Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടക്കുകിഴക്കിലെ കാവിക്കൊടിയേറ്റം; വിജയിച്ചത് ബിജെപിയുടെ വിശ്രമമില്ലാ യജ്ഞം

പി.സനിൽകുമാർ
Author Details
Amit-Shah-and-Narendra-Modi ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം.

താമരപ്പൂ ദൂരെ കണ്ടു ‘മോഹിച്ച’ വടക്കുകിഴക്കൻ നാട്ടിലെ ‘സപ്തസഹോദരി’മാർക്കു താമരക്കാടു നൽകിയ സന്തോഷത്തിലാണു കേന്ദ്ര ബിജെപി നേതൃത്വം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒറ്റരാത്രി കൊണ്ടു തീർത്തതല്ല ഈ താമരവസന്തം. വർഷങ്ങളുടെ തപസ്യയും ജാഗ്രതയും കണിശമാർന്ന നിലമൊരുക്കലുമുണ്ട് ഈ ജയങ്ങൾക്കു പിന്നിൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ‘മോദി സർക്കാരിലേക്ക്’ പരിവർത്തനപ്പെടുത്താൻ ബിജെപി നടത്തിയ നീക്കങ്ങൾ പരിചയപ്പെടാം.

ആരവമില്ലാതെ ആർഎസ്എസ്

പ്രത്യക്ഷത്തിൽ ബിജെപിയും സഖ്യകക്ഷികളുമാണ് ആരവത്തോടെ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയതെങ്കിലും ആളും അർത്ഥവും നൽകി ആരവങ്ങളിൽ നിന്നൊഴിഞ്ഞ് അണിയറയിൽ ചുക്കാൻ പിടിച്ചത് മറ്റൊരു കൂട്ടരാണ് – ആർഎസ്എസ്. ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയിൽ ചുവടുറപ്പിക്കേണ്ടതു രാഷ്ട്രീയമായും സാംസ്കാരികമായും അനിവാര്യമാണെന്ന തിരിച്ചറിവിലായിരുന്നു ആർഎസ്എസിന്റെ പ്രവർത്തനം. അരുണാചൽ പ്രദേശ്‌, അസം, മണിപ്പൂർ, മിസോറാം, മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണു സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. കോൺഗ്രസും സിപിഎമ്മും പ്രാദേശിക പാർട്ടികളും പിടിമുറുക്കിയ ഈ സംസ്ഥാനങ്ങളെ കാവി പുതപ്പിക്കുകയായിരുന്നു ആർഎസ്എസ് ലക്ഷ്യം.

ആ ‘ഭാരതരത്ന’ ഒരു സന്ദേശം

2014 ലെ മോദി തരംഗത്തിൽ അധികാരമേറിയ ബിജെപി സർക്കാരിനു മുന്നിൽ ആർഎസ്എസ് ഒരു നിർദേശം വച്ചു. ബ്രിട്ടിഷുകാർക്കെതിരെ മണിപ്പൂരിലെ നാഗാ വംശജരെ നയിച്ച സ്വാതന്ത്ര്യ സമരസേനാനി റാണി ഗൈഡിൻലിയുവിനു ഭാരതരത്ന നൽകണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായോ ഈ നിർദേശം ‘നേരിട്ടു’ പരിഗണിച്ചില്ല. പക്ഷേ, ആർഎസ്എസിന്റെ സന്ദേശം ഇരുവർക്കും പിടികിട്ടി. 13-ാം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായ ഈ നാഗാ പോരാളിയെ മറക്കരുത്, നാഗരെ മറക്കരുത്, വടക്കുകിഴക്കൻ ഇന്ത്യയെ ഒരിക്കലും മറക്കരുത്.

റാണി ഗൈഡിൻലിയുവിന്റെ ജന്മശതാബ്ദി വിപുലമായി ആഘോഷിച്ചു, മോദിയുടെ സാന്നിധ്യത്തിൽ. അവികസിതസംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഒഴുകി. കോടിക്കണക്കിനു രൂപയുടെ കേന്ദ്ര പാക്കേജുകൾ – ഇവയുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി മോദി തന്നെ നേരിട്ടെത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന കേന്ദ്രമന്ത്രിമാർ പോയവേഗത്തിൽ തിരിച്ചുവരരുതെന്ന തീരുമാനം നടപ്പാക്കി.

