സിപിഎം സ്ഥാനാർഥി എച്ച്. സലാമിനെ ജയിപ്പിച്ച് അമ്പലപ്പുഴ ഇത്തവണയും ഇടത്തേക്കു ചാഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി എം. ലിജുവിനെ 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഐതിഹാസിക സമരഭൂമി പുന്നപ്ര ഉൾപ്പെടുന്ന അമ്പലപ്പുഴയിൽ 1967 ലെ ആദ്യ തിരഞ്ഞെടുപ്പിൽ ജയിച്ചത് വി.എസ്. അച്യുതാനന്ദനായിരുന്നു. 70 ലും വിജയം ആവർത്തിച്ച വിഎസിന് പക്ഷേ 1977 ൽ മൂന്നാം മൽസരത്തിൽ അടിതെറ്റി; ആർഎസ്പിയുടെ കെ.കെ. കുമാരപിള്ളയ്ക്കു മുന്നിൽ. പിന്നീട് പി.കെ. ചന്ദ്രാനന്ദനും സുശീല ഗോപാലനുമൊക്കെ മൽസരിച്ചു ജയിച്ച അമ്പലപ്പുഴയിൽ 2006 മുതൽ മൂന്നു വട്ടം ജി. സുധാകരനായിരുന്നു ജയിച്ചുകയറിയത്.
രണ്ടു ടേം നിബന്ധയുടെ പേരിൽ ഇത്തവണ സുധാകരനു മാറിനിൽക്കേണ്ടിവന്നപ്പോൾ സിപിഎം പകരം നിയോഗിച്ചത് ജില്ലാ കമ്മിറ്റിയംഗം എച്ച്. സലാമിനെയാണ്. സുധാകരന്റെ പിന്തുണയോടെ സലാം പോരാട്ടത്തിനിറങ്ങിയപ്പോൾ നേരിടാൻ കോൺഗ്രസ് നിയോഗിച്ചത് ഡിസിസി അധ്യക്ഷൻ എം. ലിജുവിനെ. 2011 ൽ ലിജു ഇവിടെ സുധാകരനോടു മൽസരിച്ചു പരാജയപ്പെട്ടിരുന്നു. എൻഡിഎയുടെ സ്ഥാനാർഥിയെച്ചൊല്ലി മുന്നണിയിലും ബിജെപിയിലുമുണ്ടായ തർക്കങ്ങൾക്കൊടുവിൽ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് മൽസരിക്കാനെത്തി.
ഇടതുമുന്നണി മേൽക്കെ അവകാശപ്പെടുമ്പോഴും ഇത്തവണ മണ്ഡലത്തിൽ പ്രചാരണം കടുപ്പമായിരുന്നു. തീരമേഖലയിലെ പ്രശ്നങ്ങളും മൽസ്യത്തൊഴിലാളികളുടെ ദുരിതവും മൽസ്യബന്ധനക്കരാറുമൊക്കെ സജീവചർച്ചയായി. മണൽ ഖനനവും ഹാർബറിന്റെ പ്രവർത്തനം നിലച്ചതും തോട്ടപ്പള്ളി സ്പിൽവേയിലെ ഡ്രജിങ്ങുമൊക്കെയായിരുന്നു മണ്ഡലത്തിലെ സജീവ വിഷയങ്ങൾ.
മന്ത്രിയെന്ന നിലയിൽ ജി. സുധാകരന്റെ പ്രവർത്തനവും വ്യക്തിപ്രഭാവവും സഹായിക്കുമെന്നും സർക്കാരിന്റെ ജനക്ഷേമ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വോട്ടാകുമെന്നും ഇടതുമുന്നണി കണക്കുകൂട്ടി. തീരമേഖലയിലെ പ്രശ്നങ്ങൾക്കടക്കം സർക്കാർ പരിഹാരം കണ്ടില്ലെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് പ്രചാരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ മേൽക്കൈ ഇത്തവണ ഗുണം ചെയ്യുമെന്നും കരുതി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലുണ്ടായ വോട്ടുവളർച്ച ഗുണകരമാകുമെന്നു വിലയിരുത്തിയ എൻഡിഎ ഇത്തവണ ന്യൂനപക്ഷ വോട്ടുകളും ലക്ഷ്യമിട്ടിരുന്നു.
വോട്ടെടുപ്പിനു ശേഷം പക്ഷേ സിപിഎമ്മിൽ തീയും പുകയുമുയർന്നു. സുധാകരൻ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയെന്നും മാപ്പു പറയണമെന്നും മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലെ മുൻ അംഗവും സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി അംഗവുമായ ജി.വേണുഗോപാലിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതോടെ വിവാദം കനത്തു. സംഗതി ഒത്തുതീർപ്പാക്കാൻ പാർട്ടി നേതൃത്വം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം, തന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ ചില പൊളിറ്റിക്കൽ ക്രിമിനലുകൾ ശ്രമിക്കുനെന്നായിരുന്നു സുദാകരന്റെ പ്രതികരണം. തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു പിന്നാലെ, ഈ വിവാദം പാർട്ടിയിൽ എങ്ങനെയാവും പ്രതിഫലിക്കുകയെന്ന് കണ്ടറിയണം.

2016 ലെ ഫലം
∙ആകെ വോട്ടർമാർ: 1,68,949
∙പോൾ ചെയ്ത വോട്ട്:1,33,294
∙പോളിങ് ശതമാനം: 78.90
∙ഭൂരിപക്ഷം: 22,621
∙ജി. സുധാകരൻ ( സിപിഎം): 63,069
∙ഷേക്ക് പി.ഹാരിസ് (ജെഡിയു): 40,448
∙എൽ.പി. ജയചന്ദ്രൻ (ബിജെപി ): 22,730
∙ കെ.എസ്. ഷാൻ (എസ്ഡിപിഐ) 1622
∙ആർ.അർജുൻ (എസ്‍യുസിഐ): 1439
∙നാസർ പൈങ്ങാമഠം (സ്വത): 1053
∙എ.അൻസാരി (പിഡിപി): 931
∙നാസർ ആറാട്ടുപുഴ (വെൽഫെയർ പാർട്ടി): 878
∙ജോസഫ് കുറ്റിക്കാടൻ(സ്വത): 266
∙പി.ജി.സുഗുണൻ (സ്വത):231
∙നോട്ട: 627
English Summary: AmbAmbalappuzha Constituency Election Results