പി.പി. ചിത്തരഞ്ജനിലൂടെ ആലപ്പുഴ സിപിഎം നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി ഡോ. കെ.എസ്. മനോജിനെ 12840 വോട്ടിനാണ് ചിത്തരഞ്ജൻ പരാജയപ്പെടുത്തിയത്.
ഇടതു ചായ്വുണ്ടെന്നു പറയുമ്പോഴും ഇടത്, വലത് മുന്നണികളെ ജയിപ്പിച്ചിട്ടുണ്ട് ആലപ്പുഴ. എ. നഫീസത്ത് ബീവിയും ടി.വി തോമസും പി.കെ. വാസുദേവൻ നായരും റോസമ്മ പുന്നൂസുമടക്കമുള്ള വലിയ നേതാക്കൾ ജയിച്ചിട്ടുണ്ട് ഇവിടെ. ടിവിയും പികെവിയുമടക്കം തോറ്റിട്ടുമുണ്ട്. 1991 മുതൽ 2006 വരെ യുഡിഎഫിന്റെ കയ്യിലായിരുന്നു ആലപ്പുഴ. 91 ൽ എൻഡിപി സ്ഥാനാർഥി കെ.പി. രാമചന്ദ്രൻ നായരും 96 മുതൽ 2006 വരെ മൂന്നു തിരഞ്ഞെടുപ്പുകളിൽ കെ.സി. വേണുഗോപാലും ജയിച്ചു. 2011 ൽ ടി.എം. തോമസ് ഐസക്ക് ജയിച്ച മണ്ഡലം 2016 ൽ അദ്ദേഹം നിലനിർത്തി. രണ്ടു ടേം നിബന്ധനയുടെ പേരിലാണ് ഇത്തവണ ഐസക് മാറി പി.പി. ചിത്തരഞ്ജനെ സിപിഎം മൽസരിക്കാനിറക്കിയത്. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ടിക്കറ്റിൽ മൽസരിച്ച് വി.എം. സുധീരനെ വീഴ്ത്തിയ ഡോ. കെ.എസ്. മനോജാണ് ഇത്തവണ യുഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയത്. ആർഎസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ, മാധ്യമപ്രവർത്തകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ സന്ദീപ് വാചസ്പതിയായിരുന്നു ബിജെപി സ്ഥാനാർഥി.
2916 ൽ തോമസ് ഐസക് 31,032 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ ഇത്തവണയും ജയം ആവർത്തിക്കാമെന്നായിരുന്നു സിപിഎമ്മിന്റെ ആത്മവിശ്വാസം. ഐസക് ചിത്തരഞ്ജന്റെ പ്രചാരണത്തിൽ സജീവവുമായിരുന്നു. മൽസ്യത്തൊഴിലാളി യൂണിയൻ നേതാവായ ചിത്തരഞ്ജന് തീരമേഖലകളിൽ വോട്ടുപിടിക്കാനാവുമെന്നും ഐസക് കഴിഞ്ഞ 10 വർഷത്തിനിടെ മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വോട്ടാകുമെന്നും ഇടതുമുന്നണി കണക്കുകൂട്ടി. സർക്കാരിന്റെ ജനക്ഷേമ പരിപാടികളും പ്രചാരണത്തിൽ അവതരിപ്പിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വാർഡുകളിൽ ഇടതുമുന്നണിക്കുണ്ടായ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും എൽഡിഎഫ് പറഞ്ഞിരുന്നു.
അതേസമയം, യുഡിഎഫിലെത്തിയപ്പോൾത്തന്നെ ആലപ്പുഴയിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്ന മനോജ് വളരെ നേരത്തേതന്നെ പ്രചാരണ പരിപാടികൾ തുടങ്ങിയിരുന്നു. ഇത് ഗുണകരമാകുമെന്ന് യുഡിഎഫ് കരുതി. ലത്തീൻ സമുദായാംഗമായ മനോജിന് തീരമേഖലയിലെ ലത്തീൻ വോട്ടുകൾ സമാഹരിക്കാനാകുമെന്നും കണക്കുകൂട്ടലുണ്ടായി. മൽസ്യബന്ധനക്കരാറും സ്വർണക്കടത്തും അടക്കമുള്ള വിവാദങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നു കണക്കാക്കിയ യുഡിഎഫിന്റെ പ്രചാരണത്തിൽ സർക്കാരിനെതിരെ ഇക്കാര്യങ്ങളിൽ ശക്തമായ ആക്രമണവുമുണ്ടായി.
കേന്ദ്രസർക്കാരിന്റെ വികസന പരിപാടികളും ഇടത്, വലത് മുന്നണികൾക്കെതിരെയുള്ള ആക്രമണങ്ങളുമായിരുന്നു എൻഡിയുടെ പ്രചാരണത്തിന്റെ കേന്ദ്രബിന്ദു. ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര–വയലാർ രക്തസാക്ഷി സ്മാരകത്തിൽ കയറി പുഷ്പാർച്ചന നടത്തിയതു വിവാദമായിരുന്നു.

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,93,532
∙പോൾ ചെയ്ത വോട്ട് :1,56,150
∙പോളിങ് ശതമാനം : 80.68
∙ഭൂരിപക്ഷം: 31,032
∙ഡോ.ടി.എം.തോമസ് ഐസക് (സിപിഎം): 83,211
∙ലാലി വിൻസെന്റ് (കോൺഗ്രസ്): 52,179
∙രൺജിത് ശ്രീനിവാസ് (ബിജെപി): 18,214
∙പി.എ.സുലൈമാൻ കുഞ്ഞ് ( എസ്ഡിപിഐ): 703
∙കെ.മുജീബ് ( പിഡിപി ): 481
∙കെ.എ.വിനോദ് (എസ്യുസിഐ): 244
∙കെ.പി.പ്രേംജി(സ്വത): 149
∙പ്രശാന്ത് (സ്വത): 113
∙നോട്ട: 856
English Summary: Alappuzha Constituency Election Results