ഭീകര, തീവ്രവാദ പ്രവർത്തനങ്ങളില്ലാത്ത സുരക്ഷിതവും സമാധാനം നിറഞ്ഞത പ്രദേശമാണിതെന്ന സന്ദേശം നാട്ടുകാരിലും മറ്റു ദേശങ്ങളിലും പടർത്തണമെന്നു പ്രധാനമന്ത്രി സഹപ്രവർത്തകരെ ഓർമിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലോകത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രിയപ്പെട്ട ഇടമായി പ്രതിഷ്ഠിക്കാൻ പദ്ധതികളൊരുങ്ങി.

ചുക്കാൻ പിടിച്ച് നാൽവർ സംഘം

ആർഎസ്എസിന്റെ ചാണക്യതന്ത്രങ്ങളെ കൃത്യമായി നടപ്പാക്കിയതു നാൽവർ സംഘമാണ്. നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനര്‍ ഹിമന്ത ബിശ്വശര്‍മ, ബിജെപി ജനറൽ സെക്രട്ടറി റാം മാധവ്, ബിജെപി ത്രിപുര പ്രസിഡന്റ് ബിപ്ലബ് കുമാർ ദേബ്, ആര്‍എസ്‌എസ് നേതാവ് സുനില്‍ ദിയോദർ എന്നിവരാണു മോദി–ഷാ–ആർഎസ്എസ് തന്ത്രങ്ങളെ ജനങ്ങളിലേക്കു ഒഴുക്കിവിട്ടത്.

2015 ൽ ബിജെപിയിൽ ചേരുംവരെ കോൺഗ്രസുകാരനായിരുന്നു ഹിമന്ത ബിശ്വശര്‍മ. മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിയുമായി തെറ്റിപ്പിരിഞ്ഞ് അസമിൽ ബിജെപിക്കൊപ്പം ചേർന്നു. അസമിൽ കോൺഗ്രസ് ആധിപത്യം തകർത്തു ബിജെപി സഖ്യത്തെ അധികാരത്തിലെത്തിച്ച ഹിമന്ത മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പാർട്ടിയുടെ വിശ്വാസം കാത്തു.

ക്ഷമാശീലനായ സംഘാടകനാണു റാം മാധവ്. ബിജെപി ആശയങ്ങൾ പ്രചരിപ്പിക്കാൻ ശക്തമായ പ്രചാരകരെ തയാറാക്കി. സഖ്യങ്ങൾ രൂപീകരിക്കുന്നതിൽ മുന്നിൽനിന്നു. ജമ്മു കശ്മീർ മുതൽ നാഗാലാൻഡ് വരെയുള്ള ബിജെപി സഖ്യങ്ങളുടെ ബുദ്ധികേന്ദ്രമായി. ത്രിപുര ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണ് നാൽപത്തിയെട്ടുകാരനായ ബിപ്ലബ് കുമാർ‌ ദേബ്. കഴിഞ്ഞതവണ ഒറ്റ സീറ്റു പോലുമില്ലാതിരുന്ന ബിജെപിയെ പടുകൂറ്റൻ വിജയത്തിലേക്കു നയിച്ചു. മുഖ്യമന്ത്രി പദമായിരിക്കും പാർട്ടി ഇദ്ദേഹത്തിനു നൽകുന്ന സമ്മാനം.

വാരാണസിയിൽ മോദിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നൽകിയയാളാണു സുനിൽ ദിയോദർ. ത്രിപുരയിലെത്തിയ സുനിൽ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു. പാർട്ടിയുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കി. ആർഎസ്എസ് ശാഖകൾ വിപുലീകരിച്ചു. കോൺഗ്രസിൽനിന്ന് നേതാക്കളെ പാർട്ടിയിലേക്കെത്തിച്ചു. യുവാക്കളെ പാർട്ടിയിലെടുത്തു. യുവജനങ്ങൾക്കും കൃഷിക്കാർക്കും വനിതകൾക്കും പട്ടികജാതിക്കാർക്കും വേണ്ടി പ്രത്യേക സംഘടനകളുണ്ടാക്കി. സമൂഹമാധ്യമങ്ങളും ഓൺലൈൻ അംഗത്വവും വഴി ബിജെപിയെ സജീവമാക്കി.

