണകരമാണ്. കലാപങ്ങളുടെ വിളഭൂമിയായിരുന്ന ത്രിപുര, ജീവിക്കാൻ കൊള്ളാവുന്ന സ്ഥലമാക്കിയതിൽ സിപിഎമ്മിന്റെ ഭരണത്തിന്റെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. പക്ഷേ, തിരഞ്ഞെടുപ്പു പ്രചാരണവേദിയിലെത്തുമ്പോൾ ഗോത്രവർഗവികാരങ്ങളും മറ്റുമാണ് എതിർപക്ഷം കത്തിച്ചുവിടുന്നത്. ഇത്തരം പ്രചാരണങ്ങളെ എങ്ങനെ ചെറുക്കുന്നു എന്നതായിരിക്കും സിപിഎമ്മിന്റെ സീറ്റുകളുടെ എണ്ണം നിശ്ചയിക്കുക. ബിജെപി 51 സീറ്റിലാണ് മൽസരിക്കുക. ഇടതുവിരുദ്ധ ഗോത്രവർഗ പാർട്ടിയായ ഐപിഎഫ്ടി ഒൻപതു സീറ്റിലും.

ത്രിപുര പിടിച്ചെടുക്കാൻ ബിജെപി സകലതന്ത്രങ്ങളും പ്രയോഗിക്കുകയാണെന്നാണു സിപിഎമ്മിന്റെ കുറ്റപ്പെടുത്തൽ. സിബിഐയെയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ചുള്ള തന്ത്രം പക്ഷേ, മണിക് സർക്കാറിന്റെ മുന്നിൽ വിലപ്പോകില്ലെന്നാണു സിപിഎം നേതാക്കൾ പറയുന്നത്. എന്നാൽ രണ്ടും കൽപിച്ചാണ് ബിജെപിയുടെ പ്രചാരണം. ഭരണം പിടിച്ചെടുക്കുന്നതിനപ്പുറം സിപിഎമ്മിനെതിരെയുള്ള വാശിയുടെ ഒരു മാനവും ഇതിനുണ്ടായിട്ടുണ്ട്. മണിക് സർക്കാർ കാലത്തെ കൊള്ളരുതായ്മകൾ വിവരിക്കുന്ന സിനിമയും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. ലാൽ സർക്കാർ എന്ന ഈ സിനിമ ബിജെപി സ്പോൺസർ ചെയ്തതാണെന്നാണു സിപിഎമ്മിന്റെ വിമർശനം.

പ്രതീക്ഷയോടെ ബിജെപി

നാഗാലാൻഡിൽ ഏറെ പ്രതീക്ഷയാണു ബിജെപി അർപ്പിക്കുന്നത്. നാഗാപ്രശ്നം തീർത്തിട്ട് മതിയെന്നു പറഞ്ഞു തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്ന പ്രമുഖ പാർട്ടികളെല്ലാം നാമനിർദേശപത്രിക നൽകുന്നതിന്റെ അവസാനദിനമായ ഇന്നലെ അവസാന മണിക്കൂറുകളിലാണു മനംമാറി പത്രിക നൽകിയത്. പ്രാദേശിക ബിജെപിയും തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിൽക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്ന് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.

നാഗാലാൻഡിൽ പരമദയനീയമാണ് കോൺഗ്രസിന്റെ സ്ഥിതി. 15 വർഷം മുൻപു വരെ നാഗാലാൻഡ് ഭരിച്ചിരുന്ന കോൺഗ്രസിനു കഴിഞ്ഞ തവണ കിട്ടിയത് എട്ടു സീറ്റാണ്. പക്ഷേ, ഈ അഞ്ചു കൊല്ലത്തിനിടയിൽ നേതാക്കളും അണികളും മറ്റു പാർട്ടികളിൽ ചേക്കേറി. ഭരണകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടുമായി (എൻപിഎഫ്) തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കാനുള്ള പദ്ധതി പൊളിഞ്ഞതോടെ ഇത്തവണ സ്ഥാനാർഥികളെ കിട്ടാതെ വിഷമിക്കുകയാണു കോൺഗ്രസ്. അതേസമയം, ബിജെപി പുതിയ സഖ്യവുമായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എൻപിഎഫുമായുള്ള 15 വർഷത്തെ ബന്ധം ഉപേക്ഷിച്ച് പുതുതായി രൂപംകൊണ്ട നാഷനലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുമായി ചേർന്നാണ് ഇത്തവണ ബിജെപി മൽസരിക്കുന്നത്. 60 അംഗ സഭയിൽ 20 എണ്ണത്തിൽ ബിജെപിയും 40എണ്ണത്തിൽ എൻഡിപിപിയും മൽസരിക്കും. മൂന്നു തവണ മുഖ്യമന്ത്രിയായ നെഫ്യു റിയോ ആണ് പുതുതായി രൂപംകൊണ്ട എൻഡിപിപിയുടെ സ്ഥാപകൻ. 

