ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്ക് ഹാട്രിക് ജയം. സിപിഐ സ്ഥാനാർഥി ആർ. സജിലാലിനെ 13,666 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല വീഴ്ത്തിയത്.
ഇരുമുന്നണികളെയും ജയിപ്പിച്ചിട്ടുള്ള ഹരിപ്പാട്ട് ഹാട്രിക് വിജയം തേടിയാണ് ഇത്തവണ രമേശ് ചെന്നിത്തല ഇറങ്ങിയത്. 1982ൽ കന്നി മൽസരത്തിൽ ചെന്നിത്തലയെ ജയിപ്പിച്ചിട്ടുണ്ട് ഹരിപ്പാട്. ആ ടേമിൽത്തന്നെ, 1986ൽ മന്ത്രിയുമായി. 1987ലും 2011ലും ഹരിപ്പാട്ടുനിന്ന് രമേശ് വിജയിച്ചു. 2014ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയുമായി. 2016ൽ, മണ്ഡലത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവുമുയർന്ന ഭൂരിപക്ഷം – 18621 വോട്ട് – നേടി ഹരിപ്പാട്ടു വിജയം തുടർന്ന ചെന്നിത്തല പ്രതിപക്ഷ നേതാവായി.
ഇത്തവണ വിജയം ഉറപ്പാക്കിയാണ് രമേശ് ചെന്നിത്തലയും കോൺഗ്രസും മൽസരത്തിനിറങ്ങിയത്. ചെന്നിത്തലയെ വീഴ്ത്തി മണ്ഡലം പിടിക്കാൻ എൽഡിഎഫ് നിയോഗിച്ചത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാലിനെയാണ്. അതിനെച്ചൊല്ലി സിപിഐയിൽ തർക്കമുണ്ടായെങ്കിലും പിന്നീട് പാർട്ടിയും ഇടതുമുന്നണിയും ഒറ്റക്കെട്ടായി പ്രചാരണത്തിൽ സജീവമായി. 2016 ൽ ബിജെപി തീർത്തും മോശം പ്രകടനം നടത്തിയ മണ്ഡലത്തിൽ ഇത്തവണ പാർട്ടി സ്ഥാനാർഥിയാക്കിയത് ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമനെയാണ്.
2016 ൽ 51.16 ശതമാനം വോട്ടു നേടിയതിന്റെ ആത്മവിശ്വാസവുമായാണ് രമേശ് ചെന്നിത്തല മൽസരിക്കാനിറങ്ങിയത്. ഹരിപ്പാടുമായുള്ള ആത്മബന്ധവും മണ്ഡലത്തിലെമ്പാടുമുള്ള വ്യക്തിപരമായ ബന്ധങ്ങളും അടുപ്പവും ഇത്തവണയും സഹായിക്കുമെന്നു യുഡിഎഫ് ക്യാംപ് കണക്കുകൂട്ടി. സ്വർണക്കടത്ത്, പിൻവാതിൽ നിയമനം, ശബരിമല മുതൽ ലൈഫ് മിഷനും മൽസ്യബന്ധനക്കരാറും വരെയുള്ള വിഷയങ്ങളുമായാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങിയത്. ഇക്കാര്യങ്ങളിലെല്ലാം ചെന്നിത്തല നടത്തിയ സജീവ ഇടപെടൽ വോട്ടർമാരെ സ്വാധീനിക്കുമെന്നുതന്നെ മുന്നണി കരുതി. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി അലട്ടുകയും ചെയ്തു.
മറുവശത്ത്, തദ്ദേശ തിരഞ്ഞെടുപ്പിൽ നടത്തിയ പ്രകടനത്തിലായിരുന്നു ഇടതുമുന്നണിയുടെ പ്രധാന പ്രതീക്ഷ. പിണറായി സർക്കാർ നടത്തിയ ജനക്ഷേമ പരിപാടികളുടെയും വികസനങ്ങളുടെയും പേരിലായിരുന്നു ഇടതു പ്രചാരണം.

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മോശം പ്രകടനം നേട്ടമായത് എൻഡിഎയ്ക്കാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയതിന്റെ ഇരട്ടിയിലധികം വോട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പെട്ടിയിൽ വീണത്. ആ നേട്ടം തുടരുകയെന്ന വെല്ലുവിളിയായിരുന്നു പാർട്ടിയുടെ മുന്നിലുണ്ടായിരുന്നത്. പ്രചാരണത്തിന് യോഗി ആദിത്യനാഥ് എത്തിയത് ഗുണം ചെയ്യുമെന്നും ബിജെപി കരുതി.
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,88,651
∙പോൾ ചെയ്ത വോട്ട് : 1,48,832
∙പോളിങ് ശതമാനം : 78.89
∙ഭൂരിപക്ഷം: 18,621
∙രമേശ് ചെന്നിത്തല (കോൺഗ്രസ്): 75,980
∙പി.പ്രസാദ് (സിപിഐ): 57,359
∙ഡി.അശ്വിനി ദേവ് (ബിജെപി): 12,985
∙വർക്കല രാജ് (പിഡിപി): 623
∙അസ്ഹാബുൾ ഹഖ് (എസ്ഡിപിഐ): 512
∙സി.ബാലകൃഷ്ണൻ (ബിഎസ്പി ): 417
∙സിദ്ധാർഥൻ കരുവാറ്റ ( സ്വത): 149
∙എ. മുഹമ്മദ് (എസ്യുസിഐ): 147
∙സമുദായത്തിൽ രവി ആർ.ഉണ്ണിത്താൻ (സ്വത): 93
∙പ്രദീപ് കരിപ്പുഴ (സ്വത): 87
∙ബി.സതീഷ് കുമാർ ( സ്വത ): 75
∙ഡി.പ്രസൂൽ പ്രകാശ് ( സ്വത): 46
∙പ്രസാദ് (സ്വത): 38
∙നോട്ട: 321
English Summary: Haripad Constituency Election Results