ത്രിപുരയിലെ ശമ്പളച്ചീട്ട്

ത്രിപുരയിൽ സിപിഎമ്മിനെ ഇല്ലാതാക്കാന്‍ ബഹുമുഖ തന്ത്രങ്ങളാണു ബിജെപി നടത്തിയത്. 25 വര്‍ഷത്തെ ഒറ്റക്കക്ഷി ഭരണം എന്ന ‘നെഗറ്റീവ് പോയിന്റി’ൽ പിടിച്ചു. ജനങ്ങളുടെയും നാടിന്റെയും അവസ്ഥ മെച്ചപ്പെട്ടിട്ടില്ലെന്നു പ്രചരിപ്പിച്ചു. ഗ്രാമങ്ങളില്‍ ആധിപത്യമുള്ള സിപിഎമ്മിനു നഗരങ്ങളിലെ യുവാക്കൾക്കിടയിൽ സ്വാധീനം കുറയുന്നതു തിരിച്ചറിഞ്ഞു. വികസനമില്ലായ്മയും തൊഴിലില്ലായ്മയും ചോദ്യംചെയ്യപ്പെട്ടു

ഏഴാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശമ്പളം നല്‍കുമെന്നു പറഞ്ഞതോടെ സർക്കാർ ജോലിക്കാർക്കു സന്തോഷമായി. ത്രിപുരയിലെ പ്രമുഖ ഗോത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനായി. പ്രത്യേക ഗോത്രവര്‍ഗ സംസ്ഥാനത്തിനുവേണ്ടി വാദിക്കുന്ന ഐപിഎഫ്ടി ബിജെപിക്ക് ഒപ്പം ചേർന്നു. സിപിഎമ്മിന്റെ കരുത്തായ ഗോത്രവര്‍ഗ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി. ‘നമുക്ക് മാറാം’ എന്ന ബിജെപി മുദ്രാവാക്യം ജനങ്ങൾ ഏറ്റുവിളിച്ചു. 

ഹിന്ദുത്വവും ബീഫും ‘മറന്നു’

ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള നാഗാലാൻഡിലും മേഘാലയയിലും പതിവ് ഹിന്ദുത്വ പ്രചാരണത്തിനു സാധ്യതയില്ലെന്നു ബിജെപി ആദ്യമേ മനസ്സിലാക്കി. വികസനമായിരുന്നു ആയുധം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേ സർക്കാർ അധികാരത്തിൽ വന്നാൽ വികസനത്തിന്റെ തേനുംപാലും ഒഴുക്കാമെന്നു ആവർത്തിച്ചു. അസമിലും മണിപ്പൂരിലും വെന്നിക്കൊടി പാറിച്ച ‘നോർത്തീസ്റ്റ് ഫോർമുല’യുമായി കളം നിറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും ഹെലികോപ്റ്ററുകൾ മാത്രമല്ല, കേന്ദ്രമമന്ത്രിമാർ ഉൾപ്പെടെ നാൽപതോളം ദേശീയ നേതാക്കളെ ബിജെപി ഈ മൂന്നു സംസ്ഥാനങ്ങളിലേക്കും പറത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു വിഭിന്നമായി ‘ബീഫ് പൊളിറ്റിക്സ്’ ഉപേക്ഷിച്ചു. മോദി സർക്കാരിന്റെ വാർഷികത്തിനു ബീഫ് വിളമ്പി മേഘാലയയിലെ ബിജെപി ആഘോഷിച്ചു.

ഭക്ഷണ സ്വതന്ത്ര്യത്തിൽ കൈ കടത്തില്ലെന്നു നേതാക്കൾ കവലകൾതോറും പ്രസംഗിച്ചു. ക്രിസ്ത്യൻ ഭൂരിപക്ഷമായ മേഘാലയയിൽ പ്രചാരണ മേൽനോട്ടത്തിനു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ നിയോഗിച്ചു. ഹിന്ദുത്വ കാർഡ് ഉപേക്ഷിച്ച ബിജെപി, ടൂറിസവുമായി ബന്ധപ്പെട്ട ഹെറിറ്റേജ് സർക്യൂട്ടിന്റെ പേരിൽ 70 കോടി പല പള്ളികൾക്കായി വകയിരുത്തി. അധികാരം കിട്ടിയാൽ മുതിർന്ന പൗരന്മാർക്കു സൗജന്യമായി ജറുസലം യാത്രയ്ക്ക് അവസരമൊരുക്കുമെന്നു നാഗാലൻഡിൽ‍ വാഗ്ദാനം ചെയ്തു.

ബിജെപി വിജയം ആവർത്തിക്കുമ്പോൾ, ആർഎസ്എസും കരുത്താർജിക്കുകയാണ്. 60,000 ശാഖകളും 60 ലക്ഷത്തോളം അംഗങ്ങളുമായി ആർഎസ്എസ് രാജ്യത്തു പടരുകയാണ്.

related stories