Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളവും ബംഗാളും ഒഡിഷയും കൂടി ‘പിടിച്ചാൽ’ ബിജെപിയുടെ സുവർണകാലം: അമിത് ഷാ

Amit Shah

ന്യൂഡൽഹി∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തകർപ്പൻ വിജയം നേടിയെങ്കിലും ബിജെപിയുടെ സുവർണകാലഘട്ടം ഇനിയും ആരംഭിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കേരളത്തിലും ബംഗാളിലും ഒഡിഷയിലും കൂടി ഭരണം പിടിക്കുമ്പോൾ മാത്രമേ ബിജെപിയുടെ സുവർണ കാലഘട്ടം ആരംഭിക്കൂ എന്നും അമിത് ഷാ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ ന്യൂഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ഒരു ഭാഗത്തും യോജിച്ചവരല്ല ഇടതുപക്ഷമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യം ജനങ്ങൾ അവരെ ബംഗാളിൽനിന്ന് കെട്ടുകെട്ടിച്ചു. ഇപ്പോഴിതാ ത്രിപുരയിൽനിന്നും അവർ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ബിജെപിയുടെ വളർച്ചയുടെ ലക്ഷണമാണ് ഇതെന്നും അമിത് ഷാ പറഞ്ഞു.

നിലവിൽ ഇന്ത്യ മുഴുവനും നിറഞ്ഞുനിൽക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഹിന്ദി ബെൽറ്റിൽ മാത്രമുള്ള പാർട്ടിയാണ് ബിജെപിയെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. അതു തെറ്റാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഈ ജനവിധി കേരളത്തിലെയും ബംഗാളിലെയും ബിജെപി പ്രവർത്തകർക്കും ആവേശം പകരുന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ അക്രമരാഷ്ട്രീയത്തിൽ മടുത്തു കഴിയുന്നവരാണ് ഇവിടുത്തെ ജനങ്ങളെന്നും ഷാ പറഞ്ഞു.

ലഡാക്കിലും കേരളത്തിലും തങ്ങൾക്കിപ്പോൾ സ്വന്തമായി എംപിമാരുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ‘ഇന്ത്യ മുഴുവൻ വ്യാപിച്ചിട്ടുള്ള പാർട്ടിയാണ് ഇപ്പോൾ ബിജെപി. ഞങ്ങൾക്ക് ലഡാക്കിലും ഇങ്ങേയറ്റത്ത് കേരളത്തിലും എംപിമാരുണ്ട്. അങ്ങേയറ്റത്ത് കൊഹിമയിലും ഇങ്ങേയറ്റത്ത് കച്ചിലും ഞങ്ങളുടെ സർക്കാരുകളാണു ഭരിക്കുന്നത്’– അമിത് ഷാ പറഞ്ഞു.

ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയം ചരിത്രപരമാണെന്നും അമിത് ഷാ അവകാശപ്പെട്ടു. 2013ൽ ത്രിപുരയിൽ ഞങ്ങൾക്ക് 1.3 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. ഇത്തവണ ഞങ്ങൾ 50 ശതമാനം അനായാസം പിന്നിട്ടിരിക്കുന്നു. 42 സീറ്റുകളും സ്വന്തമാക്കിക്കഴിഞ്ഞു. നാഗാലൻഡിലും ബിജെപി നേതൃത്വം നൽകുന്ന മുന്നണി ചരിത്രജയമാണ് സ്വന്തമാക്കിയത്. കർണാടകയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം മാത്രമാണിതെന്നും അമിത് ഷാ പറഞ്ഞു.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് ഇരകളായി കൊല്ലപ്പെട്ട ബിജെപി–ആർഎസ്എസ് പ്രവർത്തകർക്കായി ഈ വിജയം സമർപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടർമാർ ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കമ്യൂണിസ്റ്റുകളുടെ അക്രമത്തിന് ഇരകളായി തെരുവോരങ്ങളിൽ കൊല്ലപ്പെട്ടവരെ ഈ സമയത്ത് അനുസ്മരിക്കുകയാണ്. അപാര ധൈര്യത്തോടെയാണ് അവരുടെ അക്രമങ്ങളെ ഞങ്ങളുടെ പ്രവർത്തകർ ചെറുത്തുനിന്നത്. അവരിൽ പലരും പ്രസ്ഥാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞു. എല്ലാ പ്രതിബന്ധങ്ങളോടും പടവെട്ടി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അവരിതാ, പാർട്ടിയുടെ വിജയം ഉറപ്പാക്കിയിരിക്കുന്നു – അമിത് ഷാ പറഞ്ഞു.

related stories