ചേർത്തല ഇടതുമുന്നണിക്കു തന്നെ. സിപിഐ സ്ഥാനാർഥി പി. പ്രസാദ് കോൺഗ്രസ് സ്ഥാനാർഥി എസ്. ശരത്തിനെ 7592 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.
മണ്ഡല പുനർനിർണയത്തിനു ശേഷം 2011 ൽ നിലവിൽ വന്ന ചേർത്തല മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും സിപിഐയാണ് ജയിച്ചത്. അതിനു മുമ്പുള്ള ഒരു ടേം കൂടി കണക്കിലെടുത്താൽ പി. തിലോത്തമൻ ഹാട്രിക് വിജയം നേടിയ മണ്ഡലത്തിലാണ് ഇത്തവണ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി. പ്രസാദിനെ എൽഡിഎഫ് മൽസരത്തിനിറക്കിയത്.
2016 ൽ തിലോത്തമനോടു പരാജയപ്പെട്ട യുവ നേതാവ് എസ്. ശരത്തിനെത്തന്നെ കോൺഗ്രസ് സ്ഥാനാർഥിയാക്കി. എന്നാൽ എൻഡിഎയുടെ സ്ഥാനാർഥിപ്രഖ്യാപനം ഇടതുക്യാംപിനെ അമ്പരപ്പിച്ചു. സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റിയംഗമായിരുന്ന പി.എസ്. ജ്യോതിസിനെയാണ് ബിഡിജെഎസ് ടിക്കറ്റിൽ എൻഡിഎ മൽസരിപ്പിച്ചത്.
തീരമേഖലയിലെ പ്രശ്നങ്ങളടക്കം ചർച്ചയായ മണ്ഡലത്തിൽ തിലോത്തമൻ നടത്തിയ വികസനങ്ങളും ഇടതു സർക്കാരിന്റെ നേട്ടങ്ങളുമായിരുന്നു ഇടതു പ്രചാരണത്തിന്റെ കാതൽ. പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിൽ പി. പ്രസാദിന്റെ ഇടപെടലുകളും എൽഡിഎഫ് ഉയർത്തിക്കാട്ടി. കഴിഞ്ഞ വട്ടം തോറ്റിട്ടും മണ്ഡലത്തിൽ നിറഞ്ഞുനിന്ന ശരത്തിന്റെ പ്രവർത്തന മികവിൽ വിശ്വാസമർപ്പിച്ചായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. മൽസ്യബന്ധന കരാറടക്കമുള്ള വിഷയങ്ങളുന്നയിച്ചായിരുന്നു യുഡിഎഫ് വോട്ടു തേടിയത്.
ജ്യോതിസിന്റെ സ്ഥാനാർഥിത്വം അപ്രതീക്ഷിത നേട്ടം കൊണ്ടുവരുമെന്ന് എൻഡിഎ കരുതി. സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെയും രണ്ടു മുന്നണികളുടെയും വീഴ്ചകൾ ചൂണ്ടിക്കാട്ടിയും കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചുമാണ് ബിജെപി വോട്ടു ചോദിച്ചത്.
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 2,04,830
∙പോൾ ചെയ്ത വോട്ട് : 1,77,655
∙പോളിങ് ശതമാനം : 86.73
∙ഭൂരിപക്ഷം

∙പി. തിലോത്തമൻ ( സിപിഐ ): 81,197
∙എസ്.ശരത് (കോൺഗ്രസ്): 74,001
∙പി.എസ്.രാജീവ് (ബിഡിജെഎസ്): 19,614
∙സി.പി. തിലകൻ ( ബിഎസ്പി ): 845
∙എസ്.ശരത് (സ്വത): 639
∙സോണിമോൻ കെ.മാത്യു (സ്വത ):348
∙വയലാർ രാജീവൻ(സ്വത ):174
∙കെ.വി.ജോസഫ്(സ്വത ):150
∙നോട്ട:687
English Summary: Cherthala Constituency Election Results