പെടാപ്പാടു പെടുന്ന കോൺഗ്രസ്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അവസാനത്തെ തുരുത്തുകളിലൊന്നായ മേഘാലയ നിലനിർത്താൻ കോൺഗ്രസ് കഠിനപ്രയത്നത്തിലാണ്. രാജ്യത്തിന്റെ റോക്ക് തലസ്ഥാനമെന്നു വിളിപ്പേരുള്ള ഷില്ലോങ്ങിൽ റോക്ക് സംഗീതപരിപാടിയിലൂടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെയാണു കോൺഗ്രസിന്റെ പ്രചാരണത്തിന് ആവേശം നൽകിയത്. പക്ഷേ, രാഹുൽ ധരിച്ച ജാക്കറ്റിന്റെ വില പറഞ്ഞ് ബിജെപി പ്രത്യാക്രമണം നടത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു വിഭിന്നമായി ‘ബീഫ് പൊളിറ്റിക്സ്’ ഉൾപ്പെടെയുള്ളവ കളിക്കാൻ ബിജെപിയുടെ പ്രാദേശിക നേതാക്കൾ പോലും മേഘാലയയിൽ ധൈര്യപ്പെടില്ല. മോദി സർക്കാരിന്റെ വാർഷികത്തിനു ബീഫ് വിളമ്പിയവരാണ് മേഘാലയയിലെ ബിജെപിക്കാർ. ക്രിസ്ത്യൻ ഭൂരിപക്ഷമായ സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണമേൽനോട്ടം വഹിക്കുന്നതു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ്.

പൊതുവേ നോക്കിയാൽ ശക്തരാണ് മേഘാലയയിൽ കോൺഗ്രസ്. പക്ഷേ, അഞ്ചു സിറ്റിങ് എംഎൽഎമാർ പാർട്ടി വിട്ടത് കോൺഗ്രസിനു ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. മുതിർന്ന നേതാക്കളിൽ പലരും മുഖ്യമന്ത്രി മോഹികളാണെങ്കിലും നിലവിലുള്ള മുഖ്യമന്ത്രി മുകുൾ സാങ്മയെ എഐസിസി നേതൃത്വം മാറ്റുമെന്ന് ആരും കരുതുന്നില്ല. കേന്ദ്ര ഫണ്ടിനെ ആശ്രയിച്ചു കഴിയുന്ന മേഘാലയയിൽ കേന്ദ്രസഹായം ബിജെപിയുടെ ചക്രായുധമാണ്. ഷില്ലോങ്- തുറ ഹൈവേ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറന്നെത്തി. എൻപിപിയുമായി ചേർന്നാണ് ബിജെപി കോൺഗ്രസിനെതിരെ പോരാടുന്നത്. വികസന കാര്യങ്ങൾക്കു മാത്രമല്ല പള്ളികൾക്കും കേന്ദ്രം ധനസഹായം നൽകുന്നുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട ഹെറിറ്റേജ് സർക്യൂട്ടിന്റെ പേരിൽ 70 കോടിയാണ് പല പള്ളികൾക്കായി വകയിരുത്തിയത്. സംസ്ഥാനത്തെ 70 ശതമാനം പേരും ക്രിസ്ത്യൻ മതവിശ്വാസികളാണ്. എന്നാൽ കോൺഗ്രസ് മുക്തഭാരതം എന്ന ബിജെപിയുടെ സ്വപ്നത്തിന് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും മേഘാലയ തിരഞ്ഞെടുപ്പു ഫലമെന്നാണു കോൺഗ്രസ് നേതാക്കൾ പറയുന്നത്. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു പൊതുവേ പ്രാമുഖ്യം നൽകുന്നുണ്ടെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കുന്നതിൽ ബിജെപി ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. ഈ വിശ്വാസത്തിലാണു ബിജെപിയുടെ അടിത്തറ. തന്റെ മന്ത്രിമാരോട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിർബന്ധമായി ആവർത്തന സന്ദർശനം നടത്തണമെന്നു നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപകസംഗമമായ ‘അഡ്വാന്റേജ് അസം’ ഉൾപ്പെടെയുള്ള പരിപാടികളിൽ കേന്ദ്രമന്ത്രിമാർ ക്യാംപ് ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പിൽ കേന്ദ്രസഹായം എന്ന വികാരം പ്രയോജനപ്പെടുത്താൻ ബിജെപിക്കു കഴിഞ്ഞേക്കും. ഭരണം പിടിച്ചെടുക്കാൻ പറ്റിയില്ലെങ്കിലും.

NorthEast മണിക് സർക്കാർ, ടി.ആർ.സെലിയാങ്, മുകുൾ സാങ്മ

ത്രിപുര

ഭരണം: ഇടതുമുന്നണി

മുഖ്യമന്ത്രി: മണിക് സർക്കാർ

മൊത്തം സീറ്റ്: 60

നാഗാലാൻഡ്

ഭരണം: എൻപിഎഫ് സഖ്യം

മുഖ്യമന്ത്രി: ടി.ആർ.സെലിയാങ് 

മൊത്തം സീറ്റ്: 60

മേഘാലയ

ഭരണം: കോൺഗ്രസ്

മുഖ്യമന്ത്രി: മുകുൾ സാങ്മ 

മൊത്തം സീറ്റ്: 60